Image Credit: Reuters

കന്‍സാസില്‍ കാല്‍പ്പന്ത് കൊണ്ട് ലയണല്‍ മെസിയെന്ന 38കാരന്‍ തീര്‍ത്ത ഇന്ദ്രജാലത്തില്‍ മതിമറന്നിരിക്കുകയാണ് ലോകം. ലോകകപ്പിലെ കന്നി ഹാട്രിക്കോടെ നിലവിലെ ചാംപ്യന്‍മാര്‍ക്ക് ജയം സമ്മാനിച്ച മെസിക്ക് ഏറെ വൈകാരികമായിരുന്നു അള്‍ജീരിയയ്ക്കെതിരായ മല്‍സരം. എണ്ണം പറഞ്ഞ മൂന്ന് ഗോളുകളോടെ ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാമ് മെസി. 

ആദ്യ ഗോള്‍ നേടിയ ശേഷം മെസി വിതുമ്പിക്കരഞ്ഞു. കളിക്ക് ശേഷം താരം അതിന്‍റെ കാരണവും വെളിപ്പെടുത്തി. 'കഠിനമായ, അങ്ങേയറ്റം സങ്കീര്‍ണമായ ചില ദിവസങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയത്. അതാണ് കരഞ്ഞുപോയത്. ഫുട്ബോളുമായി ആ കരച്ചിലിന് ബന്ധമില്ല'– മിശിഹ പറഞ്ഞു. അതേസമയം, എന്താണ് തന്‍റെ മനസിനെ ഉലച്ച് കളഞ്ഞതെന്ന് വെളിപ്പെടുത്താന്‍ താരം തയാറായില്ല. വിഷമകരമായ സമയത്തും ടീമൊന്നടങ്കം തനിക്കൊപ്പം നിന്നുവെന്നും അതില്‍ തനിക്ക് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ നന്നായി കളിക്കാനും നന്നായിരിക്കാനും എന്‍റെ ടീമൊന്നടങ്കം പരിശ്രമിച്ചു. അവരോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു'- മെസി പറഞ്ഞു. 

അര്‍ജന്‍റീന ടീമുമൊത്തുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുന്നുവെന്നും എല്ലാം ആഗ്രഹിച്ചത് പോലെ നടക്കുന്നുവെന്നതും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നുവെന്നതും ഇരട്ടിമധുരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'മെസിയെ കുറിച്ച് ഞാനെന്ത് പറയാന്‍, എനിക്ക് വാക്കുകളില്ല,  പകരം വയ്ക്കാനില്ലാത്തവനാണ്' എന്നായിരുന്നു കോച്ച് സ്കലോണിയുടെ വാക്കുകള്‍. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ അള്‍ജീരിയയെ 3–0ത്തിനാണ് അര്‍ജന്‍റീന തകര്‍ത്തത്. 

ENGLISH SUMMARY:

The football world stood in absolute awe as thirty-eight-year-old Lionel Messi delivered a magical performance for Argentina in their opening match of the FIFA World Cup 2026 in Kansas. The legendary playmaker guided the reigning world champions to a resounding 3-0 victory over Algeria by scoring a historic, sublime hat-trick. However, the high-stakes sporting encounter turned deeply emotional when the iconic forward visibly broke down in tears immediately after scoring his first goal. In his post-match press conference, Messi revealed that his tearful reaction was caused by an incredibly difficult and complicated phase in his personal life rather than football itself. While choosing to keep the specific details private, the Argentine captain expressed immense gratitude toward his teammates and coaching staff for standing firmly by him during these trying times. With this exceptional three-goal masterclass, the talismanic forward has officially equaled German legend Miroslav Klose's long-standing record for the most goals scored in World Cup history.