Untitled design - 1

ലോകചാംപ്യന്‍മാരായ അര്‍ജന്റീന നാളെ ആദ്യ മല്‍സരത്തിനിറങ്ങുന്നു. 1962ന് ശേഷം കിരീടം നിലനിര്‍ത്തുന്ന  ആദ്യ ടീമാവുകയാണ്  യുവതാരങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന മെസിപ്പടയുടെ ലക്ഷ്യം.

പുത്തന്‍ താരോദയങ്ങള്‍ ഏറെയുണ്ടെങ്കിലും അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ ഇക്കുറിയും ചിറകുവിരിക്കുന്നത് ലയണല്‍ മെസിയില്‍ തന്നെയാണ്. 38ാം വയസില്‍ ആറാം ലോകകപ്പിനിറങ്ങുമ്പോഴും ആ പ്രതിഭയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല.  ഒരു പതിറ്റാണ്ടിന് ശേഷം ലോകകപ്പ് യോഗ്യത നേടിയ അള്‍ജീരിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.  നാളെ പുലര്‍ച്ചെ ആറരയ്ക്കാണ് മല്‍സരം

ദോഹയിലെ സ്വപ്നനേട്ടം

നാല് വര്‍ഷം മുന്‍പ് ദോഹയില്‍ മുത്തമിട്ട കപ്പിന് പ്രതീക്ഷയുടെയും സ്വപ്നങ്ങളുടേയും ഭാരമുണ്ടായിരുന്നു. 2014ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കനകകിരീടം... 2018ല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്താകേണ്ടി വന്നതിന്റെ നിരാശ... 1986ല്‍ ഇതിഹാസ താരം ഡീഗോ മറഡോണ കപ്പുയര്‍ത്തിയ ശേഷം മറ്റൊരു കിരീടത്തിനായി അര്‍ജന്റീന ഇത്രയധികം ആഗ്രഹിച്ച മറ്റൊരു കാലമുണ്ടായിരുന്നില്ല... 2022ല്‍ മെസിക്കുവേണ്ടി കപ്പുയര്‍ത്താന്‍ ലോകം ഒന്നാകെ ആര്‍പ്പുവിളിച്ചു... മിശിഹായുടെ കൈകളിലുയര്‍ന്ന കിരീടം കാല്‍പന്തുലോകത്തിന്റെയാകെ സ്വപ്നകിരീടമായിരുന്നു. 

നയിക്കാന്‍ മിശിഹാ

നാലുവര്‍ഷത്തെ ആഘോഷങ്ങള്‍ കഴി‍ഞ്ഞ് മറ്റൊരു വിശ്വപോരാട്ടത്തിന് എത്തുമ്പോഴും അര്‍ജന്റീന ഫേവറൈറ്റ് ലിസ്റ്റില്‍ ആദ്യ പേരായുണ്ട്. അതിന് കാരണവും മറ്റൊരു പേരല്ല. ഖത്തറല്ല, അമേരിക്ക... സമ്മര്‍ദങ്ങളുടെ മാറാപ്പില്ലാതെ, പ്രതീക്ഷകളുടെ ഭാരമില്ലാതെ ലയണല്‍ മെസിക്ക് കളിക്കാം. സ്വതന്ത്രമായി... ശാന്തമായും ആര്‍ത്തലച്ചും ഗതിമാറിയുമൊഴുകുന്ന പുഴ പോലെ...ആ മാന്ത്രികക്കാലുകളില്‍ വിരിയുന്ന മാജിക് മൊമന്റ്സിന് കാത്തിരിക്കുകയാണ് ലോകം..ജര്‍മന്‍ താരം മിറോസ്ലോവ് ക്ലോസെയുടെ പേരിലെ 16 ഗോള്‍ റെക്കോര്‍ഡ് മറികടക്കാന്‍ മൂന്ന് ഗോള്‍ മതി മെസിക്ക്. പ്രായം വേഗക്കുതിപ്പ് കുറച്ചെന്ന് പറയുന്നവര്‍ക്കായി ചില കണക്കുകള്‍. 2025–26 സീസണില്‍ 41 മല്‍സരങ്ങള്‍... 37 ഗോളുകളും ഇരുപതിലധികം അസിസ്റ്റുകളും...ഗോളടിച്ചും ഗോളടിപ്പിച്ചും പ്ലേമേക്കറായും അറ്റാക്കറായും കളം നിറയാന്‍ മെസിയോളം പോന്നവര്‍ ഇന്നുണ്ടോയെന്ന് സംശയം. ലയണല്‍ മെസി എന്നത് കേവലം ഒരു സ്ട്രൈക്കര്‍ മാത്രമല്ല അര്‍ജന്റീനയ്ക്ക്, ആത്മവിശ്വാസമാണ്. ഇടംകാലില്‍ ഒളിപ്പിച്ച മാന്ത്രികവിസ്മയങ്ങള്‍ കാണാനിരിക്കുന്നതേയുള്ളു...

നെഞ്ചിടിപ്പോടെ തുടങ്ങും

വിശ്വജേതാക്കളുടെ തലയെടുപ്പോടെയാണ്  പോരിനിറങ്ങുന്നതെങ്കിലും കളത്തിലിറങ്ങുമ്പോള്‍  അര്‍ജന്റീനയ്ക്ക് നെഞ്ചിടിപ്പ് കൂടും. ഖത്തറില്‍ സൗദി അറേബ്യയോട് ആദ്യ മല്‍സരത്തില്‍ തോറ്റ ചരിത്രമുള്ളതിനാൽ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ജേതാക്കളായ് എത്തുന്ന അള്‍ജീരിയയെ ഒട്ടും ചെറുതായ് കാണില്ല അര്‍ജന്റീന. ഖത്തര്‍ ലോകകപ്പില്‍ ടൂര്‍ണമെന്റ് ഫേവറൈറ്റുകളായി എത്തിയ അര്‍ജന്റീന ഒട്ടും പ്രതീക്ഷിച്ചില്ല സൗദി അറേബ്യയില്‍ നിന്ന് ഇങ്ങനെയൊരു കളി. പത്താം മിനിറ്റില്‍ മെസിയുടെ പെനല്‍റ്റിയിലൂടെ അര്‍ജന്റീന ലീഡെടുത്തു. രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് 2–1ന്‍റെ ജയം സൗദിക്ക്. ഫുട്ബോള്‍ ലോകം ഒന്നാകെ ഞെട്ടി. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലോടെയാകും അര്‍ജന്റീന ഇറങ്ങുക. 2014ന് ശേഷം ആദ്യ ലോകകപ്പ് യോഗ്യത നേടിയെത്തുന്ന അള്‍ജീരിയ അത്ര നിസാരക്കാരല്ല. ​വ്ലാഡിമിർ പെറ്റ്കോവിച്ചിന് കീഴില്‍  മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ താരം റിയാദ് മഹ്്റസ് അടക്കം മികച്ച താരങ്ങളുണ്ട് ടീമില്‍.   

പെര്‍ഫെക്ട് കോമ്പിനേഷന്‍

ലോകകപ്പ് വിജയത്തിന് ശേഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീമിന്റേത്. പ്ലേമേക്കറായും അറ്റാക്കറായും 38കാരനായ ലയണല്‍ മെസി തന്നെയാണ് ടീമിന്റെ കേന്ദ്രബിന്ദു. ഗോളടിക്കാന്‍ ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും. ഏയ്ഞ്ചല്‍ ഡി മരിയയ്ക്ക് പകരം വയ്ക്കാന്‍ പോന്നൊരു ഇംപാക്ട് പ്ലെയറെ കണ്ടെത്താന്‍ അര്‍ജന്റീനയ്ക്കായിട്ടില്ലെങ്കിലും കോച്ച് ലയണല്‍ സ്കലോണിയുടെ വിശ്വസ്തന്‍ നീക്കോ പാസ് ആ കുറവ് നികത്തുമെന്നാണ് പ്രതീക്ഷ. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസും മെസിക്ക് നിരന്തരം പന്തെത്തിക്കാന്‍ റോഡ്രിഗ്രോ ഡി പോളും.  പ്രതിരോധത്തിലെ പാളിച്ച എക്കാലവും അര്‍ജന്റീനയുടെ തലവേദനയാണെങ്കില്‍ ഇക്കുറി അതിന് പരിഹാരം കണ്ടാണ് സ്കലോണി ടീമൊരുക്കിയത്. വെറ്ററന്‍ താരം നിക്കോളാസ്  ഓട്ടോമെന്‍ഡിയുടെ അനുഭവസമ്പത്തിനൊപ്പം സെന്‍റര്‍ബാക്കില്‍ ക്രിസ്റ്റ്യന്‍ റൊമേറോയും ലിസാന്‍ഡ്രോ മാര്‍ട്ടിനസും. ഒപ്പം നഹുവേല്‍ മോളിനയും  നിക്കോളാസ് ടാഗ്ലിയാഫിക്കോയും.

ഗോള്‍പോസ്റ്റിന് മുന്നില്‍ മഹാമേരു പോലെ ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ്. 4–3–3 ആയിരിക്കും ടീം ഫോര്‍മേഷന്‍.  അവസാനം കളിച്ച ഏഴിലും ജയം. യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ തകര്‍ത്തത് 4–1ന്. അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആവേശം കൊള്ളാന്‍ ഈ ടീമും കണക്കുകളും ധാരാളം.

ENGLISH SUMMARY:

Argentina football team is gearing up for their first match in the World Cup 2026, with Lionel Messi as their central figure. The team aims to defend their title and showcase their blend of young talent and experienced players.