നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ ഓസ്ട്രിയയ്ക്ക് വിജയത്തുടക്കം. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ കന്നി ലോകകപ്പിനിറങ്ങിയ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഓസ്ട്രിയയ്ക്കായി റൊമാനോ ഷ്മിഡ്, മാർക്കോ അർണൗട്ടോവിക് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഒരു ഗോൾ ജോർദാൻ ഡിഫൻഡറുടെ വക സെൽഫ് ഗോളായിരുന്നു. അതേസമയം അലി ഓൾവാനാണ് ജോര്‍ദാന്‍റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിത്.
മല്‍സരം ആരംഭിച്ച് 21-ാം മിനിറ്റിൽ തന്നെ ഓസ്ട്രിയ ലീഡ് എടുത്തിരുന്നു. ബോക്സിന് പുറത്ത് നിന്നുള്ള റൊമാനോ ഷ്മിഡിന്‍റെ ലോങ് റേഞ്ച് ഷോട്ടാണ് ജോര്‍ദാന്‍റെ വലകുലുക്കിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ (50-ാം മിനിറ്റ്) കൗണ്ടർ അറ്റാക്കിലൂടെ അലി ഓൾവാൻ ജോർദാന് സമനില ഗോൾ സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തിൽ ജോർദാന്റെ ആദ്യ ഗോളാണിത്.
എന്നാല്‍ 76ാം മിനിറ്റില്‍ കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടെ ജോർദാൻ താരം യാസൻ അൽ അറബിന്റെ തലയിൽ തട്ടി പന്ത് സ്വന്തം വലയിലെത്തി. ഓസ്ട്രിയക്ക് വേണ്ടി ജോര്‍ദാന്‍റെ സെല്‍ഫ് ഗോള്‍! (2-1). ഇന്‍ജുറി ടൈമിന്റെ അവസാനം ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു ഓസ്ട്രിയയുടെ മൂന്നാം ഗോള്‍. മാർക്കോ അർണൗട്ടോവികാണ് ഓസ്ട്രിയ്ക്കായി മൂന്നാം ഗോള്‍ സമ്മാനിച്ചത്. (3-1). വിജയത്തോടെ ഗ്രൂപ്പ് ജെ-യിൽ അർജന്റീനയ്ക്കൊപ്പം മൂന്ന് പോയിന്റോടെ ഓസ്ട്രിയയും മുന്നിലെത്തി.