ലയണൽ മെസി യൂറോപ്പ് വിട്ട് ഇന്റർ മയാമിയിലേക്ക് ചേക്കേറിയപ്പോൾ അതൊരു വിരമിക്കൽ കാലത്തിന്റെ തുടക്കമായാണ് പലരും കണ്ടത്. എന്നാല്‍, അമേരിക്കയില്‍ അര്‍ജന്റീന കിരീടമുയര്‍ത്തിയാല്‍ മെസിയുടെ തീരുമാനത്തെ ചരിത്രം വിലയിരുത്തുക ഒരു പടിയിറക്കമായല്ല, മറിച്ച്, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ബുദ്ധിപരമായ കരിയർ നീക്കങ്ങളിലൊന്നായിട്ടാവും.
യൂറോപ്യൻ ഫുട്ബോളിന്റെ തീവ്രത ഉപേക്ഷിച്ചാണ് 2023ൽ ലയണല്‍ മെസി ഇന്റർ മയാമിയിൽ ചേർന്നത്. അർജന്റീനയെ തുടർച്ചയായ രണ്ടാം ലോക കിരീടത്തിലേക്ക് നയിച്ചാൽ മെസിയുടെ അമേരിക്കൻ കൂടുമാറ്റം ഒരു മാസ്റ്റർസ്ട്രോക്കായി വിലയിരുത്തപ്പെടും. പ്രായമായാലും പ്രതിഭ അതുപോലെ നിലനിൽക്കും, പക്ഷേ ശരീരം മാറും എന്ന തിരിച്ചറിവായിരിക്കാം മാറ്റത്തിന് പ്രചോദനമായത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാവുക എന്നതായിരുന്നില്ല അടുത്ത ലോകകപ്പ് വരുമ്പോൾ ലോകത്തിലെ മികച്ച കളിക്കാരനായി തുടരാൻ തക്ക ആരോഗ്യത്തോടെയിരിക്കുക എന്നതായിരുന്നു പ്രധാനം.
കിരീടപ്പോരാട്ടങ്ങളും ചാംപ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടുകളും നിറഞ്ഞ മറ്റൊരു യൂറോപ്യൻ സീസണിലൂടെ കടന്നുപോകുന്നതിനു പകരം ഏറ്റവും വലിയ നിമിഷങ്ങൾക്കായി സ്വയം കാത്തുസൂക്ഷിക്കുക എന്നതിലേക്ക് ശ്രദ്ധ മാറ്റി. മൂന്നു വർഷത്തെ അമേരിക്കന്‍ ജീവിതം ലോകകപ്പ് സ്റ്റേഡിയങ്ങൾ, കാലാവസ്ഥ, എന്നിവയുമായി സുപരിചിതനാക്കി. മത്സരത്തേക്കാൾ സൗകര്യത്തിനാണ് മെസ്സി പ്രാധാന്യം നൽകിയതെന്ന് വിമർശകർ വാദിച്ചിരുന്നു. എന്നാൽ, അർജന്റീന കിരീടം നിലനിർത്തിയാൽ മയാമിയിലേക്കുള്ള മാറ്റം ഒരു വിരമിക്കൽ പദ്ധതിയായി ആരും കാണില്ല. അതൊരു തയാറെടുപ്പായി വിലയിരുത്തപ്പെടും. ഫുട്ബോൾ ചരിത്രത്തിലെ അവസാന പടയോട്ടത്തിനുള്ള തയാറെടുപ്പ്.