ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനോട് 2–2ന് സമനില പിടിച്ച് ഇറാന്‍ തങ്ങളുടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന മല്‍സരത്തിനിടെ പക്ഷേ ചില വിവാദങ്ങളുമുണ്ടായി. ഗാലറിയിലായിരുന്നു ഇറാന്‍ ആരാധകരുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടല്‍. ഇറാന്‍ വിപ്ലവത്തിന് മുന്‍പുള്ള പതാകയുമായി സ്റ്റേഡിയത്തില്‍ ആരാധകര്‍ കയറുന്നതിന് അവസാന നിമിഷം കോടതി വിലക്കേര്‍പ്പെടുത്തിയതിന് പുറമെയാണ് സ്റ്റേഡിയത്തിന് പുറത്തും അകത്തും പ്രതിഷേധം അലയടിച്ചത്. 

ഇറാനിയന്‍ പ്രവാസികള്‍ വലിയതോതില്‍ താമസിക്കുന്ന ലൊസാഞ്ചലസിലേക്ക് ജന്‍മനാടിന്‍റെ കളി കാണാന്‍ ആരാധകര്‍ എത്തുകയും ചെയ്തു. ഇറാന്‍റെ ദേശീയഗാനം മുഴങ്ങിയതോടെ ഒരുവിഭാഗം കൂക്കിവിളിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇറാന്‍ പ്രവാസികളില്‍ വലിയ പങ്കും ജന്‍മനാടിനായി ആര്‍ത്തുവിളിച്ചപ്പോള്‍ ഷാ ഭരണത്തെ പിന്തുണയ്ക്കുന്നവരും ന്യൂസീലന്‍ഡിന് ആര്‍പ്പ് വിളിക്കുന്നവരും കുറവല്ലായിരുന്നു. 

ഇസ്​ലാമിക വിപ്ലവത്തിന് പിന്നാലെ അമേരിക്കയിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗം പേരും കഴിയുന്നയിടമാണ് ലോസാഞ്ചലസ്. ഒരുവശത്ത് യുദ്ധത്തിന്‍റെ കെടുതിയും മറുവശത്ത് പ്രക്ഷോഭകരെ ഭരണകൂടം അടിച്ചമര്‍ത്തിയതും വേദനിപ്പിക്കുന്നുവെന്നും എന്നിട്ടും ലോകകപ്പില്‍ ഇറാന്‍ കളിക്കാനെത്തിയത് ആശ്വാസകരമാണെന്നും ചിലര്‍ പ്രതികരിച്ചു. സ്റ്റേഡിയത്തിന് പുറത്ത് ഇറാന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.   

ഇറാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നാല്‍ കളി മതിയാക്കുമെന്ന് ടീം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഫിഫ നിരോധിച്ചുവെങ്കിലും ഇറാന്‍റെ അനൗദ്യോഗിക പതാകയുമായി ചില ആരാധകര്‍ സ്റ്റേഡിയത്തില്‍ കടന്നിരുന്നു. ഏഴാമത്തെ ലോകകപ്പിനാണ് ഇറാന്‍ എത്തിയത്. യോഗ്യതാ മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇറാന്‍ പരാജയപ്പെട്ടത്. നോക്കൗട്ടില്‍ കടന്നിട്ടില്ലെന്ന പേരുദോഷം തീര്‍ക്കാനാകും ഇക്കുറി ഇറാന്‍റെ ശ്രമം. 

ഇറാന്‍–അമേരിക്ക സമാധാന കരാര്‍ ഡിജിറ്റലായി ഒപ്പിട്ട് 24 മണിക്കൂര്‍ തികയും മുന്‍പാണ് അമേരിക്കന്‍ മണ്ണില്‍ ഇറാന്‍റെ ആദ്യ മല്‍സരം നടന്നത്. വഷളായ നയതന്ത്ര ബന്ധത്തെ തുടര്‍ന്ന് ഞായറാഴ്ച മാത്രമാണ് ഇറാന്‍ ടീമിന് മെക്സിക്കോയില്‍ നിന്നും യുഎസിലേക്ക് എത്താന്‍ കഴിഞ്ഞത്.

ENGLISH SUMMARY:

The political turmoil surrounding Iran spilled directly onto the football pitch during their highly anticipated FIFA World Cup 2026 opening match against New Zealand in Los Angeles. A section of dissident expatriate fans sparked immense outrage inside the stadium by loudly booing and whistling while the official Iranian national anthem was being played before kickoff. The high-stakes sporting spectacle took place in California, a major global hub for the Iranian diaspora, drawing a deeply divided crowd of pro-government loyalists and staunch critics of the current regime. Despite a strict eleventh-hour judicial ban restricting entry with pre-revolution monarchist emblems, several political demonstrators managed to smuggle prohibited historical flags into the stands. Law enforcement authorities were forced to intervene heavily outside the sports complex, taking multiple anti-government protesters into custody to prevent major violent clashes between rival factions. This volatile match occurred less than twenty-four hours after the historic digital signing of the US-Iran peace treaty, following a chaotic week where visa delays forced the team to train in Mexico until Sunday.