Germany's Jamal Musiala scores their fourth goal (AP Photo/Eric Gay)
ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തിനിറങ്ങിയ ക്യുറസാവോയെ ഗോൾമഴയിൽ മുക്കി ജർമ്മനി. ടെക്സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ തകർപ്പൻ വിജയത്തുടക്കമാണ് ജര്‍മ്മനിക്ക് ലഭിച്ചത്. കായ് ഹാവെർട്സിന്റെ ഇരട്ട ഗോളും യുവനിരയുടെ ആക്രമണവുമാണ് ജർമ്മനിക്ക് വലിയ മാർജിനിലുള്ള വിജയം സമ്മാനിച്ചത്. മുൻ ലോകകപ്പുകളിലെ ആദ്യ മത്സരങ്ങളിലെ തോൽവി എന്ന ശാപം ഇതോടെ ജർമ്മനി മറികടന്നു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ഫെലിക്സ് നെംചയിലൂടെ ജർമ്മനി ലീഡെടുത്തു. 2026 ലോകകപ്പിലെ ഇതുവരെയുള്ളതിൽ വേഗതയേറിയ ഗോളാണിത്. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നു പന്തു ലഭിച്ച ഫെലിക്സ് നെംച ഫ്ലോറിയൻ വിറ്റ്സിനു പാസ് നല്‍കിയ ശേഷം അകത്തേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ 21-ാം മിനിറ്റിൽ ക്യുറസാവോ സമനില പിടിച്ചു. ലിവാനോ കോമനെൻസിയയാണ് ക്യുറസാവോയുടെ ആദ്യ ഗോളടിച്ചത്.
ഈ ഗോൾ ജർമ്മനിയെ കൂടുതൽ അക്രമാസക്തരാക്കിയെന്ന് വേണം പറയാന്‍. 38-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നും ഡിഫെൻഡർ നിക്കോ ഷ്ളോട്ടർബെക്ക് ഹെഡ്ഡറിലൂടെ ജർമ്മനിയെ വീണ്ടും മുന്നിലെത്തിച്ചു (2–1). ആദ്യ പകുതിയുടെ അധിക സമയത്ത് (45+5') ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് കായ് ഹാവെർട്സ് ജർമ്മനിയുടെ ലീഡ് 3-1 ആക്കി ഉയർത്തി.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കകം ജർമ്മനി നാലാം ഗോൾ നേടി. 47-ാം മിനിറ്റിൽ ജമാൽ മുസിയാലയാണ് ക്യുറസാവോ പ്രതിരോധം തകർത്ത് ലക്ഷ്യം കണ്ടത്. 64–ാം മിനിറ്റിൽ ജമാൽ മുസിയാലയെ പിൻവലിച്ച ജർമനി പകരക്കാരനായി ഡെനിസ് ഉണ്ടവിനെ ഇറക്കി. 67–ാം മിനിറ്റിൽ കുറസാവോ താരം ലിവാനോ കൊമനന്‍സിയ വീണ്ടും വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. കുറസാവോ താരം അർമാൻഡോ ഒബിപ്സോ ഓഫ് സൈഡായതാണു കാരണം. തൊട്ടുപിന്നാലെ 68-ാം മിനിറ്റില്‍ നതാനിയൽ ബ്രൗൺ ജര്‍മ്മനിയുടെ അഞ്ചാം ഗോള്‍ നേടി. 78-ാം മിനിറ്റില്‍ ഡെനിസ് ഉണ്ടാവ് സ്കോര്‍ ആറാക്കി ഉയര്‍ത്തി. 88–ാം മിനിറ്റിൽ കൈ ഹാവെർട്സ് മത്സരത്തിലെ രണ്ടാം ഗോളും നേടി. ഇതോടെ ജര്‍മ്മനിയുടെ ഗോള്‍വേട്ട പൂര്‍ത്തിയായി (7-1).
2014 ലോകകപ്പ് സെമിഫൈനലിൽ ബ്രസീലിനെ തകർത്ത അതേ സ്കോർലൈൻ ജർമ്മനി ആവർത്തിക്കുകയായിരുന്നു. മല്‍സരത്തോടെ ജർമ്മനിയുടെ ഇതിഹാസ ഗോൾകീപ്പർ മാനുവൽ നൂയര്‍ ഒരു പ്രധാന രാജ്യാന്തര ടൂർണമെന്റിൽ ജർമ്മനിക്കായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി (40 വയസ്സും 79 ദിവസവും). ലോതർ മത്തേവൂസിന്റെ റെക്കോർഡാണ് മറികടന്നത്. വിജയത്തോടെ ഗ്രൂപ്പ് ഇയിൽ ജർമ്മനി മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തിൽ ജർമ്മനി ഐവറി കോസ്റ്റിനെയും ക്യുറസാവോ ഇക്വഡോറിനെയും നേരിടും.