ഫിഫ ലോകകപ്പിൽ ജർമൻ ഫുട്ബോൾ ടീമിന്റെ ആശങ്കകൾ തന്ത്രങ്ങളിലും എതിരാളികളിലും മാത്രം ഒതുങ്ങുന്നില്ല. അമേരിക്കയിലെ വിൻസ്റ്റൺ-സേലത്തെ ബേസ് ക്യാംപിൽ പാമ്പെത്തി. ഇതോടെ ടീമിലുള്ളവര്‍ ആശങ്കയിലാണ്. ജർമൻ ക്യാപ്റ്റൻ ജോഷ്വ കിമ്മിക്കാണ് പാമ്പിനെ കണ്ടകാര്യം തുറന്നു പറഞ്ഞത്.
കണ്ട പാമ്പിന് വിഷമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ടീമിൽ ആശങ്ക പടർന്നതെന്ന് കിമ്മിക്ക് കൂട്ടിച്ചേർത്തു. 'ഇന്നലെ ഒരു പാമ്പിനെ കണ്ടു, അത് വിഷമുള്ളതാണെന്ന് അറിഞ്ഞു. കടിച്ചാൽ ആശുപത്രിയിൽ പോകേണ്ടി വരും. മരിക്കുമെന്ന് കരുതുന്നില്ല, പക്ഷേ അത് തീർച്ചയായും അപകടകരമാണ്' എന്നാണ് കിമ്മിക്കിന്‍റെ വാക്കുകള്‍. ജർമ്മനിയിലാണെങ്കിൽ തന്ത്രങ്ങളെക്കുറിച്ചും കളിക്കാരുടെ പരിക്കുകളെക്കുറിച്ചും അടുത്ത എതിരാളികളെക്കുറിച്ചും മാത്രമാണ് ആശങ്ക. ഇവിടെ, പുല്ലിനുള്ളിൽ എന്താണ് ഒളിച്ചിരിക്കുന്നത് എന്ന് കൂടി ചിന്തിക്കേണ്ടി വരുമെന്നും കിമ്മിക്ക് പറഞ്ഞു.
ജര്‍മനിക്ക് മാത്രമല്ല പാമ്പിന്‍റെ വിഷയം പ്രശ്നമായത്. സ്വിസ്, നോർവീജിയൻ ടീമുകളും സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. നോർത്ത് കാരലൈനയിൽ സാധാരണയായി കാണപ്പെടുന്ന 'കോപ്പർഹെഡ്' എന്നയിനം വിഷപ്പാമ്പിനെയാണ് കിമ്മിക്കും സഹതാരങ്ങളും കണ്ടതെന്നും റിപ്പോര്‍ട്ടുണ്ട്. ടൂർണമെന്റിനു മുൻപുതന്നെ സ്വിസ് ടീം, സാൻ ഡിയേഗോയിലെ തങ്ങളുടെ ക്യാംപിനു പുറത്തുള്ള ഒരു പ്രദേശം 'പാമ്പുകളുള്ള മേഖല' എന്ന് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു" എന്നും വിവരമുണ്ട്.