ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ ആദ്യ മല്‍സരത്തില്‍ ഇന്ന് ആതിഥേയരായ അമേരിക്ക – പാരഗ്വായെ നേരിടും. 96 വര്‍ഷത്തിന് ശേഷമാണ് ഇരുടീമും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറരയ്ക്കാണ് മല്‍സരം. രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന മല്‍സരത്തില്‍ കാനഡ – ബോസ്നിയയെ നേരിടും.
അമേരിക്ക x പാരഗ്വായ്
കണക്കുകളിലും പ്രവചനങ്ങളിലും പാരഗ്വായ്ക്ക് മേല്‍ വലിയ മുന്‍തൂക്കമുണ്ട് അമേരിക്കയ്ക്ക്. 9 തവണ ഏറ്റുമുട്ടിയതില്‍ അഞ്ച് ജയം. രണ്ട് സമനില. രണ്ട് ജയം പാരഗ്വായ് നേടി. കഴിഞ്ഞ വര്‍ഷം അവസാനം ഏറ്റുമുട്ടിയപ്പോഴും വിജയം അമേരിക്കയ്ക്ക് (2–1).
ഇതിന് മുന്‍പ് ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നത് ഒറ്റത്തവണ മാത്രം. 1930ലെ പ്രഥമ ലോകകപ്പില്‍. ബെര്‍ട്ട് പാറ്റനോഡിന്‍റെ ഹാട്രിക്കില്‍ വിജയം അമേരിക്കയ്ക്ക്. ലോകകപ്പ് സന്നാഹത്തിലടക്കം ഇരു ടീമും കളിച്ച അവസാന ആറ് കളികളില്‍ മൂന്ന് വീതം ജയവും തോല്‍വിയും.
ഏതാണ്ട് ഒരു നൂറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് പോരാട്ടത്തിന് ടീമുകളെ ഒരുക്കുന്നത് രണ്ട് അര്‍ജന്‍റൈന്‍ പരിശീലകര്‍. തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിമിലേക്ക് മാറുന്ന അമേരിക്കയും പ്രതിരോധക്കോട്ട തീര്‍ത്ത് എതിരാളികളുടെ മനസ് തളര്‍ത്തുന്ന പാരഗ്വായും. 2010-ന് ശേഷം ആദ്യമായി ലോകകപ്പ് വേദിയിലെത്തുന്ന പാരഗ്വായ്, കോച്ച് ഗുസ്താവോ അൽഫാരോയുടെ കീഴിൽ പ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ടീമാണ്. സ്കോറിങ്ങിന് തിടുക്കം കാട്ടാത്ത പാരഗ്വായ്ക്ക് കൗണ്ടര്‍ അറ്റാക്കും സെറ്റ് പീസുകളുമാണ് ഗോള്‍വഴികള്‍. യോഗ്യതാറൗണ്ടില്‍ നാല് ഗോളുമായി മേഖലയിലെ ടോപ്സ്കോററായ ടോണി സനാബ്രിയയാണ് സ്കോറിങ് ബൂട്ട്.
ക്യാപ്റ്റന്‍ ഗുസ്താവോ ഗോമസും സണ്ടര്‍ലാന്‍ഡിന്റെ ഒമര്‍ അaല്‍ഡറേറ്റും നയിക്കുന്ന പാരഗ്വായ് പ്രതിരോധം പൊളിക്കുക അത്ര എളുപ്പമാകില്ല യുഎസിന്. എങ്കിലും ഹോം ഗ്രൗണ്ടില്‍ ആര്‍ത്തിരമ്പുന്ന അമേരിക്കന്‍ കാണികള്‍ക്ക് മുന്നില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റേയും സ്കോറിങ് മെഷീന്‍ ഫൊളാരിൻ ബാലോഗന്റേയും ബൂട്ടുകള്‍ക്ക് കരുത്തുകൂടും. പോയ സീസണില്‍ 19 ഗോളുകളാണ് ബാലോഗന്‍ അടിച്ചുകൂട്ടിയത്. എസി മിലാന്റെ സൂപ്പർ താരമായ പുലിസിച്ച് യുഎസ്എ നിരയിലെ ഏറ്റവും അപകടകാരിയാണ്. വിങ്ങുകളിൽ നിന്ന് കുതിച്ച് പാഞ്ഞ് എതിര്‍ടീമിന്റെ പ്രതിരോധം കീറിമുറിക്കാൻ പോന്ന പ്രത്യേക മികവ് പുലിസിച്ചിനുണ്ട്. മൊറീസിയോ പോച്ചെറ്റീനോയുടെ കീഴിലിറങ്ങുന്ന യുഎസ്എ ടീം യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്നതാണ്.
1930ലെ പ്രഥമ ലോകകപ്പിലെ സെമി ഫൈനലാണ് അമേരിക്കയുടെ ലോകകപ്പിലെ എക്കാലത്തേയും മികച്ച പ്രകടനം. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അമേരിക്കയ്ക്ക് സ്വന്തം നാട്ടില്‍ അവസാന നാലില്‍ എത്തുകയാണ് ലക്ഷ്യം. പാരഗ്വായുടെ ലോകകപ്പിലെ മികച്ച മുന്നേറ്റം ക്വാര്‍ട്ടര്‍ഫൈനലിനപ്പുറം കടന്നിട്ടില്ല.
കാനഡ x ബോസ്നിയ & ഹെർസഗോവിന
ഗ്രൂപ്പ് ബിയില്‍, മൂന്നാം ലോകകപ്പ് കളിക്കുന്ന കാനഡയ്ക്ക് ബോസ്നിയയ്ക്കെതിരെ വിജയിച്ചാല്‍ അത് ചരിത്രമാണ്. ഇതുവരെ ഒറ്റക്കളി പോലും ലോകകപ്പില്‍ ജയിക്കാന്‍ കാനഡയ്ക്ക് ആയിട്ടില്ല. രണ്ട് ലോകകപ്പുകളിലായി കളിച്ച ആറ് മല്‍സരങ്ങളിലും തോറ്റു. സ്വന്തം നാട്ടുകാരുടെ പിന്തുണയില്‍ ജയിച്ചുതുടങ്ങാം എന്നാണ് സ്വപ്നം. എന്നാല്‍ ഇറ്റലിയെ പ്ലേ ഓഫ് പോരാട്ടത്തില്‍ പുറത്താക്കി എത്തുന്ന ബോസ്നിയയെ അത്രയെളുപ്പം കീഴടക്കാനാകില്ലെന്ന് കാനഡയ്ക്കറിയാം..