ലമീന്‍ യമാല്‍ (Reuters/Brett Davis)

ലമീന്‍ യമാല്‍ (Reuters/Brett Davis)

യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്പെയിന്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മല്‍സരത്തിനിറങ്ങുന്നു. ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ ആഫ്രിക്കന്‍ ദ്വീപ് രാജ്യം കെയ്പ് വെര്‍ഡിയാണ് എതിരാളികള്‍. കഴിഞ്ഞ മൂന്ന് ലോകകപ്പിലും രണ്ടാം റൗണ്ട് കടക്കാനായിട്ടില്ലെന്ന നാണക്കേട് മായ്ക്കേണ്ടതുണ്ട് മുന്‍ ലോക ചാംപ്യന്‍മാരായ സ്പെയിനിന്. അറ്റ്ലാന്റയില്‍ രാത്രി ഒന്‍പതരയ്ക്കാണ് മല്‍സരം.

കരുത്തോടെ കാളക്കൂറ്റന്‍മാര്‍

യൂറോപ്പില്‍ നിന്നൊരു ടീം അമേരിക്കയില്‍ കപ്പുയര്‍ത്തുമെങ്കില്‍ അത് സ്പെയിനായിരിക്കുമെന്ന് ഉറപ്പിക്കുകയാണ് വാതുവയ്പുലോകം. ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാര്‍. 2023 മാര്‍ച്ചിന് ശേഷം ഒറ്റക്കളി പോലും തോറ്റിട്ടില്ല. 2023ലെ യുവേഫ നേഷന്‍സ് കപ്പും 2024 ഒളിംപിക് സ്വര്‍ണവും യൂറോകപ്പും നേടിയാണ് വരവ്. ക്വാളിഫൈയിങ് റൗണ്ടില്‍ 21 ഗോള്‍ അടിച്ചുകൂട്ടി. വഴങ്ങിയത് രണ്ടെണ്ണം മാത്രം.

താരമാകാന്‍ യമാല്‍

ഈ ലോകകപ്പിന്റെ താരമാകുമെന്ന് കാല്‍പന്ത് ആരാധകര്‍ ഉറപ്പിക്കുന്ന ലമീന്‍ യമാലാണ് സ്പാനിഷ് പടയുടെ കരുത്ത്. ലോകഫുട്ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള യുവതാരം. നിലവില്‍ യമാലിന് ഒപ്പംനിര്‍ത്താന്‍ പോന്ന മറ്റൊരു യുവതാരം ഫുട്ബോള്‍ ലോകത്തില്ല. മൈതാനത്ത് പന്തുമായി മാജിക് കാട്ടുന്ന പതിനെട്ടുകാരന്‍ യമാല്‍ ബാര്‍സിലോനയിലെ ഇപ്പോഴത്തെ മെസിയാണ്. കരുത്തുറ്റ ഇടംകാലന്‍ ഷോട്ടുകളും വേഗമേറിയ ഡ്രിബ്ലിങ്ങും തന്ത്രപരമായ നീക്കങ്ങളും വലതുവിങ്ങിലൂടെയുള്ള മിന്നല്‍ പാച്ചിലുമാണ് വേറിട്ടതാക്കുന്നത്. പോയ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ 10 മല്‍സരങ്ങളില്‍ നിന്ന് ആറ് ഗോളും നാല് അസിസ്റ്റും. ലാ ലിഗയില്‍ 28 മല്‍സരങ്ങളില്‍ നിന്നായി 16 ഗോളും 11 അസിസ്റ്റും.

യുവരക്തം, സന്തുലിതം

ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ മധ്യനിരയാണ് സ്പെയിനിന്റേത്. യമാലും പെഡ്രിയും റോഡ്രിയും നീക്കോ വില്യംസും അടങ്ങുന്ന കോമ്പോ ഏതൊരു ടീമിന്റേയും സ്വപ്നമാണ്. ഇടത് വലതുവിങ്ങുകളിലൂടെ വില്യംസും യമാലും ചാട്ടുളി പോലെ പാഞ്ഞുകയറുമ്പോള്‍ ഏത് പേരുകേട്ട പ്രതിരോധവും പൊളിഞ്ഞുവീഴും. ഗോളടിച്ചുകൂട്ടാന്‍ യോഗ്യത റൗണ്ടിലെ ടോപ്സ്കോറര്‍മാരായ മിക്കേല്‍ മറീനോയും മൈക്കല്‍ ഒയര്‍സബാലും. ആറ് വീതം ഗോളുകള്‍ ഇരുവരും നേടി. മുന്നേറ്റനിരയ്ക്ക് കരുത്തുകൂട്ടാന്‍ ഫെറാന്‍ ടോറസുമുണ്ട്. ഗോള്‍വലയ്ക്കുമുന്നില്‍ ചോരാത്ത കൈകളുമായി ആര്‍സനലിന്റെ സൂപ്പര്‍ ഗോളി ഡേവിഡ് റായ.

ശാപമോക്ഷം കാത്ത്

2010ലെ കിരീടനേട്ടത്തിന് ശേഷം പ്രീക്വാര്‍ട്ടര്‍ കടക്കാനായിട്ടില്ലെന്ന ശാപം തീര്‍ക്കാനുറച്ചുതന്നെയാണ് സ്പാനിഷ് പട വരുന്നത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ചാംപ്യന്‍മാരുടെ പെരുമയോടെ എത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ആദ്യ മല്‍സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 5–1 എന്ന സ്കോറിന് തോറ്റു. രണ്ടാം കളിയില്‍ ചിലെയും അടിയറവ് പറയിച്ചു. (2–0). ഓസ്ട്രേലിയയെ 3–0ന് തോല്‍പിച്ചെങ്കിലും ഫലമുണ്ടായില്ല. 2018 ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. പോര്‍ച്ചുഗലിനോടും മൊറോക്കോയോടും സമനില വഴങ്ങി ഇറാനെ തോല്‍പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. ആതിഥേയരായ റഷ്യയോട് 1–1 സമനില വഴങ്ങിയതോടെ ഷൂട്ടൗട്ട്. 4–3ന് തോറ്റ് പുറത്തായി. 2022ലെ ഖത്തര്‍ ലോകകപ്പിലും പ്രീക്വാര്‍ട്ടറില്‍ മടക്കം. കോസ്റ്ററിക്കയെ 7–0ന് തകര്‍ത്തെറിഞ്ഞ് പോരാട്ടം തുടങ്ങിയെങ്കിലും പിന്നങ്ങോട്ട് പാളി. ജര്‍മനിയോട് 1–1 സമനില. ജപ്പാനോട് 2–1ന് തോറ്റു. പ്രീക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മൊറോക്കോ 3–0ന് അട്ടിമറിച്ചു.

അടിയോടടി ലക്ഷ്യം

യോഗ്യതാ റൗണ്ടിലെ ഗോള്‍ കണക്കുകള്‍ തന്നെ ഈ ടീമിന്റെ കളി പറയും. 4–3–3 ആക്രമണശൈലിയാണ് കോച്ച് ലൂയിസ് ഡി ലാന്റ ഫ്യുവന്റെയ്ക്ക് ഇഷ്ടം. പേരുകേട്ട ടിക്കി ടാക്ക കളി കഴിഞ്ഞ ലോകകപ്പിന് മുന്നേ വിട്ടു. പാസിങ് ഗെയിമിലൂടെ കൂടുതല്‍ ആക്രമണ ശൈലിയിലാണ് ഇപ്പോഴത്തെ കളി. ഫ്യൂവന്റെയ്ക്ക് കീഴില്‍ കളിച്ച 39 മല്‍സരങ്ങളില്‍ 31ലും വിജയം. അഞ്ച് സമനില. മൂന്ന് തോല്‍വി. 117 ഗോള്‍ അടിച്ചു. വഴങ്ങിയത് 45 എണ്ണം മാത്രം. വിജയശതമാനം എണ്‍പതിനടുത്ത്. ഈ കണക്കുകള്‍ തന്നെയാണ് അമേരിക്കന്‍ കപ്പ് ഉയര്‍ത്താന്‍ ഏറ്റവും സാധ്യതയുളള ടീമായി സ്പെയിനിനെ മാറ്റുന്നത്.

അരങ്ങേറ്റം കളറാക്കാന്‍ കെയ്പ് വെര്‍ഡി

5.25 ലക്ഷം മാത്രം ജനസംഖ്യയുള്ള ആഫ്രിക്കൻ ദ്വീപുരാജ്യമാണ് കെയ്പ് വെർഡി. 2023 ആഫ്രിക്കൻ നേഷൻസ് കപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയ ആത്മവിശ്വാസത്തോടെയാണ് ലോകകപ്പിലെത്തുന്നത്. സന്നാഹ മത്സരങ്ങളിൽ സെർബിയയെയും ബെർമുഡയെയും തോല്‍പിച്ചു. യൂറോപ്യൻ ടീമുകൾക്കെതിരെ കളിച്ച അവസാന 13 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് തോല്‍വി നേരിട്ടത്. അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളിലും ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ കെയ്പ് വെര്‍ഡിക്കായി. ​ലോകകപ്പ് ചരിത്രത്തിൽ ഒരു ആഫ്രിക്കൻ രാജ്യത്തിനെതിരെ സ്പെയിന്‍ തോറ്റത് ഒരിക്കല്‍ മാത്രം. 1998ല്‍ നൈജീരിയയ്ക്കെതിരെ. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യ, ലാറ്റിനമേരിക്കന്‍ കരുത്തര്‍ യുറഗ്വായ് എന്നിവരാണ് ഗ്രൂപ്പ് എച്ചിലെ മറ്റ് ടീമുകള്‍.

ENGLISH SUMMARY:

European champions Spain begin their 2026 World Cup journey with high expectations as they face tournament debutants Cape Verde in Atlanta. Seeking to break a streak of early exits that has plagued them since their 2010 triumph, the Spanish side arrives with formidable momentum, having remained unbeaten since March 2023. Led by teenage sensation Lamine Yamal, whose dribbling and playmaking ability have drawn comparisons to Lionel Messi, Spain boasts a balanced and lethal squad including Pedri, Rodri, and Nico Williams. Under coach Luis de la Fuente, the team has shifted from their traditional "tiki-taka" style to a more direct, high-scoring 4-3-3 attacking formation. Conversely, Cape Verde enters the match as underdogs, buoyed by their strong performance in the 2023 Africa Cup of Nations and a solid track record against European opposition. With a historic desire to prove themselves on the global stage, Spain looks to dominate Group H, which also features formidable opponents like Argentina and Uruguay.