Soccer Football - FIFA World Cup 2026 - Group L - England v Croatia - Dallas Stadium, Arlington, Texas, U.S. - June 17, 2026 England's Harry Kane celebrates scoring their second goal REUTERS/Hannah Mckay
ലോകകപ്പ് ഫുട്ബോളില്‍ കരുത്തരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം. നായകന്‍ ഹാരി കെയ്ന്‍റെ ഇരട്ട ഗോള്‍ മികവില്‍, രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകര്‍ത്തു. കളിയിലുടനീളം വേഗതയും ഒതുക്കവും തീര്‍ത്തു ഇരുകൂട്ടരും. ആക്രമണവും പ്രത്യാക്രമണവും ഒരുപോലെ. അടിയ്ക്ക് തിരിച്ചടി എന്നകണക്കെ അവസാനിച്ച ഒന്നാംപകുതി. രണ്ടുടീമും കരുതലോടെ കളിച്ചെങ്കിലും 12ആം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡെടുത്തു. നോനി മദുവെകെയെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി. ഹാരി കെയ്നെടുത്ത സ്പോട്ട് കിക്ക് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് അനായാസം തടുത്തിട്ടു. പക്ഷേ ലിവാകോവിച്ച് ഗോള്‍ ലൈനുപുറത്തു വന്നതിനാല്‍ റഫറി റീ ടേക്ക് അനുവദിച്ചു. ഇത്തവണ കെയ്ന് പിഴച്ചില്ല.
36–ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബട്ടുറിന ക്രൊയേഷ്യയ്ക്ക് സമനില നല്‍കി. എന്നാല്‍ 42–ാം മിനിറ്റില്‍ കെയ്ന്‍ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യപകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ പീറ്റര്‍ മൂസ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി ഇംഗ്ലണ്ടിന്‍റെ ആധിപത്യത്തോടെയാണ് തുടങ്ങിയത്. അതിന്‍റെ പ്രതിഫലനമെന്നോണ് ജൂഡ് ബെല്ലിങാമിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു. മുന്നിലെത്തിയിട്ടും ഇംഗ്ലണ്ട് ആക്രമണത്തിന്‍റെ മൂര്‍ച്ച കുറച്ചില്ല. 65മിനിറ്റ് കഴിഞ്ഞതോടെ കളി കൈവിട്ടതുപോലെയായി ക്രൊയേഷ്യയ്ക്ക്. ഫൈനല്‍തേര്‍ഡിലെയ്ക്ക് ആക്രമണങ്ങള്‍ തന്നെ കുറഞ്ഞു. 85ആം മിനിറ്റില്‍ റാഷ് ഫോര്‍ഡ് ലീഡുയര്‍ത്തി.
അവസാന മിനിറ്റുകളില്‍ ചില തുടര്‍നീക്കങ്ങള്‍ ക്രൊയേഷ്യ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. കളിയിലാകെ ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് പന്ത്രണ്ടും ക്രൊയേഷ്യ ആറും ഷോട്ടുകളുതിര്‍ത്തു.