കെയ്പ് വെര്‍ഡി ഗോള്‍ കീപ്പര്‍ വൊസീഞ്ഞ

ഗോള്‍വലയം കാക്കുന്നവന്‍ എന്നും ഒരസ്വസ്ഥ ജന്‍മമാണ്. അവന്‍റെ ശരീരമാണ് പ്രതിരോധത്തിന്‍റെ കോട്ടയും കിടങ്ങും. എതിര്‍പക്ഷത്ത് ആക്രമണം നടക്കുമ്പോഴും ഒരു ദുസ്വപനം പോലെ പന്ത്  തിരിച്ചെത്തുമെന്ന് അവന്‍ ആവലാതി കൊള്ളുന്നു. പക്ഷേ ആവലാതികൊള്ളാന്‍ എന്നല്ല, ശ്വാസമൊന്നു നേരെവിടാന്‍ ഒരിത്തിരി നേരം കിട്ടിയില്ല കെയ്പ് വെര്‍ഡി ഗോള്‍ കീപ്പര്‍  വൊസീഞ്ഞയ്ക്ക്. സ്പാനിഷ് ഗോള്‍ കീപ്പര്‍ക്ക് വിശ്രമിക്കാന്‍ എറെ നേരം കിട്ടിയ മല്‍സരത്തില്‍, വിസ്മയകരമായ സേവുകളുമായി  വൊസീഞ്ഞ കളം നിറഞ്ഞു.

Cape Verde goalkeeper Vozinha (1) makes a save during the World Cup Group H soccer match between Spain and Cape Verde in Atlanta, Monday, June 15, 2026. (AP Photo/Mike Stewart)

 

പ്രായം പലപ്പോഴും മറന്നുപോയി വൊസീഞ്ഞ. അത്ഭുതകരമായ റിഫ്ലെക്സുകള്‍. മിന്നല്‍ ഡൈവുകള്‍. സ്പെയിനിന്‍റെ ആക്രമോല്‍സുകരായ ചെറുപ്പക്കാര്‍ക്ക് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ പര്‍വതമായി ആ നാല്‍പതുകാരന്‍.

 

ഗോളികള്‍ നന്ദി അര്‍ഹിക്കുന്നില്ല. അവരുടെ ജീവിത സമ്മാനങ്ങള്‍ അകാരണമായ നിന്ദകളാണ്. ഒരു പന്ത് ഗോള്‍കീപ്പറുടെ പരിശ്രമങ്ങളെ അപഹസിച്ചു കടന്നുപോയെന്നിരിക്കട്ടെ,  ആ നിമിഷമയാള്‍ നിന്ദ ഏറ്റുവാങ്ങും. സ്പെയിനിനെതിരെ പക്ഷേ ഗോള്‍ കീപ്പറെ നോക്കി നന്ദിയറിക്കുകയായിരുന്നു അനുനിമിഷം കളിക്കാരും കാണികളും. ഗോളെന്നുറച്ച  ഏഴു ഷോട്ടുകളാണ് വോസീ‍ഞ്ഞ നിഷ്പ്രഭമാക്കിയത്. മല്‍സരത്തില്‍ 65 തവണ പന്തുതൊട്ട വൊസീഞ്ഞ ഇക്കാര്യത്തില്‍ പ്രതിരോധനിരയിലെ സഹതാരങ്ങളെയും പിന്നിലാക്കി. സോസിമര്‍ ഡീയഷ് എന്നാണ് വോസീഞ്ഞയുടെ യഥാര്‍ഥ പേര്.  പോര്‍ച്ചുഗീസ് രണ്ടാം നിര ലീഗായലിഗ പോര്‍ച്ചുഗല്‍ 2ലെ ഷാവേസ് ക്ലബിന്‍റെ കളിക്കാരനാണ്. 

 

മല്‍സര ശേഷം അയാള്‍ പൊട്ടിക്കരഞ്ഞു. അതിന് ഒറ്റക്കാരണമെയുള്ളു. നാല്‍പ്പതുവയസ്സുവരെ അയാള്‍ ജീവിച്ചു. ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ തന്നെ. അധികമാരും അറിയാതെ. ഒടുവില്‍ വിരമിക്കേണ്ട പ്രായത്തില്‍ കരിയറിലെ ഏറ്റവും മികച്ച കളികെട്ടഴിക്കാന്‍ അയാള്‍ക്ക്  കഴിഞ്ഞു.

 

ആദ്യകളിയില്‍ സ്പെയിനിന്‍റെ മൂര്‍ച്ചയുള്ള ആക്രമണങ്ങളുടെ മുനയൊടിച്ച വൊസീഞ്ഞയുടെ വരും മല്‍സരങ്ങളിലെ പ്രകടനത്തിന് കാത്തിരിക്കുകയാണ് കളിക്കമ്പക്കാര്‍.

ENGLISH SUMMARY:

Cape Verde goalkeeper Vozinha delivered a career-defining performance against Spain, producing a series of spectacular saves that kept his team in the contest. The 40-year-old veteran showcased incredible reflexes, lightning-fast dives, and remarkable composure under relentless pressure from Spain’s attacking stars. His emotional post-match reaction highlighted a memorable moment in a long football journey that has now captured the attention of fans around the world.