2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ തകർത്ത് സ്വിറ്റ്സർലൻഡിന് തകർപ്പൻ ജയം. പകരക്കാരായി ഇറങ്ങിയ താരങ്ങൾ കളം നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് വിജയക്കൊടി പാറിച്ചത്. പകരക്കാരനായി ഇറങ്ങി രണ്ടാം പകുതിയിൽ യൊഹാൻ മൻസാംബി നേടിയ ഇരട്ട ഗോളുകളാണ് ജയമൊരുക്കിയത്.

ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ പകുതിവരെയും മികച്ച പ്രതിരോധമാണ് ബോസ്നിയയും സ്വിറ്റ്സർലൻഡും കാഴ്ചവെച്ചത്. എന്നാൽ 70-ാം മിനിറ്റിനുശേഷം പകരക്കാരായി മൈതാനത്തെത്തിയ യൊഹാൻ മൻസാംബിയും റൂബൻ വർഗാസും സ്വിസ് ടീമിന്റെ തലവര മാറ്റുകയായിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം, 74-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കളത്തിലിറങ്ങി മൂന്നാം മിനിറ്റിലാണ് തകർപ്പൻ വോളിയിലൂടെ മൻസാംബി സ്വിസ് ടീമിനെ മുന്നിലെത്തിച്ചത്. റൂബൻ വർഗാസിന്റെ മനോഹരമായ പാസില്‍ നിന്നായിരുന്നു ഗോള്‍.

80ാം മിനിറ്റില്‍ ബോസ്നിയന്‍ താരം മുഹറെമോവിച്ച് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ സ്വിറ്റ്സര്‍ലന്‍ഡ് സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. സ്വിസ് താരം ബ്രീൽ എംബോളോയെ ഫൗൾ ചെയ്തതിനാണ് മുഹറെമോവിച്ച് പുറത്തായത്. 83–ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ രണ്ടാമത്തെ ഗോൾ പിറന്നു. ബോക്സിനകത്തു നിന്നും എംബോളോ നൽകിയ ക്രോസ് റൂബൻ വർഗാസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

പത്തുമിനിറ്റിനകം മന്‍സാംബി വീണ്ടും ബോസ്നിയന്‍ വലകുലുക്കി. ഇഞ്ചുറി ടൈമില്‍ (90+7) ഗ്രാനിറ്റ് സാക്കാ പെനല്‍റ്റിയിലൂടെ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇതിനിടെ ഇഞ്ചുറി ടൈമില്‍ (90+3) തന്നെയാണ് ബോസ്നിയയുടെ ഗോളും പിറന്നത്. എർമിൻ മാഹ്മികിന്‍റെ വകയായിരുന്നു ബോസ്നിയയുടെ ഏക ആശ്വാസ ഗോൾ.

വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ബി-യിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ ഖത്തറിനോട് അവർ സമനില വഴങ്ങിയിരുന്നു. അതേസമയം, ആദ്യ മത്സരത്തിൽ കാനഡയോട് സമനില പാലിച്ച ബോസ്നിയയ്ക്ക് നോക്കൗട്ട് സാധ്യതകൾ നിലനിർത്താൻ അടുത്ത മത്സരത്തിൽ വമ്പൻ വിജയം അനിവാര്യമാണ്.

ENGLISH SUMMARY:

Switzerland solidified their position at the top of Group B in the 2026 FIFA World Cup following a convincing 4-1 victory over Bosnia and Herzegovina. After a goalless first half, the deadlock was finally broken in the 74th minute by substitute Yohan Manzambi, who scored a spectacular volley shortly after entering the pitch. The match swung decisively in Switzerland's favor in the 80th minute when Bosnia’s Muharemovic was sent off for a foul on Breel Embolo. Capitalizing on their numerical advantage, Ruben Vargas doubled the lead in the 83rd minute, followed by Manzambi’s second goal of the match. Granit Xhaka sealed the victory with a penalty in stoppage time, while Ermin Mahmić scored a late consolation goal for Bosnia. This crucial win brings Switzerland to four points, putting them at the top of the group standings and keeping their momentum alive. Meanwhile, Bosnia faces a must-win scenario in their final group match to keep their knockout stage dreams alive.