OctavioPaz

cസാഹിത്യനൊബേല്‍ ജേതാവായ പാസ്, ലോകകപ്പിന്‍റെ ഉദ്ഘാടനവേദിയായ  മെക്സിക്കോസിറ്റിയിലാണ് ജനിച്ചത്.  ഒക്ടോവിയോ പാസ് തന്‍റെ  വിഖ്യാത കൃതിയായ ദ് ലേബിരിന്‍ത് ഓഫ് സോളിറ്റ്യൂഡ്  എന്ന പുസ്തകത്തിന്‍റെ ശൈലിയിൽ, ലോകകപ്പിനെക്കുറിച്ച്  എഴുതിയാല്‍ അതൊരുപക്ഷേ ഇങ്ങനെയായിരിക്കും.–  മൈതാനം പച്ചനിറത്തിലുള്ള ഒരു തുറന്ന പുസ്തകമാണ്. അവിടെ കളി ആരംഭിക്കുമ്പോൾ, ചരിത്രം അതിന്‍റെ ഭാരം ഇറക്കിവെക്കുന്നു. പന്തുരുളുന്നത് ഭൂമിയുടെ ഭ്രമണം പോലെയാണ്; അത് മനുഷ്യന്‍റെ പ്രതീക്ഷകളെയും ആകുലതകളെയും ഒന്നിച്ച് കറക്കുന്നു. തൊണ്ണൂറ് മിനിറ്റ് നേരത്തേക്ക് നമ്മൾ ചരിത്രത്തിന്‍റെ അടിമകളല്ല, മറിച്ച് ഈ നിമിഷത്തിന്‍റെ മാത്രം ഉടമകളാണ്. കളി അവസാനിക്കുമ്പോൾ, ജയിച്ചവരും തോറ്റവരും വീണ്ടും  പഴയ ഏകാന്തതകളിലേക്ക് മടങ്ങുന്നു. എങ്കിലും, ആ പച്ചപ്പുല്ലിൽ അവർ ഒരു നിമിഷത്തേക്ക് അവര്‍  അനശ്വരത തൊട്ടറിയുന്നു. 

മനുഷ്യരുടെ ദൈനംദിന ഏകാന്തതയിൽ നിന്നും സങ്കടങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള വിശുദ്ധമായ ഇടമാണ് ഉല്‍സവങ്ങള്‍ എന്നാണ് ഒക്ടോവിയോ പാസ് വിശ്വസിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹം തുടരുന്നു –സാധാരണ ജീവിതത്തിന്‍റെ വിരസമായ സമയക്രമത്തെ ലോകകപ്പ് തല്ലിത്തകർക്കുന്നു.സ്റ്റേഡിയത്തിന്‍റെ ഗാലറികളിലും ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലും കണ്ണുതുറന്നിരിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ ആ ചെറിയ  പന്തിലേക്ക്  സ്വന്തം ആത്മാവിനെ ആവാഹിച്ചുവെക്കുന്നു. അവിടെ  മനുഷ്യൻ തന്‍റെ ഒറ്റപ്പെടലിനെ  കൂട്ടായ ലഹരിയാക്കി മാറ്റുന്നു. വിവേകവും യുക്തിയും മാറ്റിനിർത്തുന്നു, വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നു , അവിടെ അപരിചിതർ പരസ്പരം കെട്ടിപ്പിടിക്കുന്നു, ഒന്നിച്ച് കരയുന്നു, ഒന്നിച്ച് ആർത്തുവിളിക്കുന്നു.

സണ്‍സ്റ്റോണ്‍ എന്ന ദീര്‍ഘ കവിത എഴുതിയ പാസ്,  മെക്സിക്കോയിലെ ആസ്റ്റെക് പുരാണങ്ങളിലെ നായകന്മാരായി കളിക്കാരെ കണ്ടേയ്ക്കാം. അപ്പോള്‍ മെസ്സിയും നെയ്മാറും റൊനാള്‍ഡോയും എംബപ്പേയുമെല്ലാം അതിമാനുഷരാകും. അദ്ദേഹം പറയും–എന്‍റെ നാടിന് നല്ലതുടക്കം നല്‍കിയ യൂലിയന്‍ ക്വിനോണസ്, റൗള്‍ ഹിമനെസ് നിങ്ങള്‍ക്ക് അഭിവാദനങ്ങള്‍ ... പ്രിയപ്പെട്ട ഗില്ലെര്‍മോ ഒച്ചോവ....നമ്മുടെ കോട്ടകള്‍ ഭദ്രമായി കാക്കാന്‍ നിന്‍റെ കൈകള്‍ക്ക് കഴിയട്ടെ..... നിന്റെ കൂട്ടുകാര്‍ പായിക്കുന്ന തന്ത്രപൂർവ്വമായ ഒരു പാസ്, വായുവിൽ വളഞ്ഞുപുളഞ്ഞ് പോകുന്ന ഒരു ഫ്രീകിക്ക്, അതൊക്കെ  ഭാഷയ്ക്ക് അതീതമായ ദൃശ്യമാകട്ടെ.... 

പെനല്‍റ്റി ഷൂട്ടൗട്ടുകള്‍ പാസ് നിരീക്ഷിക്കുന്നത് ഇപ്രകാരമാകും– കിക്ക് എടുക്കുന്നവനും തടയേണ്ടവനും  ഇത്  കേവലം ഭാഗ്യപരീക്ഷണമല്ല, ഒരു മനുഷ്യൻ തന്‍റെ വിധിയുമായി നടത്തുന്ന അന്തിമമായ മുഖാമുഖമാണ്. റോബെര്‍ട്ടോ ബാജിയോ നിന്‍റെ മുഖമാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. പിന്നെ  ഗോളി......ലക്ഷക്കണക്കിന് ആളുകൾ നോക്കിനിൽക്കെ ഗോൾപോസ്റ്റിന് മുന്നിൽ നിൽക്കുന്ന നീ പ്രപഞ്ചത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യനാണെന്ന് ഞാന്‍ അറിയുന്നു.... ഒച്ചോവ നിനക്ക്  ആ വിധി വരാതിരിക്കട്ടെ..1962 മുതല്‍ 68 വരെ ഇന്ത്യയിലെ മെക്സിക്കന്‍ അംബാസഡറായിരിക്കുകയും ഇന്‍ ലൈറ്റ് ഓഫ് ഇന്ത്യ പുസ്തകം എഴുതുകയും ചെയ്ത  പാസ്  ഇങ്ങനെ പറയാന്‍ ഇടയുണ്ട്– ഇന്ത്യക്കാരെ .....വെറും ഒന്നരലക്ഷം പേര്‍മാത്രമുള്ള ക്യുറസാവ  ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടി, ജനസംഖ്യ നൂറ്റിനാല്‍പ്പത്തേഴ് കോടികടക്കുന്ന  നിങ്ങളുടെ കാലവും വരും, വരാതെവിടെപ്പോകാന്‍..just wait for the ultimate Indian entry.

ENGLISH SUMMARY:

Octavio Paz's perspective on the Football World Cup would transform the pitch into a living book, where history sheds its weight and the ball's spin mirrors humanity's hopes and anxieties. He believed festivals served as sacred escapes from daily solitude and sorrow, a sentiment amplified by the World Cup's power to disrupt the mundane.