Image Credit: AFP
ജയന്‍റ് കില്ലേഴ്സെന്ന് പേരെടുത്ത മൊറോക്കന്‍ നിരയ്ക്കെതിരെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ടീമില്‍ നെയ്മാറുണ്ടാവില്ലെന്ന് സൂചനകള്‍. നാളെ പുലര്‍ച്ചെ 3.30നാണ് ബ്രസീലിന്‍റെ ആദ്യ മല്‍സരം. നെയ്മാറിനെ കളിപ്പിക്കണമെന്ന് ആരാധകരും മുന്‍താരങ്ങളും ആവശ്യപ്പെട്ടുവെങ്കിലും താരം പൂര്‍ണമായും പരുക്കില്‍ നിന്ന് മുക്തനായിട്ടില്ലെന്നാണ് കോച്ച് ആഞ്ചലോട്ടിയുടെ നിലപാട്. കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് നെയ്മാര്‍ക്ക് പനാമയ്ക്കും ഈജിപ്തിനുമെതിരായ സൗഹൃദ മല്‍സരങ്ങള്‍ നഷ്ടമായിരുന്നു.
ന്യൂജഴ്സി സ്റ്റേഡിയത്തില്‍, രാജ്യാന്തര ഫുട്ബോളിലേക്കുള്ള നെയ്മാറിന്‍റെ മടങ്ങിവരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് കനത്ത ആഘാതമാണ് കോച്ച് ആഞ്ചലോട്ടിയുടെ വാക്കുകള്‍. തല്‍ക്കാലം പ്ലേയിങ് ഇലവനില്‍ നെയ്മാറുണ്ടാകില്ലെന്നാണ് ആഞ്ചലോട്ടി തന്നെ വ്യക്തമാക്കുന്നത്. 'പരുക്കില്‍ നിന്ന് എത്രയും വേഗം മോചിതനാകാന്‍ നെയ്മാര്‍ ശ്രമിക്കുന്നുണ്ട്. കളിക്കാനിറങ്ങിയാല്‍ നെയ്മാര്‍ക്ക് പകരക്കാരന്‍ ഇല്ലെന്നതില്‍ തര്‍ക്കമില്ല. നെയ്മാര്‍ ടീമിലുള്ളത് യുവതാരങ്ങള്‍ക്കും പ്രചോദനമാണ്' എന്നും ആഞ്ചലോട്ടി പറഞ്ഞു.
2002 ന് ശേഷം ലോകകപ്പ് നേടാന്‍ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൊറോക്കോയ്ക്കെതിരെ നെയ്മാര്‍ ഇറങ്ങുന്നില്ലെന്നത് ടീമിനെ വൈകാരികമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നാണ് മുന്‍താരങ്ങളടക്കം പറയുന്നത്. നെയ്മാറിന്‍റെ ഫിറ്റ്നസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ മെഡിക്കല്‍ സംഘം പുറത്തുവിടാത്തത് ആരാധകര്‍ക്ക് ആശങ്കയേറ്റിയിരുന്നു. മേയ് പതിനേഴിന് കോറിറ്റിബയുമായുള്ള സാന്‍റോസിന്‍റെ മല്‍സരത്തിനിടെയാണ് നെയ്മാര്‍ക്ക് പരുക്കേറ്റത്. ലോകകപ്പിനുള്ള ബ്രസീല്‍ ടീം പ്രഖ്യാപിക്കുന്നതിന് കൃത്യം ഒരു ദിവസം മുന്‍പായിരുന്നു ഇത്. രണ്ടാഴ്ചത്തെ വിശ്രമമാണ് താരത്തിന് അന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇത് മേയ് 31ന് താരം ആരോഗ്യം വീണ്ടെടുക്കുമെന്നും പരിശീലനത്തിന് ഇറങ്ങാന്‍ കഴിയുമെന്നുമായിരുന്നു സാന്‍റോസിന്‍റെ വിശദീകരണം.
എന്നാല്‍ പരുക്ക് ഭേദമാകാനുള്ള കാലയളവ് വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും നെയ്മാറിന്‍റെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തുന്നുവെന്നുമായിരുന്നു ബ്രസീലിന്‍റെ ദേശീയ ടീം അധികൃതര്‍ വ്യക്തമാക്കിയത്. സാന്‍റോസില്‍ നിന്നുള്ള പ്രഫഷനലുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ബ്രസീലിന്‍റെ ഫിസിയോ തെറപ്പി ടീം.10 വര്‍ഷത്തിലേറെയായി നെയ്മാറിനൊപ്പമുള്ളവരാണ് ഇവരെന്നും ടീം വെളിപ്പെടുത്തുന്നു.
അതേസമയം, നെയ്മാര്‍ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നും ലോകകപ്പ് കളിക്കാന്‍ തയറാണെന്നുമാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. 79 ഗോളുകളാണ് ബ്രസീലിനായി നെയ്മാര്‍ ഇതുവരെ നേടിയിട്ടുള്ളത്. 2023 ലേറ്റ പരുക്കിന് ശേഷം രാജ്യാന്തര മല്‍സരങ്ങളില്‍ താരത്തിന് ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.