Trusco Nakayama Unveils 'Do Hiemon Box' for Heat Relief (Image/ TRUSCO YouTube)

ജപ്പാനിൽ വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഉഷ്ണതരംഗത്തെ പ്രതിരോധിക്കാനായി വിചിത്രവും എന്നാൽ ഫലപ്രദവുമായ കണ്ടുപിടുത്തവുമായി ഒരു കമ്പനി. 'ഹ്യൂമൻ റെഫ്രിജറേറ്റർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂളിങ് ബൂത്താണ് ഇപ്പോൾ ചർച്ചയാകുന്നത്.

'ഡൂ ഹിയേമോൺ ബോക്സ്' (Do Hiemon Box) എന്ന് പേരിട്ടിരിക്കുന്ന ഈ കൂളിങ് ബൂത്ത് കാണാൻ ഒരു വലിയ റഫ്രിജറേറ്റർ പോലെയാണ്. എന്നാൽ ഇത് മനുഷ്യര്‍ക്ക് തണുപ്പേകാന്‍ മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ജപ്പാനിൽ വ്യാപകമായി കണ്ടുവരുന്ന റഫ്രിജറേറ്റഡ് വെൻഡിങ് മെഷീനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാപ്പനീസ് റഫ്രിജറേറ്റര്‍ നിർമ്മാതാക്കളായ എസ്‌.ഡി.ആർ.എസ് ഇത് വികസിപ്പിച്ചെടുത്തത്. ട്രസ്കോ നകയാമയാണ് (Trusco Nakayama) ഇത് വിപണിയിലെത്തിക്കുന്നത്.

പ്രത്യേകതകൾ:

ഈ ബൂത്തിനുള്ളിലെ താപനില സ്ഥിരമായി 15 ഡിഗ്രി സെൽഷ്യസായി നിലനിർത്തുന്നു. ഉള്ളിലെ കസേരയിൽ ഇരുന്നാല്‍, ഏകദേശം 5 ഡിഗ്രി സെൽസ്യസിലുള്ള തണുപ്പിച്ച വായു, തല, കഴുത്ത്, തോൾ, പുറംഭാഗം എന്നിവിടങ്ങളിലേക്ക് വീശും. ഇത് ശരീരത്തിന് പെട്ടെന്ന് തന്നെ ആശ്വാസം നൽകും. പിന്നാലെ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ശരീരത്തില്‍ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും. പത്ത് മിനിറ്റോളം ഇതിനുള്ളിൽ ചെലവഴിക്കുന്നത് ഉയർന്ന ശരീര താപനില പെട്ടെന്ന് കുറച്ച് താപാഘാതം അകറ്റാന്‍ സഹായിക്കും.

മൂന്ന് വ്യത്യസ്ത എയർ ഫ്ലോ, കൂളിങ് സംവിധാനം ഇതിലുണ്ട്. അബദ്ധത്തിൽ അമിതമായി തണുത്തുപോകുന്നത് ഒഴിവാക്കാൻ 20 മിനിറ്റിനു ശേഷം ഇത് സ്വയം ഓഫ് ആകും. അതേസമയം, സാധാരണ സ്പോട്ട് എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്നതിന്റെ പകുതി വൈദ്യുതി മാത്രമേ ഇത് ഉപയോഗിക്കുന്നുള്ളൂ. പ്രത്യേക ഇൻസ്റ്റലേഷൻ ജോലികളൊന്നും ആവശ്യമില്ല. ചക്രങ്ങളിൽ ഘടിപ്പിച്ചതായതിനാല്‍ എവിടേക്കും എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാം.

സ്റ്റാൻഡേർഡ് മോഡലിന് 1.5 ദശലക്ഷം യെൻ ആണ് വില വരുന്നത്. നിലവിൽ ബിസിനസ്സ് സ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, ജപ്പാനിലെ ചൂട് ഇതേ രീതിയിൽ തുടരുകയാണെങ്കിൽ, ഭാവിയിൽ ജപ്പാനിലെ വെൻഡിങ് മെഷീനുകൾ പോലെ പൊതുസ്ഥലങ്ങളിലും ഈ കൂളിങ് ബൂത്തുകൾ സാധാരണ കാഴ്ചയായി മാറിയേക്കാം.

ENGLISH SUMMARY:

Amid soaring summer temperatures in Japan, a company has introduced a strange yet effective cooling booth dubbed a "human refrigerator" to combat heatwaves. Developed by Japanese refrigerator manufacturer SDRS and distributed by Trusco Nakayama—drawing inspiration from the country's ubiquitous refrigerated vending machines—the "Do Hiemon Box" resembles a large refrigerator specifically designed to cool humans. The booth maintains a constant internal temperature of 15°C, blowing 5°C chilled air onto the head, neck, shoulders, and back of a seated occupant to provide rapid relief from heat stress within five to ten minutes. Featuring three adjustable air-flow settings and an automatic 20-minute shut-off to prevent over-cooling, the mobile, wheel-mounted unit consumes half the power of standard spot air conditioners and requires no special installation, making it versatile for both indoor and outdoor use. Priced at 1.5 million yen for the standard model and primarily targeted at businesses and organizations, these cooling booths may eventually become a common public sight in Japan if extreme heatwaves persist.