Untitled design - 1

ബ്രസീലിനെ പൂട്ടിയ മൊറോക്കൻ കൗമാരവിസ്മയം അയൂബ് ബൂവാദിക്ക് പിന്നാലെ കൂടി വമ്പന്‍ ക്ലബുകള്‍. ലോകകപ്പില്‍ ഫ്രാന്‍സിന്റെ നഷ്ടവും മൊറോക്കോയുടെ നേട്ടവുമാണ് ഈ പതിനെട്ടുകാരന്‍. 

 

ലോകകപ്പില്‍ മധ്യനിരയില്‍ നിന്ന് ഉദിച്ചുയര്‍ന്ന മൊറോക്കന്‍ പ്രതിഭ. തളരാത്ത ഊർജവുമായി ബ്രസീലിനെതിരെ കളംനിറഞ്ഞു ഈ പതിനെട്ടുകാരന്‍. നിലവിൽ മികച്ച ഒത്തിണക്കമുള്ള ടീമിലേക്ക് കൗമാരതാരത്തെ കൊണ്ടുവന്നതും ബ്രസീലിനെതിരെ ആദ്യ ഇലവനിൽ ഇറക്കിയതും പരിശീലകൻ മുഹമ്മദ് വാബിയുടെ ധീരമായ തീരുമാനമായിരുന്നു.  

 

ഗണിതശാസ്ത്രത്തിൽ ബിരുദ വിദ്യാർഥിയായ ബൂവാദിയുടെ കളത്തിലെ ബുദ്ധികൂർമതയിൽ അദ്ഭുതപ്പെടാനില്ല. കളിക്കളത്തിൽ എവിടെ നിലയുറപ്പിക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നുമുള്ള സഹജമായ കഴിവ് കാണുമ്പോൾ, കണക്ക് തന്നെയാണ് താരത്തിന്റെ ശക്തിയെന്ന് വ്യക്തമാകും. രണ്ടുമാസം മുമ്പുവരെ ഫ്രാൻസിന്റെ അണ്ടർ 21 ടീമിന്റെ ക്യാപ്റ്റനായിരുന്നു ബൂവാദി. ലോകകപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പ് മാത്രമാണ് മാതാപിതാക്കളുടെ ജന്‍മനാടായ മൊറോക്കോയ്ക്കായി കളിക്കാന്‍ ഫിഫ അനുമതി ലഭിച്ചത്.  ചുവടുമാറ്റം കരിയറിലെ ഏറ്റവും മികച്ച തീരുമാനമായി.  

 

ഫ്രഞ്ച് ക്ലബ് ലില്‍ താരമായ ബൂവാദി, 17-ാം ജന്മദിനത്തിൽ ചാംപ്യന്‍സ് ലീഗില്‍ റയൽ മഡ്രിഡിനെതിരെ 90 മിനിറ്റും കളത്തിലിറങ്ങി ഗംഭീര പ്രകടനം കാഴ്ചവച്ചതോടെയാണ്  ശ്രദ്ധാകേന്ദ്രമായത്. ലോകകപ്പില്‍ ബ്രസീലിനെ പൂട്ടിയ പ്രകടനത്തോടെ മധ്യനിരയിലെ പ്രതിഭയെ സ്വന്തമാക്കാന്‍ ക്ലബുകള്‍ വലവിരിച്ചുകഴിഞ്ഞു. കളത്തിനു പുറത്തും ബൂവാദി ഒരു അത്ഭുതമാണ്. പതിനാറാം വയസില്‍ തന്നെ ഹയർ സെക്കൻഡറിക്ക് തത്തുല്യമായ പരീക്ഷ പാസായി. യുവജനങ്ങള്‍ക്കായുള്ള ദേശീയ പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുമ്പോള്‍ ബൂവാദിക്ക് പ്രായം 15 വയസ്. 

ENGLISH SUMMARY:

Ayoub Bouadi is the Moroccan teenage sensation who impressed against Brazil. His exceptional intelligence on the field, stemming from his mathematics background, has attracted the attention of top clubs worldwide.