സന്തിയാഗോ ബെർണബ്യൂവിലെ ഭാവിയെച്ചൊല്ലി അഭ്യൂഹങ്ങൾ തുടരുമ്പോഴും പുതിയ പരിശീലകൻ മൗറീഞ്ഞോയുടെ കീഴിൽ പുഞ്ചിരിയോടെ പരിശീലനത്തിനിറങ്ങി റയൽ മഡ്രിഡ് താരം വിനീസ്യൂസ് ജൂനിയർ. റയൽ മഡ്രിഡ് മുന്നേറ്റനിരയുടെ നെടുംതൂണായിരുന്ന 26-കാരൻ, ആർസനലിലേക്ക് ചേക്കേറിയേക്കുമെന്ന വാർത്തകൾക്കിടയിലും പുതിയ പരിശീലകനു കീഴിലുള്ള പ്രീ-സീസൺ പരിശീലനം തുടങ്ങി.
മൗറീഞ്ഞോയുടെ അടുത്തസീസണിലേക്കുള്ള പദ്ധതിയില്‍ വിനീസ്യൂസ് ‘ബെഞ്ചില്‍’ എന്നാണ് പരിശീലകന്‍ നല്‍കുന്ന സൂചന. പരിശീലനം നന്നായി പോകുന്നുവെന്നും പുതിയ പരിശീലകനെയും കളിക്കാരെയും അടുത്തറിയാനും കഠിനമായി പരിശീലിക്കാനും സാധിച്ചെന്നും വിനീസ്യൂസ് പറഞ്ഞു. റയലുമായുള്ള കരാറിന്‍റെ അവസാന വർഷത്തിലാണ് താരം. റയലിനായി 128 ഗോളുകൾ നേടുകയും 100 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത വിനീസ്യൂസിനെ വെറുതെ വിട്ടുകൊടുക്കാൻ ക്ലബ്ബിന് താൽപര്യമില്ല.
ആര്‍സനലിന് വിട്ടുകൊടുക്കാന്‍ 170 ദശലക്ഷം യൂറോ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രീമിയർ ലീഗ് ജേതാക്കളായ ആർസനൽ താരത്തെ എങ്ങനെയും ടീമിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ റയലില്‍ താരത്തെ നിലനിര്‍ത്താള്ള ശ്രമം വിജയം കണ്ടിട്ടില്ല. ക്ലബ്ബും താരവും തമ്മിലെ ചർച്ചകൾ വഴിമുട്ടി നില്‍ക്കുന്നു. റയല്‍ മഡ്രിഡിന്‍റെ പേജ് വിനീസ്യൂസ് അണ്‍ ഫോളോ ചെയ്തെന്നും സൂചനയുണ്ട്.