എക്കാലവും മികച്ച ടീം ഉണ്ടായിട്ടും ഒരിക്കല്‍പോലും വിശ്വജേതാക്കളാകാന്‍ കഴിയാത്ത നെതര്‍ലന്‍സ് പൂര്‍ണത തേടി ഈ ലോകകപ്പിലെ ആദ്യ അങ്കത്തിനിറിങ്ങുന്നു. ഏഷ്യന്‍ കരുത്തര്‍ ജപ്പാന്‍ ആണ് എതിരാളി. മല്‍സരം പുലര്‍ച്ചെ 1.30ന്.
ദ ഫ്ലയിംങ് ഡെച്ച്മെന്‍ എന്നാണ് ഓറഞ്ചുകുപ്പായക്കാരുടെ വിളിപ്പേര്. എന്നാല്‍ ഇന്നുവരെ ആ കനക കിരീടത്തിന് മുകളില്‍പ്പറക്കാന്‍ ഡച്ചുകാര്‍ക്കായിട്ടില്ല. ഇക്കുറി ഒരുമാറ്റം തേടിയിറങ്ങുന്ന നെതര്‍ലന്‍റ്സിന് ഏഷ്യന്‍ പവ്വര്‍ഹൗസ്, ജപ്പാനെ തോല്‍പ്പിച്ചുവേണം തുടങ്ങാന്‍. ടീം കരുത്തരാണ്. പക്ഷേ സമ്പൂര്‍ണമല്ല. റൊണാള്‍ഡ് കൂമാന്‍റെ തന്ത്രങ്ങളിലാണ് ടീം കളത്തിലിറങ്ങുന്നത്. 4–3–3 ആണ് ഇഷ്ടശൈലി. അതിനൊത്ത കളിക്കാരും ഉണ്ട്. നായകന്‍ വിര്‍ജില്‍ വാന്‍ഡിക്ക് ആണ് പ്രതിരോധത്തിന്‍റെ കോട്ടകാക്കുന്നത്.
മധ്യനിരയില്‍ ടിയാനി റെയ്ഡേഴ്സും, ട്യൂണ്‍ കൂപ്പ്മെയ്നെഴ്സും ഭാവനാപൂര്‍ണ നീക്കത്തിന് പോന്നവരാണ്. ഡോണിയല്‍ മലാനും, മെംഫീസ് ഡീപെയും സെന്‍ട്രല്‍ ഫോര്‍വേഡില്‍ കൂപ്പമാന്‍റെ വിശ്വസ്തരാണ്. വിങറായി കോഡി ഗാപ്കോയും എത്തുമ്പോള്‍ ഡച്ചുകാര്‍ക്ക് സ്വപ്നം കാണാം. നായകൻ വറ്റാരു എൻഡോ പരുക്കേറ്റ് പുറത്തായത് ജപ്പാന് തിരിച്ചടിയാണ്. പക്ഷേ ജപ്പാന്‍ മോശക്കാരല്ല. യൂറോപ്യന്‍ ഫുട്ബോളിനെ നന്നായി വശത്താക്കുകമാത്രമല്ല, അതിന്‍റെ അനുഭവസമ്പത്തുമുണ്ട് കളിക്കാര്‍ക്ക്.
തുടര്‍ച്ചയായ എട്ടാം ലോകകപ്പാണ് ജപ്പാനിത്. കഴിഞ്ഞവട്ടം ജര്‍മനിയെയും, സ്പെയിനെയും വിഴ്ത്തി പ്രീ ക്വാര്‍ട്ടര്‍ കളിച്ചവരാണ്. തകേഫുസോ കുബോ, ഡയ്ച്ചി കമാഡ എന്നിവരൊക്കെ എന്തിനും പോന്നവരാണ്. ഈ ലോകകപ്പിലെ കറുത്തകുതിരകള്‍ ജപ്പാനാണെന്ന ഡേവിഡ് ബെക്കാമിന്‍റെ പ്രവചനം ടീമിന്‍റെ കരുത്തുപറയുന്നതാണ്.