ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ സ്പെയിന്‍– കെയ്പ് വെർ‍ഡെ  മത്സര ശേഷം കെയ്പ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ (എപി ഫോട്ടോ/എറിക് എസ്. ലെസ്സർ)

ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ സ്പെയിന്‍– കെയ്പ് വെർ‍ഡെ മത്സര ശേഷം കെയ്പ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ (എപി ഫോട്ടോ/എറിക് എസ്. ലെസ്സർ)

സ്പെയിന് എതിരെ ജയത്തോളം പോന്ന സമനിലയാണ് കുഞ്ഞന്‍ ആഫ്രിക്കന്‍ രാജ്യമായ കെയ്പ് വെര്‍ഡെ നേടിയത്. സ്പാനിഷ് അറ്റാക്കുകളെ തടഞ്ഞ ഗോളി വൊസീഞ്ഞ കളിയിലെ താരവുമായി. മത്സര ശേഷം 40 കാരനായ വൊസീഞ്ഞ കണ്ണീരോടെയാണ് മൈതാനം വിട്ടത്. യൂറോ ചാംപ്യന്മാരെ സമനിലയില്‍ തളച്ചതിനപ്പുറം വ്യക്തിപരമായൊരു കാരണവും അതിനു പിന്നിലുണ്ടായിരുന്നു. 

മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് വൊസിഞ്ഞ വളര്‍ന്നത്. ഫുട്ബോള്‍ കരിയറിലേക്കുള്ള യാത്രയ്ക്ക് കൈത്താങ്ങായതും ഇരുവരും തന്നെ. എന്നാല്‍ തന്‍റെ കരിയറിലെ മികച്ച പ്രകടനം കാണാന്‍ മുത്തശ്ശനും മുത്തശ്ശിയും ഇല്ലാത്തതിന്‍റെ സങ്കടമായിരുന്നു കണ്ണീരിന് പിന്നില്‍. 'എന്നെ വളര്‍ത്തിയത് മുത്തശ്ശനും മുത്തശ്ശിയുമാണ്. അവര്‍ ഇവിടെയില്ലാത്തത് നിര്‍ഭാഗ്യകരമാണ്. കുറച്ചു വര്‍ഷം മുന്നേ ഇരുവരും അന്തരിച്ചു. അവരായിരുന്നു എനിക്കെല്ലാം' എന്നാണ് വൊസിഞ്ഞ മത്സരശേഷം പറഞ്ഞത്. 

ലോകകപ്പ് കാണാനായി അമ്മയ്ക്ക് യു.എസിലേക്ക് വരാന്‍ ശ്രമിച്ചിരുന്നെന്നും വിസ നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തടസം കാരണം യാത്ര മുടങ്ങുകയായിരുന്നുവെന്നും വൊസിഞ്ഞ പറഞ്ഞു. 'വിസയ്ക്ക് അടയ്ക്കേണ്ട പണം കൃത്യസമയത്ത് കണ്ടെത്താനായില്ല. അമ്മ ഇവിടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു' എന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍. 

മത്സരത്തില്‍ സ്പെയിനിന്‍റെ ഏഴു നിര്‍ണായക അറ്റാക്കുകളെയാണ് വൊസിഞ്ഞ തടുത്തിട്ടത്. സ്പെയിനിന്‍റെ ആധിപത്യം കണ്ട മത്സരത്തില്‍ 27 ഷോട്ടുകളാണ് ഗോള്‍മുഖത്തേക്ക് വന്നത്. രണ്ടാം പകുതിയില്‍ ലാമിൻ യമാലിനെ മത്സരത്തിലേക്ക് ഇറക്കിയെങ്കിലും കാപേ വെര്‍ദെയുടെ കൊട്ട പൊളിക്കാന്‍ സ്പെയിനിന് സാധിച്ചില്ല. 

ENGLISH SUMMARY:

In a stunning display of defensive resilience, the tiny African nation of Cape Verde held football giants Spain to a goalless draw, largely thanks to a heroic performance by 40-year-old goalkeeper Vozinha. Following the match, the veteran goalkeeper was seen in tears, revealing that his emotional state was driven by the absence of his grandparents, who raised him and supported his football dreams before passing away a few years ago. Vozinha further shared the heartbreak of not having his mother in the stands, as he was unable to afford the necessary visa costs for her to travel to the United States. His performance was nothing short of legendary, as he successfully thwarted seven critical Spanish attacks and withstood 27 total shots to keep a clean sheet against the European champions.