vinicius-junior

ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍ നാളെ നിര്‍ണായക മല്‍സരത്തിനിറങ്ങുന്നു. ആദ്യ മല്‍സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ കാനറികള്‍ക്ക് നോക്കൗട്ടിലെത്താന്‍ ഹെയ്തിക്കെതിരെ മികച്ച വിജയം വേണം. പരുക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്ത നെയ്മാര്‍ കളിക്കില്ലെന്ന് ഉറപ്പായതിനാല്‍ വിനിസ്യൂസ് ജൂനിയറിലാണ് ആരാധകരുടെ പ്രതീക്ഷ മുഴുവന്‍. നാളെ രാവിലെ ആറുമണിക്കാണ് മല്‍സരം. 

ലോകറാങ്കിങ്ങില്‍ 83 ാം സ്ഥാനത്താണ് ഹെയ്തിയെങ്കിലും കളത്തിലിറങ്ങുമ്പോള്‍ സമ്മര്‍ദം മുഴുവന്‍ ബ്രസീലിനാണ്. ആദ്യ മല്‍സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്നത് അത്രമേല്‍ പരുക്കേല്‍പിച്ചിട്ടുണ്ട്. ദുര്‍ബലമായ ബില്‍ഡപ്, കളിയൊരുക്കുന്നതിലും എതിര്‍നീക്കങ്ങള്‍ കണ്ടറിഞ്ഞ് തുടക്കത്തിലേ പ്രതിരോധിക്കുന്നതിലും അമ്പേ പരാജയപ്പെട്ട മധ്യനിര, എന്തു ചെയ്യണമെന്നറിയാതെ എന്തിനോ വേണ്ടിയോടിയ വിങ്ങര്‍മാര്‍.... യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ ബ്രസീല്‍ അതില്‍ നിന്നും മുന്നേറിയിട്ടില്ലെന്ന് തോന്നിപ്പിച്ചു മൊറോക്കോയ്ക്കെതിരെ. ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വിനീസ്യസും റഫീഞ്ഞയും ബ്രൂണോയും ചേര്‍ന്ന ചില ഒറ്റപ്പെട്ടെ നീക്കങ്ങള്‍ മാത്രം...

ഹൈ സ്കോറിങ് റിസല്‍ട്ടാണ് ഹെയ്തിക്കെതിരെ പ്രതീക്ഷ. ഹെയ്തിക്കെതിരായ കഴിഞ്ഞ മൂന്ന് കളികളില്‍ കാനറികള്‍ അടിച്ചുകൂട്ടിയത് 17 ഗോളുകളാണ്. കൃത്യമായ പദ്ധതി തയാറാക്കിയേ മതിയാകു എന്നതിനാല്‍ പ്ലേയിങ് ഇലവനില്‍ കാര്‍ലോസ് ആഞ്ചലോട്ടി മാറ്റങ്ങള്‍ക്ക് തയാറായേക്കും. മത്തേയൂസ് കുനയോ എന്‍ഡ്രിക്കോ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കാം.

അഞ്ചുതവണ ലോകചാംപ്യന്‍മാരായ എതിരാളികളാണെന്നതിനാല്‍ അമിത പ്രതീക്ഷയില്ല ഹെയ്തിക്ക്. സമ്മര്‍ദമില്ലാതെ കളിക്കാം. ആദ്യ മല്‍സരത്തില്‍ സ്കോട്്‌ലന്‍ഡിനെതിരെ ഒരു ഗോളിന് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചു. മുന്നേറ്റനിര മികവ് കാട്ടി. മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ ചെറിയ പിഴവുകള്‍ പോലും ഹെയ്തിക്ക് അവസരമാകും. മല്‍സരഫലം ബ്രസീലിന് നിര്‍ണായകമായതിനാല്‍ കളി കാര്യമാകുമെന്നുറപ്പ്.

ENGLISH SUMMARY:

Brazil enters a must-win World Cup fixture against Haiti tomorrow at 6:00 AM, desperate to secure three points after a disappointing draw against Morocco in their opening match. The team faces significant pressure, with the spotlight shifting firmly to Vinícius Júnior as star forward Neymar has been officially ruled out due to injury. Despite Haiti sitting at 83rd in the world rankings, Brazil must overcome the tactical instability and lackluster midfield performance that plagued their previous outing. Coach Carlos Ancelotti is expected to shuffle the starting eleven, with potential inclusions for Matheus Cunha or Endrick to inject much-needed offensive potency. Historically, Brazil has dominated this fixture, scoring 17 goals in their last three encounters, though they must remain wary of Haiti’s counter-attacking potential after the latter's spirited performance against Scotland. A commanding victory is essential for the five-time champions to regain their momentum and keep their tournament aspirations alive.