ഗോളടിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഗോളടിപ്പിക്കുന്നതും. പാസിങ് കൃത്യത കൊണ്ടും പ്രതിരോധത്തിലെ പിഴവ് മുതലെടുത്തും ടീമംഗത്തിന് പന്തെത്തിച്ച് കൊടുക്കുന്ന പ്ലേ മേക്കിങില്‍ ലോകകപ്പ് കണക്കുകളില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നിരിക്കുകയാണ് യുഎസ്എ താരം ക്രിസ്റ്റ്യന്‍ പുലിസിക്. ലോകകപ്പ് കരിയറിലെ മൂന്നാമത്തെ അസിസ്റ്റാണ് പുലിസിക് ഇന്ന് നേടിയത്. പാരഗ്വായ്ക്കെതിരെ 4–1ന്‍റെ തകര്‍പ്പന്‍ ജയം നേടാന്‍ യുഎസ്എയ്ക്ക് കഴിഞ്ഞതില്‍ പുലിസികന്‍റെ പങ്ക് ചെറുതല്ലെന്ന് സാരം. രണ്ട് അസിസ്റ്റുകളാണ് ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ളത്. 

2022 ന് ശേഷമാണ് പുലിസികിന്‍റെ നേട്ടമെന്നതാണ് പ്രധാനം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി മെസിയും ഹാരി കെയ്നും മാത്രമാണ് ഇക്കാര്യത്തില്‍ പുലിസികിനൊപ്പമുള്ളത്. കളിയുടെ 31–ാം മിനിറ്റില്‍ ഫൊളാരിന്‍ ബലോഗനാണ് പുലിസിക് പന്തെത്തിച്ചത്. ബലോഗന്‍ ഇത് കൃത്യമായി ഗോളാക്കുകയും ചെയ്തു. 

അസിസ്റ്റില്‍ പുലി പക്ഷേ സാക്ഷാല്‍ പെലെയാണ്. പത്ത് അസിസ്റ്റുകളാണ് പെലെയുടെ പേരിലുള്ളത്. എട്ടെണ്ണവുമായി ലയണല്‍ മെസിയാണ് രണ്ടാമത്. എട്ടു തന്നെ അസിസ്റ്റ് മറഡോണയുടെ പേരിലുമുണ്ട്. പോളണ്ടിന്‍റെ ഗ്രെഗോസ് ലാറ്റോ, ജര്‍മനിയുടെ പിയറി ലിറ്റ്ബാര്‍സ്കി എന്നിവര്‍ ഏഴുവീതവും തോമസ് മുള്ളര്‍, ഡേവിഡ് ബെക്കാം, ഫ്രാന്‍സെസ്കോ ടോട്ടി എന്നിവര്‍ ആറ് അസിസ്റ്റുകളുമായും തൊട്ടുപിന്നിലുണ്ട്. ഗോളുകള്‍ സ്കോര്‍ മാറ്റുമ്പോള്‍, കളിയെ കൂടുതല്‍ മനോഹരമാക്കുന്നതും അസിസ്റ്റുകളാണ്. 

ലോകകപ്പിലെ അമേരിക്കന്‍ മോഹങ്ങള്‍ക്ക് മിന്നല്‍ത്തുടക്കമാണ് ഇന്നുണ്ടായത്. പാരഗ്വായുടെ സെല്‍ഫ് ഗോളില്‍ കിട്ടിയ നേട്ടം ബലോഗന്‍ ഇരട്ട ഗോളിലൂടെ പ്രയോജനപ്പെടുത്തിയപ്പോള്‍ ആധിപത്യത്തിന് മാറ്റ് കൂട്ടുന്നതായിരുന്നു അധികസമയത്ത് റെയ്ന നേടിയ ഗോള്‍. കളിയുടെ ആദ്യപകുതിയില്‍ അമേരിക്കന്‍ ആധിപത്യം പൂര്‍ണമായിരുന്നു. 73–ാം മിനിറ്റിലാണ് അമേരിക്കയുടെ ഗോള്‍വല ചലിപ്പിക്കാന്‍ പാരഗ്വായ്ക്ക് ആയത്. 

ENGLISH SUMMARY:

United States national team captain Christian Pulisic has achieved a remarkable milestone by surpassing Portuguese icon Cristiano Ronaldo in total career FIFA World Cup assists. The AC Milan playmaker registered his third tournament assist during the USA's commanding 4-1 victory over Paraguay, overtaking Ronaldo who has only managed two assists across his extensive World Cup appearances. Pulisic's crucial playmaking vision unfolded in the thirty-first minute when he delivered a perfectly weighted pass to striker Folarin Balogun, who clinically converted the opportunity. This exceptional stat positions the twenty-seven-year-old alongside elite contemporary creators like Lionel Messi and Harry Kane for major creative impact over the recent editions. While legendary Brazilian forward Pelé still sits comfortably at the pinnacle of the all-time tournament charts with ten assists, followed closely by Messi and Diego Maradona with eight each, Pulisic is steadily rising through the American record books. His visionary on-field leadership beautifully anchored the host nation's offensive masterclass, which was safely wrapped up with a comprehensive scoreline thanks to additional goals from Balogun and an extra-time sealer by Gio Reyna.