Photo by Justin Setterfield / GETTY IMAGES NORTH AMERICA / Getty Images via AFP

Photo by Justin Setterfield / GETTY IMAGES NORTH AMERICA / Getty Images via AFP

നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകകപ്പിലേക്ക് തിരിച്ചെത്തിയ നോര്‍വേയ്ക്ക് തകര്‍പ്പന്‍ വിജയത്തുടക്കം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐയിലെ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോര്‍വെ ഇറാഖിനെ പരാജയപ്പെടുത്തിയത്. ലോകകപ്പിലെ തന്‍റെ അരങ്ങേറ്റത്തില്‍ ഇരട്ടഗോള്‍ നേടിയ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എര്‍ലിങ് ഹാളന്റിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്.

മല്‍സരത്തിന്‍റെ 29-ാം മിനിറ്റിൽ ഡേവിഡ് മോലറിന്‍റെ ലോ ക്രോസിൽ നിന്നാണ് ഹാളന്റ് ആദ്യ ഗോള്‍ നേടിയത്. എന്നാൽ 39-ാം മിനിറ്റിൽ ഇറാഖിന്‍റെ ആമിർ അൽ അമ്മറിയുടെ പാസിൽ നിന്നും ഹെഡ്ഡറിലൂടെ അയ്മെൻ‍ ഹുസെയ്ന്റെ ഗോൾ. ഇതോടെ ഇറാഖ് സമനില പിടിച്ചു (1-1). സമനില വഴങ്ങിയെങ്കിലും പതറാതെ കളിച്ച നോർവേ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ലീഡുയര്‍ത്തി. 43-ാം മിനിറ്റിൽ ഇറാഖ് പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് ഹാളന്‍റ് തന്നെയാണ് രണ്ടാം ഗോള്‍ നേടുന്നത്.

രണ്ടാം പകുതിയിൽ സമനില പിടിക്കാനുള്ള പോരാട്ടമായിരുന്നു ഇറാഖിന്‍റേത്. പക്ഷേ നോർവേയുടെ പ്രതിരോധം തകര്‍ക്കാനായില്ല. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നേര്‍വേയുടെ ലിയോ ഒസ്റ്റിഗാർഡിന്‍റെ മൂന്നാം ഗോള്‍. ഒഡെഗാർഡിന്‍റെ കോർണർ കിക്കിൽ ഹെഡ്ഡറിലൂടെയായിരുന്നു ലിയോ ഓസ്റ്റിഗാർഡിന്റെ ഗോൾ നേട്ടം. 83ാം മിനിറ്റിൽ പെനൽറ്റി ഏരിയയ്ക്കു പുറത്തുനിന്നു ലഭിച്ച പന്തിലൂടെ ഹാളന്റ് ഹാട്രിക് ലക്ഷ്യമിട്ടെങ്കിലും ഇറാഖ് ഗോൾ കീപ്പർ തടുത്തിട്ടു. എങ്കിലും മല്‍സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ 96ാം മിനിറ്റില്‍ കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ക്രിസ്റ്റ്യൻ തൊസ്‍വെത് നോര്‍വേക്ക് വേണ്ടി നാലാം ഗോളും നേടി. ഇതോടെ ഇറാഖിന്റെ പതനം പൂർണം.

വമ്പൻ വിജയത്തോടെ ഗ്രൂപ്പ് ഐയിൽ നോർവേ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇതേ ഗ്രൂപ്പിൽ സെനഗലിനെ 3-1 ന് പരാജയപ്പെടുത്തിയ ഫ്രാൻസാണ് രണ്ടാം സ്ഥാനത്ത്. തോൽവിയോടെ സെനഗൽ മൂന്നാമതും ഇറാഖ് നാലാമതുമായി. ജൂൺ 22-ന് നടക്കുന്ന അടുത്ത ഗ്രൂപ്പ് മത്സരത്തിൽ നോർവേ ഫ്രാൻസിനെയും ഇറാഖ് സെനഗലിനെയും നേരിടും.

1998ലാണ് നോർവേ ഇതിനു മുൻപ് അവസാനമായി ലോകകപ്പിനിറങ്ങിയത്. അന്ന് പ്രീക്വാർട്ടർ കളിച്ചെങ്കിലും പിന്നീടൊരു ലോകകപ്പിൽ ഇറങ്ങാന്‍ അവർക്ക് 28 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ആ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും. അതേസമയം ഇറാഖാകട്ടെ 1986-ന് ശേഷമുള്ള തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിനാണ് ഇറങ്ങിയത്.

ENGLISH SUMMARY:

Norway made a spectacular return to the FIFA World Cup after a 28-year absence, securing a dominant 4-1 victory over Iraq in their Group I opening match at the Boston Stadium. Manchester City superstar Erling Haaland spearheaded the attack, scoring twice in his World Cup debut. While Aymen Hussein managed to equalize for Iraq in the 39th minute following a defensive lapse, Haaland restored Norway's lead just before halftime. The second half saw Norway tighten their defensive structure, with Leo Ostigard adding a third goal in the 76th minute and Kristian Thorstvedt sealing the victory with a fourth in stoppage time. This comprehensive win puts Norway at the top of Group I, ahead of France on goal difference. The result marks a historic milestone for the nation, which had not qualified for the tournament since 1998, while Iraq faced a difficult challenge in their first World Cup appearance since 1986. Both teams now look forward to a crucial set of matches on June 22, where Norway will face France and Iraq will take on Senegal.