ronaldo-hair

 

ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്‍റെ വേദി മാത്രമല്ല, ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് കൂടിയാണ്. രാജ്യാന്തര തലത്തില്‍ പുതിയ ഹെയര്‍സ്റ്റൈലുകള്‍ ട്രെന്‍ഡാവാറ് അത് ലോകകപ്പില്‍ താരങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ്. ഈയടുത്ത് തുര്‍ക്കി താരം ബാരിഷ് അൽപെർ യിൽമാസ് ഇത്തരത്തില്‍ തന്‍റെ മുടി കാരണം വൈറലായ ആളാണ്. മഞ്ഞ മോഹോക്ക് മുടിയുമായി വന്ന താരം ഓസ്ട്രേലിയയോട് ലോകകപ്പില്‍ തോറ്റതിന് പിന്നാലെ വിമര്‍ശനങ്ങളേറ്റുവാങ്ങി ഹെയര്‍സ്റ്റൈല്‍ മാറ്റിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഏറ്റവും പ്രശസ്തമായത് ബ്രസീല്‍ താരം റൊണാള്‍ഡോ 2002ല്‍ അവതരിപ്പിച്ച ഹെയര്‍സ്റ്റൈലായിരുന്നു. ബ്രസീല്‍ ആ തവണ ലോകകപ്പടിച്ചതോടെ ഈ സ്റ്റൈല്‍ പിന്നീടങ്ങോട്ട് ലോകകപ്പിലെ അവിസ്മരണീയമായ ട്രെന്‍ഡായി മാറി. എന്നാല്‍ എന്തിനായിരുന്നു ഇത്ര വിചിത്രമായ ഒരു സ്റ്റൈയില്‍ റൊണാള്‍ഡോ അവതരിപ്പിച്ചത് എന്ന ചോദ്യത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്. 

2002 ലോകകപ്പ് ബ്രസീലിന് അനിവാര്യമായിരുന്നു. എന്നാല്‍ പ്രധാന താരമായിരുന്ന റൊണാള്‍ഡോയ്ക്ക് കാലിന് ഒരു പരുക്ക് പറ്റി. പരുക്ക് അത്ര ഗുരുതരമല്ലായിരുന്നെങ്കിലും മാധ്യമങ്ങള്‍ റൊണാള്‍ഡോയുടെ പരുക്ക് ആഘോഷിക്കുന്ന അവസ്ഥയായിരുന്നു. പരുക്കിന്‍റെ വാര്‍ത്ത ടീമിലും ബ്രസീലിലുടനീളവും നിരാശയായി പടരുകയും ചെയ്തു. റൊണാള്‍ഡോയ്ക്ക് പക്ഷെ ചെറിയ കാരണത്തിന് തന്‍റെ രാജ്യവും ടീമും നിരാശരാവുന്നത് കാണാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ തിരിച്ചുവിടണമെന്ന് റൊണാള്‍ഡോ തീരുമാനിച്ചു. പലവഴിയും ആലോചിച്ച റൊണാള്‍ഡോ ഒരു തീരുമാനത്തിലെത്തി. തന്‍റെ ഗെറ്റപ്പ് മൊത്തമായി ഒന്ന് മാറ്റണം. അതിനായി ഏറ്റവും അനായാസമായി ചെയ്യാവുന്നത് തന്‍റെ ഹെയര്‍സ്റ്റൈല്‍ മാറ്റുക തന്നെയാണെന്ന് താരം പദ്ധതിയിട്ടു. അങ്ങനെ ഇതുവരെ ലോകത്തിലാരും കാണാത്ത ട്രയാംഗിള്‍ ഹെയര്‍ സ്റ്റൈല്‍ പിറന്നു. 

മാധ്യമങ്ങളുടെ ശ്രദ്ധ പൂര്‍ണമായും പുതിയ ഹെയര്‍സ്റ്റൈലിലേക്കായി. റൊണാള്‍ഡോയുടെ പരുക്ക് എല്ലാവരും മറന്നു. ആദ്യം ആളുകള്‍ വിമര്‍ശിച്ചെങ്കിലും എട്ട് ഗോളുകളോടെ റൊണാള്‍ഡോ ആ ലോകകപ്പിലെ ടോപ്പ് സ്കോറര്‍ ആവുകയും ബ്രസീല്‍ വിജയി ആവുകയും ചെയ്തതോടെ വിമര്‍ശനം പ്രശംസയിലേക്ക് വഴിമാറി. റൊണാള്‍ഡോയുടെ ഹെയര്‍സ്റ്റൈല്‍ ലോകമെമ്പാടും വൈറലാവുകയും ചെയ്തു.

എന്നാല്‍ വിമര്‍ശനങ്ങള്‍ അവസാനിച്ചിരുന്നില്ല. ഹെയര്‍സ്റ്റൈല്‍ വൈറലായതോടെ ആഗോളതലത്തില്‍ കുട്ടികള്‍ സമാന ഹെയര്‍സ്റ്റൈല്‍ വേണമെന്ന് മാതാപിതാക്കളോട് വാശി പിടിക്കാന്‍ തുടങ്ങി. ഇത് റൊണാള്‍ഡോയുടെ കാതുകളിലുമെത്തി. പിന്നീട് വിചിത്ര ഹെയര്‍സ്റ്റൈല്‍ പ്രചരിപ്പിച്ചതിന് ലോകത്തെ മുഴുവന്‍ അമ്മമാരോടും റൊണാള്‍ഡോ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. എന്തെല്ലാം വിമര്‍ശനങ്ങളുയര്‍ന്നാലും ശ്രദ്ധ തിരിക്കാനായി ഉണ്ടാക്കിയ ആ ഹെയര്‍സ്റ്റൈല്‍ എന്നും കള്‍ട്ട് ക്ലാസിക്കായി  നിലനില്‍ക്കും എന്നതാണ് സത്യം. 

ENGLISH SUMMARY:

World Cup hairstyles are more than just a fashion statement; they often become iconic trends. Ronaldo's legendary 2002 World Cup hairstyle is a prime example of how a unique look can capture global attention and even influence public opinion.