തീപാറുന്ന കണ്ണുകളോടെ കളിമൈതാനത്തിലെ കൊലകൊമ്പന്മാരെ നിലയ്ക്ക് നിര്‍ത്തിയിരുന്ന ആ റഫറിയെ ഓര്‍മയില്ലേ.....ഇറ്റലിക്കാരനായ പിയർലൂയിജി കോളിനയെ .....ഇത്തവണ ലോകകപ്പിലെ റഫറിമാര്‍ക്ക് പരിശീലനം നല്‍കുന്ന റോളിലായിരുന്നു കോളിന. 

തുളഞ്ഞുകയറുന്ന നോട്ടം. നിയമങ്ങളിലെ കണിശത. താരത്തിളക്കങ്ങള്‍ ഏശാത്ത നിഷ്കര്‍ഷ. കളിനിയന്ത്രിക്കാന്‍ കോളിനക്ക് വിസില്‍ വേണ്ട. ഏത് തടിമിടുക്കനും വരച്ചവരയില്‍ നില്‍ക്കും. അല്ലെങ്കില്‍ നിര്‍ത്തും. 2002 ലോകകപ്പ് ഫൈനലില്‍ ജപ്പാനിലെ യോക്കോഹാമ സ്റ്റേഡിയത്തില്‍ ബ്രസീലും ജര്‍മനിയും കോളിനയുടെ നിയന്ത്രണത്തിലാണ് ഏറ്റുമുട്ടിയത്. 

ഫുട്ബോൾ മൈതാനങ്ങളിൽ താരങ്ങള്‍ക്ക് തുല്യമോ ഒരുപക്ഷേ അതിനെക്കാള്‍ കൂടുതലോ  ആരാധകരെ നേടിയ ഒരു റഫറിയുണ്ടെങ്കിൽ അത് മറ്റാരുമല്ല. 

മൈതാനത്ത് കോളിനയെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്‍റെ  രൂപം കൂടിയായിരുന്നു. ചെറുപ്പത്തിൽ ബാധിച്ച അലോപേഷ്യ എന്ന രോഗം കാരണം അദ്ദേഹത്തിന്റെ തലമുടിയും പുരികവുമെല്ലാം  കൊഴിഞ്ഞുപോയി. ഈ നഷ്ടം കോളിന നേട്ടമാക്കി. മൈതാനത്ത് സവിശേഷ ഇടം നല്‍കി. കളി നിയന്ത്രിക്കുന്നത്  കോളിനയാണെങ്കില്‍ എതിരാളിയെ ബലംകൊണ്ട് വീഴ്ത്താന്‍ ആരും ഒന്നുമടിക്കും.

ചെറുപ്പത്തിൽ ഒരു സെൻട്രൽ ഡിഫെൻഡറായി ഫുട്ബോൾ കളിച്ചിരുന്ന അദ്ദേഹം, 1977-ൽ  17-ാം വയസ്സിലാണ് റഫറിമാര്‍ക്കുള്ള പരിശീലനപരിപാടിയില്‍ ചേര്‍ന്നത്. വളരെ പെട്ടെന്ന് തന്നെ ഇറ്റാലിയൻ ലീഗുകളിലെ മികച്ച റഫറിയായി മാറി. 1995-ൽ ഫിഫയുടെ  രാജ്യാന്തര റഫറിമാരുടെ പട്ടികയിൽ ഇടം നേടി. സമ്മർദ്ദമേറിയ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ ഫിഫ എപ്പോഴും തിരഞ്ഞെടുത്തത് കോളിനയെയായിരുന്നു. 

1996 ഒളിംപിക്സില്‍ നൈജീരിയയും അർജന്റീനയും തമ്മിലുള്ള ഫൈനൽ.  99 ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺ മ്യൂണിക്കും തമ്മിലുള്ള മല്‍സരം. പിന്നെ 2002 ലെ ലോകകപ്പ് ഫൈനൽ ഇതൊക്കെ ഉദാഹരണങ്ങള്‍. 1998 മുതൽ 2003 വരെ തുടർച്ചയായി 6 തവണ ലോകത്തിലെ ഏറ്റവും മികച്ച റഫറിക്കുള്ള പുരസ്കാരം കോളിന നേടി. ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു റഫറിക്കും ഈ നേട്ടം കൈവരിക്കാനായിട്ടില്ല.

2005-ൽ 45-ാം വയസ്സിൽ പ്രായപരിധി കാരണം കോളിന  റഫറിങ് കരിയർ അവസാനിപ്പിച്ചു.  നിലവിൽ ഫിഫയുടെ റഫറി കമ്മിറ്റിയുടെ ചെയർമാനാണ് കോളിന . ലോകകപ്പ് മല്‍സരങ്ങള്‍ക്കിടെ ക്യാമറ എപ്പോഴെങ്കിലും അദ്ദേഹത്തിലേക്ക് തിരിയുകയാണെങ്കില്‍ ഒന്ന് ശ്രദ്ധിച്ചേയ്ക്കുക...

ആധുനിക ഫുട്ബോളിൽ  വാർ അഥവാ  Video Assistant Referee സാങ്കേതികവിദ്യ നടപ്പാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. കളിക്കാരെ ബഹുമാനിക്കുകയും അവരിൽ നിന്നത് തിരികെ നേടുകയും ചെയ്ത റഫറിയായിരുന്നു കോളിന.  റഫറിമാർ പലപ്പോഴും വിമർശിക്കപ്പെടുമ്പോൾ, കളിനിയമങ്ങളിലെ കൃത്യതയും നിഷ്പക്ഷതയും കൊണ്ട്   ദശലക്ഷക്കണക്കിന് ആരാധകര്‍ ഇന്നും പിന്തുടരുന്നയാളാ കോളിന. ദ വണ്‍ ആന്‍ഡ് ഒണ്‍ലി.

ENGLISH SUMMARY:

Pierluigi Collina is a legendary figure in football, renowned for his commanding presence and strict adherence to the rules. He was a unique referee whose distinct appearance and impeccable judgment earned him millions of fans and respect from players worldwide.