Image Credit: AFP
മനക്കരുത്തിനെ മറികടക്കാന്‍ ഒരു യുദ്ധത്തിനുമാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇറാന്‍റെ തകര്‍പ്പന്‍ മുന്നേറ്റം. റാമിന്‍ റെസായിനും മുഹമ്മദ് മൊഹേബിയുമാണ് ഇറാനായി ഗോളുകള്‍ നേടിയത്. പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോളുകളും ഇറാന്‍ നേടിയത്. ആദ്യപകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഏഴാം മിനിറ്റില്‍ ന്യൂസീലന്‍ഡിന്‍റെ എലൈജ ജസ്റ്റാണ് ഇറാനെ ഞെട്ടിച്ചത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ റാമിന്‍ റെസായിന്‍റെ മറുപടി ഗോളെത്തി. ഇറാന്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചാണ് ആ ഗോള്‍ നെഞ്ചിലേറ്റിയത്. ഇറാന്‍റെ പതാകകളുമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആരാധകരെ വിലക്കിയിരുന്നു. ഇറാന്‍റെ വലിയ പ്രവാസി സമൂഹമുള്ളയിടമാണ് ലോസാഞ്ചലസ്.
രണ്ടാം പകുതിയിലും ഇറാന്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. പക്ഷേ ഇറാന്‍ പ്രതിരോധം തകര്‍ത്ത് 55–ാം മിനിറ്റില്‍ എലൈജാ ജസ്റ്റ് വീണ്ടും ലക്ഷ്യം കണ്ടു. 64–ാം മിനിറ്റില്‍ മുഹമ്മദ് മൊഹീബി ഗോള്‍ മടക്കി.
കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ഇറാന്‍ ഇക്കുറി ലോകകപ്പിന് എത്തിയത്. അമേരിക്കയുമായുള്ള യുദ്ധം നടക്കുന്നതിനാല്‍ അവസാന നിമിഷമാണ് ടീമിന് യുഎസിലേക്ക് പ്രവേശനം ലഭിച്ചത്. ഒഫീഷ്യലുകള്‍ക്ക് വീസ അനുവദിക്കാത്തതും പ്രതിഷേധത്തിനിടയാക്കി.
മൂന്നുവട്ടം മാത്രമാണ് ന്യൂസീലന്‍ഡ് ഫുട്ബോള്‍ ലോകകപ്പില്‍ യോഗ്യത നേടിയിട്ടുള്ളത്. ഒരിക്കല്‍ പോലും ഗ്രൂപ്പ് ഘട്ടം കടക്കാനും കഴിഞ്ഞിട്ടില്ല. ആറു ലോകകപ്പുകളില്‍ കളിച്ച ഇറാനാവട്ടെ ഏഷ്യയിലെ ശക്തമായ ഫുട്ബോള്‍ ടീമുകളിലൊന്നാണ്. ഇറാനും നോക്കൗട്ടിലേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. 98 ല്‍ അമേരിക്കയ്ക്കെതിരെ ജയിച്ച ഇറാന്‍ 2018 ല്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കുകയും ചെയ്തു.
Google Trending Topic: Iran vs New Zealand