കായികവേദികളും ലൈംഗികബന്ധവുമായിട്ട് എന്ത് ബന്ധം. തികച്ചും ന്യായമായ ചോദ്യം. ഏറ്റവുമധികം ലൈംഗികബന്ധങ്ങള്‍ നടക്കുന്ന സമയമാണ് ലോകകപ്പ്, ഒളിംപിക്സ് പോലുള്ള വന്‍ കായികമേളകള്‍ നടക്കുന്ന സമയമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റഷ്യന്‍ ഒളിപിക്സിനിടെ കായികതാരങ്ങള്‍ ഫ്ലഷ് ചെയ്ത കോണ്ടങ്ങള്‍ കുടുങ്ങി ബാത്ത്റൂമുകള്‍ കേടായതിനെക്കുറിച്ച് വരേ വാര്‍ത്തകളുണ്ടായിരുന്നു. ഇത് കൂടാതെ പല ഒളിംപിക്സിലും സംഘാടകര്‍ താരങ്ങള്‍ക്ക് കോണ്ടങ്ങള്‍ വിതരണം ചെയ്യാറുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാണികളും വന്‍തോതില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയമാണിത്.
ഇപ്പോഴിതാ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരോട് സുരക്ഷിതമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ മുന്നറിയിപ്പുമായി യുഎസിലെ പല നഗരങ്ങളിലും ബില്‍ബോര്‍ഡുകള്‍ ഉയരുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രധാന വേദികളിലൊന്നായ അറ്റ്ലാന്‍റയില്‍ ഉയര്‍ന്ന ബോര്‍ഡാണ് ഇപ്പോള്‍ ഏറ്റവും വൈറലാകുന്നത്. ഗ്രൗണ്ടില്‍ ഫുട്ബോള്‍ നിറത്തില്‍ കിടക്കുന്ന കോണ്ടമാണ് ബോര്‍ഡിലെ ഹൈലൈറ്റ്. ഇതിന് മുകളില്‍ ഗോള്‍ എന്നും എഴുതിയിട്ടുണ്ട്. സാധാരണ കോണ്ടം കമ്പനികള്‍ വയ്ക്കുന്ന പരസ്യമല്ല മറിച്ച് യുസ് കോണ്ടം ഡോട് കോം എന്ന വെബ്സൈറ്റാണ് ബോര്‍ഡ് വച്ചിരിക്കുന്നത്. ലൈംഗികരോഗങ്ങള്‍ തടയാന്‍ മുന്നറിയിപ്പെന്ന നിലയിലാണ് ബോര്‍ഡ്.
യുഎസില്‍ ഏറ്റവുമധികം ലൈംഗികബന്ധത്തില്‍ പടരുന്ന രോഗങ്ങളുള്ള നഗരമാണ് അറ്റ്ലാന്‍റ. നിരവധി പേര്‍ ലൈംഗികതൊഴിലിനെ ആശ്രയിച്ച് ജീവിക്കുന്ന നഗരം കൂടിയാണ് ഇത്. എച്ഐവി, സിഫ്‍ലിസ്, ക്ലിമിഡിയ, ഗോണറിയ തുടങ്ങിയ ലൈംഗികരോഗങ്ങള്‍ വന്‍തോതിലാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.
ഇത്രയധികം ലൈംഗികതൊഴിലാളികള്‍ ഉള്ളതിനാല്‍ വേള്‍ഡ് കപ്പ് കാണാനെത്തുന്ന വിദേശികള്‍ ഇവരുമായി വന്‍തോതില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും രോഗങ്ങള്‍ രാജ്യാന്തര തലത്തില്‍ പരന്നേക്കാമെന്ന മുന്‍കരുതലോടും കൂടിയാണ് കോണ്ടങ്ങളെ ഇത്രയധികം പ്രചരിപ്പിക്കുന്നത്.