കവിതയ്ക്ക് ഛന്ദസ്സ് ഉണ്ടായതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ചന്ദസ്സല്ല കവിത. ഛന്ദസ്സ് ഒരുകാലഘട്ടത്തിന്‍റെ സ്കൂളാണ്. അതായത് വൈയക്തീകമായ കവിതയും ഛന്ദസ്സ് കവിതയും ഒരുപോലല്ലെന്ന്....
കാല്‍പ്പന്തുകൊണ്ട് കളത്തില്‍ കവിത രചിക്കുന്നവരാണല്ലോ കളിക്കാര്‍. ചില രാജ്യക്കാര്‍ അതില്‍ അതിനിപുണരുമാ്. നിനക്ക് എന്‍റെ മുകളില്‍ നടക്കാനേ കഴിയില്ലെന്ന് പറയുന്നവര്‍. ലോകകപ്പില്‍ എല്ലാടീമുകളും ഓരോ മല്‍സരം പൂര്‍ത്തിയാക്കി. എന്നാല്‍ ഫുട്ബോളെന്ന കവിതയുടെ അപ്പോസ്തലന്‍മാരില്‍ ചിലര്‍ ആദ്യ കളിയിയില്‍ വാക്കുകിട്ടാതെ ഉഴലുന്നതുകണ്ടു.
വമ്പന്‍മാരില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മ്മനിയും മാത്രമാണ് ആരാധക ആശയ്ക്കൊത്തു നീങ്ങിയത്. സ്പെയിനും നെതര്‍ലന്‍ഡ്സും ബ്രസീലും പോര്‍ച്ചുഗലും ആദ്യകളിയില്‍ ഫാന്‍സിനെ തീര്‍ത്തും നിരാശപ്പെടുത്തി. അടുത്ത കളിയ്ക്കായി കട്ടവെയ്റ്റിങിലാണ് അവര്‍ക്കായി ആര്‍പ്പുവിളിച്ചവര്‍.
ജേതാക്കളല്ല, ഞെട്ടിച്ചവരാണ് കളിക്കമ്പക്കാരുടെ ഇഷ്ടം നേടിയത്. കളി ആദ്യഘട്ടം പിന്നിടുമ്പോള്‍ ചായച്ചര്‍ച്ചകളില്‍ നിറയുന്നതും ആ കുഞ്ഞന്‍മാര്‍ തന്നെ. കാബോ വെര്‍ദെയെക്കുറിച്ചുപറഞ്ഞിട്ട് ആര്‍ക്കുമങ്ങ് മതിവരുന്നില്ല. വൊസീഞ്ഞോയുടെയും സംഘത്തിന്‍റെയും അടുത്തമാച്ചിന് കാത്തിരിക്കുകയാണ് കളിയാരാധകര്‍. അവര്‍ സമനിലയില്‍ തളച്ചത് വിശ്വജേതാക്കളാകാന്‍ വന്നവരില്‍ മുമ്പന്‍മാരായ സ്പെയിനിനെ ആണെന്നത് തന്നെകാരണം.
കോംഗോയും ഇന്ത്യന്‍ വംശജന്‍ സാമുവല്‍ മുത്തുസ്വാമിയും ആരാധകമനം നിറച്ചവരുടെ പട്ടികയിലുണ്ട്. കോംഗോ തളച്ചത് എതിരാളിയെ പേടിപ്പെടുത്തുന്ന താരനിരയുമായെത്തിയ പോര്‍ച്ചുഗലിനെ ആയിരുന്നല്ലോ. ചാമ്പ്യന്‍മാരാകുമെന്ന കണക്കുകൂട്ടലില്‍ മുന്‍നിരയിലുള്ള നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ തളച്ച ജപ്പാനും ആദ്യകളിയില്‍ ഗാലറിയെ ത്രസിപ്പിച്ചിട്ടുണ്ട്.
സ്വിറ്റ്സര്‍ലണ്ടിനെ ഖത്തര്‍ സമനിലയില്‍ പിടിച്ചതും യുറഗ്വായെ കെട്ടിയിട്ട സൗദി അറേബ്യയുടെ പ്രകടനവും ആദ്യഘട്ടത്തില്‍ ആരാധകമനം കവര്‍ന്ന കളിയായിരുന്നു. യുഎസ്എ, ഈജിപ്ത് തുടങ്ങിയവര്‍ക്കായും കാത്തിരിക്കുന്നവരുണ്ട്. വൃത്തകവിതയുടെ കാലം കഴിഞ്ഞതറിഞ്ഞവര്‍ക്കാകും അന്തിമജയം എന്നാണ് കളിയാസ്വദകരുടെ വിലയിരുത്തല്‍.