Japan fans clear trash in the stands during the FIFA World Cup 2026 Group F match between Netherlands and Japan at Dallas Stadium (Photo by MICHAEL STEELE / GETTY IMAGES NORTH AMERICA / Getty Images via AFP)

ഫിഫ ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ ജപ്പാൻ നേടിയ സമനിലയേക്കാൾ ലോകം ചര്‍ച്ചചെയ്യുന്നത്, മല്‍സരത്തിന് ശേഷമുള്ള ജാപ്പനീസ് ഫുട്ബോള്‍ ആരാധകരുടെ പ്രവൃത്തിയാണ്. മല്‍സരത്തിന് പിന്നാലെ സ്റ്റേഡിയത്തിലെ മാലിന്യങ്ങൾ മുഴുവൻ വൃത്തിയാക്കിയ ശേഷമാണ് ഡാളസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ജാപ്പനീസ് ആരാധകർ മടങ്ങിയത്.

ഈ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തിന്‍റെ കൈയടി നേടുന്നത്. ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ‘ഇത് ഞങ്ങളുടെ സംസ്കാരമാണ്. ഒപ്പം എല്ലാത്തിനോടുമുള്ള ബഹുമാനവുമാണ്. കളിക്കാരോടും മറ്റ് ആരാധകരോടും ഈ സ്റ്റേഡിയത്തോടുമുള്ള ബഹുമാനം. ഇവിടെ വരാൻ കഴിഞ്ഞത് ഒരു ബഹുമതിയായി ഞങ്ങൾ കാണുന്നു, അതിനാൽ തന്നെ ഇവിടം അഴുക്കാക്കിയിട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ എന്നാണ് എന്തുകൊണ്ട് ഈ പ്രവൃത്തി തുടരുന്നെന്ന ചോദ്യത്തിന് ഒരു ജാപ്പനീസ് ആരാധകൻ നല്‍കിയ ഉത്തരം.

1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിലാണ് ജാപ്പനീസ് ആരാധകരുടെ ഈ ശീലം ആദ്യമായി ലോകശ്രദ്ധ നേടുന്നത്. അന്ന് ജപ്പാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായെങ്കിലും ആരാധകർ സ്റ്റേഡിയം വൃത്തിയാക്കിയ ശേഷമേ മടങ്ങിയിരുന്നുള്ളൂ. പിന്നീട് ഒളിമ്പിക്സിലും, 2022-ലെ ഖത്തർ ലോകകപ്പിൽ ജർമ്മനിയെ തോൽപ്പിച്ചപ്പോഴും ഇതേ മാതൃക അവർ ആവർത്തിച്ചു. കളിക്കളത്തിലെ ആവേശത്തിനൊപ്പം ഗാലറിയിലെ ഈ സംസ്കാരവും ജാപ്പനീസ് ഫുട്ബോളിന്‍റെ അടയാളമായി ഇപ്പോൾ മാറിക്കഴിഞ്ഞു.

അതേസമയം, ഗ്രൂപ്പ് എഫിലെ ആവേശപ്പോരാട്ടത്തിൽ ആദ്യ പകുതി വിരസമായിരുന്നെങ്കിലും, നാല് ഗോളുകൾ പിറന്ന രണ്ടാം പകുതി ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു. മത്സരത്തിന്‍റെ ആദ്യ 45 മിനിറ്റിൽ ഇരുടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നെതർലൻഡ്സ് കളി കൈക്കലാക്കി. 51-ാം മിനിറ്റിൽ വിർജിൽ വാൻ ഡിക് ഹെഡ്ഡറിലൂടെ ഗോള്‍ അടിക്കുകയായിരുന്നു. എന്നാല്‍ 57-ാം മിനിറ്റിൽ ജപ്പാന്‍ ഗോള്‍ മടക്കി സമനില ഗോൾ നേടി. 64-ാം മിനിറ്റിൽ നെതർലൻഡ്സ് വീണ്ടും ലീഡ് എടുത്തു. ഈ ഗോളോടെ നെതർലൻഡ്സ് വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷത്തില്‍ മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിനിൽക്കെ (89-ാം മിനിറ്റ്) ജപ്പാന്‍ വീണ്ടും ഗോളടിക്കുകയായിരുന്നു.

ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനും ടുണീഷ്യയും തമ്മിലുള്ള മത്സരത്തിന് ശേഷമേ ഗ്രൂപ്പിലെ കൃത്യമായ സ്ഥാനങ്ങൾ വ്യക്തമാകൂ. ഗ്രൂപ്പിലെ അടുത്ത പോരാട്ടത്തിൽ ജൂൺ 20 ശനിയാഴ്ച നെതർലൻഡ്സ് സ്വീഡനെയും, ജപ്പാൻ ടുണീഷ്യയെയും നേരിടും.

ENGLISH SUMMARY:

Following their thrilling 2-2 draw against the Netherlands in the FIFA World Cup 2026, Japanese football fans captured global admiration through an exemplary act of civic responsibility. Immediately after the final whistle at the AT&T Stadium in Dallas, the Japanese spectators stayed back to meticulously clean up all the litter and waste from the galleries. FIFA prominently highlighted this heartwarming gesture on its official social media handles, sparking widespread praise from sports enthusiasts worldwide. While the high-octane Group F match witnessed a spectacular four-goal second-half blitz featuring a strike from Virgil van Dijk, it was the unique stadium-cleaning culture of the Asian fans that stole the media spotlight. This deeply ingrained tradition of leaving match venues spotless first gained international acclaim during the 1998 World Cup in France and has since become a definitive trademark of Japanese sporting diplomacy. With the opening fixtures of Group F concluding in hard-fought draws, both teams secured a point each as they prepare for their upcoming high-stakes group encounters on June 20.