ബ്രസീലിന് ആശങ്കയായി റഫീഞ്ഞയുടെ പരുക്ക്. ഹാം സ്ട്രിങ്ങ് ഇഞ്ചുറിയെന്ന് സ്ഥിരീകരിച്ചതോടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി. ഹെയ്റ്റിക്കെതിരെ ഇന്നലെ നടന്ന മല്‍സരത്തിലാണ് റഫീഞ്ഞയ്ക്ക് പരുക്കേറ്റത്. ലോകകപ്പില്‍ ബ്രസീലിന് തിരിച്ചടികള്‍ തീരുന്നില്ല. നെയ്മര്‍ തിരിച്ചെത്തുമ്പോള്‍ റഫീഞ്ഞ പുറത്തേക്ക്. ഹെയ്റ്റിക്കെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് വൈദ്യസഹായം തേടിയ ശേഷം റാഫീഞ്ഞ കളം വിട്ടത്. 

തുടയിലെ പേശികള്‍ക്കാണ് റഫീഞ്ഞയ്ക്ക് പരുക്കേറ്റത്. ചികില്‍സ തേടുന്ന താരത്തിന് അടുത്തമല്‍സരത്തില്‍ കളിക്കാനാകില്ല. പരിശോധനയിൽ പരുക്കുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും ടൂർണമെന്റിൽനിന്ന് പുറത്താകുന്നത്ര സാരമുള്ളതല്ലെന്ന് വ്യക്തമായി. കുറഞ്ഞ സമയത്തിനുള്ളിൽ കളിക്കളത്തിൽ തിരിച്ചെത്താൻ റാഫീഞ്ഞ തീവ്രമായ ചികിത്സാ രീതികൾക്ക് വിധേയനാകുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ കോൺഫെഡറേഷൻ അറിയിച്ചു. ലോകകപ്പിൽ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ റഫീഞ്ഞയ്ക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. 

എന്നാല്‍ റഫീഞ്ഞ എപ്പോൾ തിരിച്ചെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് റഫീഞ്ഞയ്ക്ക് തുടയിലെ പേശികൾക്ക് പരിക്കേൽക്കുന്നത്. കഴിഞ്ഞ സീസണിൽ ബാർസിലോനയ്ക്കുവേണ്ടി 23 മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഫ്രാൻസിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയായിരുന്നു ഇതിനു മുൻപ് താരത്തിന് പരിക്കേറ്റത്. അന്ന് ഒരു മാസത്തിലധികം അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ഹെയ്റ്റിക്കെതിരായ മല്‍സരത്തില്‍ റഫീഞ്ഞയ്ക്ക് പകരക്കാരനായി ഇറങ്ങിയത് വിങ്ങർ റയാൻ ആയിരുന്നു. ബുധനാഴ്ച മയാമി ഗാർഡൻസിൽ സ്കോട്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത ഗ്രൂപ്പ് ഘട്ട മത്സരം. 

ENGLISH SUMMARY:

Raphinha injury casts a shadow over Brazil's World Cup campaign, with his hamstring issue making his return uncertain. The talented winger sustained the injury during the match against Haiti, adding to Brazil's World Cup woes as Neymar makes his comeback.