Qatar national team player Tahsin Mohammed participates in the final local training session at Khalifa International Stadium in Doha, Qatar, on May 24, 2026. The squad completes its final preparations on home soil ahead of the FIFA World Cup 2026. Qatar is scheduled to play friendly matches against the Republic of Ireland and El Salvador as part of its build-up to the tournament. (Photo by Noushad Thekkayil/NurPhoto via Getty Images)

ലോകകപ്പ് ഫുട്ബോളില്‍ നാളെ പുലര്‍ച്ചെ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഖത്തര്‍ കളത്തിലിറങ്ങുമ്പോള്‍ മലയാളികള്‍ തിരയുക തഹ്സിന്‍ മുഹമ്മദ് എന്ന കണ്ണൂരുകാരന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്നാണ്. ലോകകപ്പിലെ ആദ്യ ജയമാണ് ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് ലോകകപ്പിലും പ്രീക്വാര്‍ട്ടര്‍ കളിച്ച സ്വിറ്റ്സര്‍ലന്‍ഡിനെ പിടിച്ചുകെട്ടുക അത്ര എളുപ്പമാകില്ല ഖത്തറിന്. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മല്‍സരം. 

Qatar players warm up during a training session, Friday, June 12, 2026, in San Jose, Calif., near San Francisco, ahead of the World Cup Group B soccer match between Qatar and Switzerland. (AP Photo/Eugene Hoshiko)

പിറന്നാളിന് ലോകകപ്പ് കളിക്കുമോ തഹ്സീന്‍?

ലോകകപ്പ് ഫുട്ബോള്‍ കളിക്കുന്ന ആദ്യ മലയാളിയായി തഹ്സിന്‍ മുഹമ്മദ് ബൂട്ടുകെട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് കേരളക്കര. കളത്തിലിറങ്ങാനായാല്‍ തഹ്സീനത് പിറന്നാള്‍ സമ്മാനമാകും. രണ്ട് ദിവസത്തിനപ്പുറം ചൊവ്വാഴ്ച  ഇരുപതാം പിറന്നാളാഘോഷം കളറാക്കാം. ഖത്തര്‍ ദേശീയടീമിലേക്ക് ഒട്ടേറെ പേരെ വാര്‍ത്തെടുത്ത ആസ്പയര്‍ അക്കാദമിയിലൂടെയാണ് തഹ്സീന്റേയും വരവ്. ഖത്തറിന്റെ അണ്ടർ 16, അണ്ടർ 19, അണ്ടർ 23 ടീമുകളില്‍ കളിച്ചു.  ഡ്രിബ്ലിങ് മികവും മിന്നല്‍ വേഗവും മികച്ച ടെക്നിക്കുമാണ് പ്ലസ് പോയിന്റ്. വിങ്ങറായും സ്ട്രൈക്കറായും ഖത്തര്‍ ജൂനിയര്‍ ടീമില്‍ തിളങ്ങിയ തഹ്സീന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ലെങ്കിലും പകരക്കാരനായി കളത്തിലുണ്ടാകുമെന്ന് ഉറപ്പിക്കാം. 

ലോകകപ്പ് ഫുട്ബോളിലെ ആദ്യ ജയവും, നോക്കൗട്ട് റൗണ്ടും സ്വപ്നം കണ്ടിറങ്ങുന്ന ഖത്തറിന്റെ വരവ് അത്ര ആത്മവിശ്വാസത്തോടെയല്ല. സന്നാഹ മല്‍സരങ്ങളില്‍ എല്‍സാല്‍വദോറിനോട് 1–1 സമനില വഴങ്ങി, അയര്‍ലന്‍ഡിനോട് തോറ്റു. ആതിഥേയര്‍ എന്ന നിലയില്‍ കഴിഞ്ഞ തവണ ആദ്യ ലോകകപ്പ് കളിച്ച ഖത്തര്‍ ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ട് ജയിച്ചാണ് വന്നത്. 2022ല്‍ കളിച്ച മൂന്നും തോറ്റു. ഏഴ് ഗോള്‍ വഴങ്ങി, ഒന്ന് അടിച്ചു.  ജൂലന്‍ ലോപെറ്റെഗിക്ക് എന്ന സ്പാനിഷ് പരിശീലകന് കീഴില്‍ ടീമെന്ന നിലയില്‍ ഖത്തര്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2023ലെ ഏഷ്യന്‍ ചാംപ്യന്‍മാരായി. പ്രതിരോധത്തിലൂന്നി കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറുന്ന ഖത്തറിന്റെ സ്കോറിങ് പ്രതീക്ഷ അക്രം അഫീഫിലും അല്‍മോസ് അലിയിലുമാണ്. 

കരുത്ത് കാട്ടാന്‍ സ്വിസ് പട

ഗ്രൂപ്പ് ബിയിലെ ഫേവറൈറ്റുകളായ സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തറിന് ബാലികേറാമല ആണെന്നതില്‍ സംശയമില്ല. സ്വിസ് പടയ്ക്ക് ഇത് പതിമൂന്നാം ലോകകപ്പാണ്.  തുടര്‍ച്ചയായ ആറാം ലോകകപ്പ് കളിക്കുന്ന ടീം കഴിഞ്ഞ അഞ്ചു തവണയും പ്രീക്വാര്‍ട്ടര്‍ കളിച്ചു. എന്നാല്‍ 1954ന് ശേഷം രണ്ടാം റൗണ്ട് കടന്നിട്ടില്ല. യോഗ്യതാറൗണ്ടില്‍ തോല്‍വിയറിയാതെയാണ് വരവ്. 2024 യൂറോകപ്പില്‍ മികച്ച പ്രകടനം. കൂടുതല്‍ സമയം പന്ത് നിയന്ത്രണത്തിലാക്കി കളി വരുതിയിലാക്കുകയാണ് ശൈലി. പ്രതിരോധത്തില്‍ കോട്ട പണിയും. വീണുകിട്ടുന്ന അര്‍ധാവസരങ്ങളില്‍ അതിവേഗ മുന്നേറ്റം. 

യൂറോപ്യന്‍ ക്ലബുകളിലെ താരങ്ങള്‍ അണിനിരക്കുന്ന പരിചയസമ്പന്നമായ മധ്യനിരയും പ്രതിരോധവുമാണ് ‌കരുത്ത്. മധ്യനിരയില്‍ സണ്ടര്‍ലാന്‍ഡ് താരം ക്യാപ്റ്റന്‍ ഗ്രാനിറ്റ് സാക്ക  , പ്രതിരോധത്തില്‍ ഇന്‍റര്‍മിലാന്റെ സെന്റര്‍ബാക്ക് മാനുവല്‍ അകാഞ്ചി, ഗോളടിക്കാന്‍ ബ്രീല്‍ എംബോളൊയും യുവതാരം ഡാന്‍ എന്‍ഡോയെയും. യോഗ്യതാ റൗണ്ടിലെ സ്വിസ് ടോപ് സ്കോററാണ് എംബോളോ. 2022 ലോകകപ്പിലും 2024 യൂറോയിലും ഒന്നിലധികം ഗോള്‍ നേടിയ ‌താരം. ഗോള്‍ വലകാക്കാന്‍ ബോറൂസിയ ഡോര്‍ട്മുണ്ട് ഗോളി ഗ്രെഗര്‍ കോബല്‍. സ്വിറ്റ്സര്‍ലന്‍ഡും ഖത്തറും ഒരു തവണ മാത്രമാണ് നേര്‍ക്കുനേര്‍ വന്നത്.  2018ല്‍. 1–0ന് ഖത്തര്‍ അട്ടിമറി വിജയം നേടി. ലോകകപ്പില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ ഇതാദ്യം.

ENGLISH SUMMARY:

Football enthusiasts across Kerala are eagerly waiting to see if Kannur-born winger Tahsin Mohammed will make his historic debut in Qatar's opening FIFA World Cup 2026 match against Switzerland. If the promising Aspire Academy graduate steps onto the pitch, it will serve as an ultimate twentieth birthday gift for him and mark the first time a Keralite has ever played in a football World Cup. The reigning Asian champions, currently managed by veteran Spanish head coach Julen Lopetegui, are heavily targeting their first-ever tournament victory after a disappointing group-stage exit in 2022. However, breaking past the Swiss backline will prove a massive challenge for Qatar's clinical attacking duo of Akram Afif and Almoez Ali. The formidable Switzerland squad enters Group B as distinct favorites, powered by experienced European stalwarts including captain Granit Xhaka and Inter Milan center-back Manuel Akanji. With Borussia Dortmund goalkeeper Gregor Kobel guarding the net and Breel Embolo leading the frontline attack, the disciplined Swiss side aims to comfortably maintain their flawless knockout qualification record.