മറഡോണ ലോകകപ്പ് നേടിയത് ടിവിയില്‍ കണ്ട് ആരാധകരായ ഒരു തലമുറയുണ്ട് കേരളത്തില്‍. ടിയില്‍ നിന്നും കാഴ്ച്ചയുടെ രീതികള്‍ മാറുന്ന ലോകകപ്പായിരിക്കും ഇത്തവണത്തേത്. പുതിയ തലമുറയിലെ ആരാധകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇക്കുറി ഫിഫ ലോകകപ്പ് സംപ്രേഷണം ഏറെയും.
ഫുട്ബോൾ ജ്വരത്തിൽ ജീവിക്കുന്ന, അഞ്ചുതവണ ലോകചാമ്പ്യൻമാരായ ബ്രസീലിൽ, ലോകകപ്പിലെ എല്ലാ മല്‍സരങ്ങളും പൂർണമായി കാണാനുള്ള ഏക മാർഗം ഒരു ഇൻഫ്ലുവൻസർ നേതൃത്വം നൽകുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമാണ്. ബ്രസീലിലെ 104 മത്സരങ്ങളുടെയും സംപ്രേഷണാവകാശമുള്ള ഏക ചാനല്‍ കാസേടിവിയാണ്.
പതിറ്റാണ്ടുകളായി ബ്രസീലിൽ ഫുട്ബോൾ സംപ്രേഷണം ചെയ്തിരുന്ന ഗ്ലോബോ നെറ്റ്‌വർക്ക് 55 മത്സരങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്യുക. കാസേടിവിയുടെ മാതൃകമ്പനിയായ ലൈവ്‌മോഡ്, തങ്ങളുടെ രാജ്യാന്തര സംപ്രേഷണ വിഭാഗം ആരംഭിച്ചതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും അതിൽ ഓഹരി ഉടമയാണ്.
പോർച്ചുഗലിലെ ലൈവ്‌മോഡിന്റെ ചാനൽ ഒരു ദിവസം ഒരു മത്സരം എന്ന നിലയിൽ സംപ്രേഷണം ചെയ്യും. മറ്റു രാജ്യങ്ങളിൽ, യൂട്യൂബിലും ടിക്ടോക്കിലും തത്സമയം കാണാം. മത്സരങ്ങളുടെ ആദ്യ 10 മിനിറ്റ് യൂട്യൂബില്‍ സൗജന്യമായിരിക്കും. പുതിയ കരാറുകളിലൂടെ, 2026-ലെ ലോകകപ്പ് ഡിജിറ്റൽ, സ്ട്രീമിങ് രംഗത്തെ എല്ലാ പ്രേക്ഷക റെക്കോഡുകളും തകർക്കുമെന്ന് ഫിഫ പ്രതീക്ഷിക്കുന്നു.