ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളായ ഫ്രാന്‍സ് രണ്ടാം മല്‍സരത്തിന് ഇറങ്ങുന്നു. ഇറാഖാണ് എതിരാളികള്‍. കണക്കിലും കളിയിലും ഏറെ മുന്നിലാണ് ഫ്രാന്‍സ്. ക്ലോസെ–മെസി റെക്കോര്‍ഡ് എംബാപെ നാളെ തകര്‍ക്കുമോയെന്നാണ് ആകാംഷ. ലോകകപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനാകാന്‍ എംബാപേക്ക് വേണ്ടത് വെറും 3 ഗോളുകളാണ്. അതേസമയം, ലോകകപ്പിലെ ആദ്യജയം ലക്ഷ്യമിട്ടാണ് ഇറാഖ് ഇറങ്ങുന്നത്. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നാളെ പുലര്‍ച്ചെ 2.30നാണ് മല്‍സരം.

സമ്പന്നമായ പ്ലേയിങ് ഇലവനും സബ്സറ്റിറ്റ്യൂഷന്‍ ബെഞ്ചും. ആദ്യ മല്‍സരത്തില്‍ തന്നെ സെനഗലിനെതിരെ ആധികാരിക ജയം. സ്റ്റാര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപെ ഡബിള്‍ അടിച്ച് കിടിലന്‍ ഫോമില്‍. എണ്ണയിട്ട യന്ത്രം പോലോടുന്ന മധ്യനിരയും അടച്ചുറപ്പുള്ള പ്രതിരോധവും. ഇറാഖിനെതിരെ ഇറങ്ങുമ്പോള്‍ ടീമിന് ആശങ്കകളൊന്നുമില്ല. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ കോണ്‍ഫിഡന്റാണ്, പക്ഷേ എതിരാളികളെ വിലകുറച്ചു കാണുന്നുമില്ല. അങ്ങനെ കണ്ടതിന്റെ ഫലം മുന്‍ ലോകചാംപ്യന്മാരായ സ്പെയ്ന്‍ വരെ അനുഭവിച്ചറി‍ഞ്ഞിട്ടുണ്ട്. ഫ്രഞ്ച് താരം വില്യം സലിബയുടെ വാക്കുകളില്‍ അത് വ്യക്തമാണ്. ലോകകപ്പില്‍ ഇടം നേടാന്‍ ബൊളിവിയയെ പരാജയപ്പെടുത്തിയ, സൗഹൃദ മല്‍സരത്തില്‍ സ്പെയ്നിനെ സമനിലയില്‍ തളച്ചവരാണ് ഇറാഖ്. അതിനാല്‍, മികച്ച മല്‍സരമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് സലിബ വ്യക്തമാക്കുന്നു. 

മറുവശത്ത് നോര്‍വേയോടേറ്റ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് അടുത്ത കടുവാ കൂട്ടിലേക്ക് ഇറാഖ് എത്തുന്നത്. ലോകകപ്പില്‍ ഇതുവരെ ജയിച്ചിട്ടില്ലാത്ത ടീം ഫ്രാന്‍സിനെതിരെ ഒരു സമനിലയെങ്കിലും പിടിച്ചാല്‍ അത് ജയത്തിന് തുല്യമായിരിക്കും. 1986ലാണ് ഇതിന് മുന്‍പ് ഇറാഖ് ലോകകപ്പ് കളിച്ചിട്ടുള്ളത്. വലിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഈ ലോകകപ്പിലേക്ക് അവര്‍ ക്വാളിഫൈ ചെയ്തത്. ആ പോരാട്ടവീര്യം പുറത്തെടുക്കാനായാല്‍ ഇറാഖിന് ചരിത്രം സൃഷ്ടിക്കാം.

ENGLISH SUMMARY:

France's upcoming World Cup match against Iraq is highly anticipated, with France being the strong favorites. Kylian Mbappe is on the verge of breaking a significant World Cup goal-scoring record, needing just three more goals to achieve this milestone.