ലോകകപ്പിലെ ആദ്യമല്‍സരത്തിന് മൂന്നുദിവസം മാത്രം ശേഷിക്കെ ഹെയ്റ്റിയുടെ ജേഴ്സി വിലക്കി ഫിഫ. ജേഴ്സിയിലെ ചിത്രങ്ങൾ രാഷ്ട്രീയ സന്ദേശമായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയെ തുടർന്നാണ് നടപടി. ഇതോടെ പുതിയ ജേഴ്സി പുറത്തിറക്കി.
പോളിഷ് പതാകയേന്തിയ സൈനികരുടെ ചിത്രം പതിച്ചതായിരുന്നു ഹെയ്റ്റിയുടെ ജേഴ്സി. സംഘര്‍ഷകാലത്ത് നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യത്തിൽനിന്ന് കൂറുമാറി ഹെയ്റ്റിയെ സഹായിച്ച പോളിഷ് സൈനികർക്കുള്ള ആദരസൂചകമായായിരുന്നു ജേഴ്സിയിലെ ചിത്രം. ഫിഫയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജേഴ്സിയില്‍ നിന്ന് ചിത്രങ്ങള്‍ ഒഴിവാക്കി. ഹെയ്റ്റിയുടെ ഭാവിക്കായി പോരാടിയവരോടുള്ള ആദരവായിരുന്നു ജേഴ്സി രൂപകൽപനയെന്നും അതൊരു രാഷ്ട്രീയ പ്രസ്താവനയല്ലെന്നു ജേഴ്സി നിര്‍മാതാക്കളായ സയറ്റ പ്രതികരിച്ചു. ഈ വർഷം രാജ്യാന്തര കായികവേദിയിൽ ഹെയ്റ്റി നേരിടുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ശീതകാല ഒളിംപിക്സിൽ, ഉദ്ഘാടനച്ചടങ്ങിനുള്ള വസ്ത്രങ്ങളിൽ നിന്ന് രാഷ്ട്രപിതാവായ തൂസാൻ ലൂവർച്ചറിന്റെ ചിത്രം നീക്കം ചെയ്യാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.