halo-aircharter-company

ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ പാടത്തും പുഴയിലും ഫ്ളക്സ് ഉയര്‍ത്താന്‍ മാത്രമല്ല, കളി നടക്കുന്നയിടത്തുപോയി നാലു കാശുണ്ടാക്കാനുമറിയാം മലയാളിക്ക്. ലോകകപ്പ് മത്സരങ്ങള്‍ ഇത്തവണ മൂന്നു രാജ്യങ്ങളിലായാണ് നടക്കുന്നത്– അമേരിക്ക, കാനഡ, മെക്സിക്കോ. വേദികള്‍ തമ്മിലുള്ള ദൂരം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വരുമ്പോള്‍ കളിഭ്രാന്തന്‍മാര്‍ക്ക് വേഗത്തിലെത്താന്‍ ആകാശമാര്‍ഗം തന്നെ ശരണം. ഈ ബിസിനസ് സാധ്യത മാനത്തു കണ്ടാണ് പിറവം സ്വദേശി ഷോബി ടി. പോളിന്‍റെ ഹാലോ എയര്‍വേയ്സ് അമേരിക്കയില്‍ പറന്നിറങ്ങിയത്. 

ഹാലോയുടെ നാല് എയര്‍ക്രാഫ്റ്റുകളാണ് ലോകകപ്പ് വേദികള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നത്. ഏഴു സീറ്റുള്ള സെസ്ന സൈറ്റേഷന്‍ സി.ജെ 2 വിമാനം മുതല്‍ 13 സീറ്റുള്ള ആഡംബര വിമാനം വരെ റെഡിയാണ്. സര്‍വീസ് തുടങ്ങുന്നതിനായി യു.എസിലും കാനഡയിലും പ്രാദേശിക കമ്പനികളുമായി പങ്കാളിത്തത്തിലെത്തി. മയാമിയിലെ നോര്‍ത്ത് പെറി വിമാനത്താവളം ആസ്ഥാനമായുള്ള റോയല്‍റ്റി ഏവിയേന്‍ ഗ്രൂപ്പാണ് ഇതിലൊന്ന്. റോയല്‍റ്റി ഏവിയേഷനുമുണ്ടൊരു മലയാളി ബന്ധം. കമ്പനിയുടെ മുഖ്യ പ്രൊമോട്ടര്‍ കൊച്ചിക്കാരന്‍ ക്യാപ്റ്റന്‍ വിബിന്‍ വിന്‍സന്‍റാണ്. പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കമ്പനിയാണ് റോയല്‍റ്റി ഏവിയേഷന്‍.

പറക്കുന്നതിനാവശ്യമായ അനുമതികളും ഗ്രൗണ്ട് ഹാന്‍ഡിലിങ്ങും ലോജിസ്റ്റിക്സ് പിന്തുണയും എല്ലാം പങ്കാളികളായ കമ്പനികള്‍ ഹാലോയ്ക്ക് നല്‍കും. കൊച്ചി ആസ്ഥാനമായി 2012ല്‍ തുടങ്ങിയ കമ്പനിയാണ് ഹാലോ എയര്‍വേയ്സ്. ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ചാണ് ഹാലോ പ്രധാനമായി പ്രവര്‍ത്തിക്കുന്നത്. യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഹാലോയുടെ വിമാനങ്ങള്‍ സ്ഥിരമായി പറക്കാറുണ്ട്. എന്നാല്‍ വടക്കേ അമേരിക്കയില്‍ ഇതാദ്യമാണ് സേവനം നല്‍കുന്നത്. അതിന് കാരണമായതോ– ലോകകപ്പ് ഫുട്ബോളും.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും സിനിമാ–ക്രിക്കറ്റ്  താരങ്ങളുമെല്ലാം ഹാലോയുടെ സേവനം പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള ഷോബി ടി. ജോണ്‍ പറഞ്ഞു.

ENGLISH SUMMARY:

Taking advantage of the immense business opportunities surrounding the FIFA World Cup hosted across the USA, Canada, and Mexico, Kerala-native Shobi T. Paul’s 'Halo Airways' has launched private jet services to facilitate travel between venues. The company, which operates four aircraft ranging from 7-seaters to 13-seater luxury jets, has partnered with local firms like the Royalty Aviation Group, promoted by Kochi-native Captain Vibin Vincent, to handle logistics and operations. Originally established in Kochi in 2012, Halo Airways has expanded its reach from hubs in Bengaluru and Mumbai to North America for the first time specifically for this tournament. Shobi T. Paul, currently in New York, noted that his company, which frequently serves top political leaders, business tycoons, and celebrities, is well-positioned to assist fans and officials navigating the vast distances between World Cup host cities.