People walk under a canopy of embroidered decorations in downtown Guadalajara ahead of the 2026 FIFA World Cup, in Guadalajara, Mexico, June 10, 2026. REUTERS/Victor Medina

People walk under a canopy of embroidered decorations in downtown Guadalajara ahead of the 2026 FIFA World Cup, in Guadalajara, Mexico, June 10, 2026. REUTERS/Victor Medina

കാല്‍പ്പന്തുകളിയുടെ ആവേശം ലോകമെമ്പാടും ഉയര്‍ന്നു കഴിഞ്ഞു. മെക്സിക്കോ സിറ്റിയിലെ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30യോടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. കേരളത്തിലടക്കം പാടത്തും പറമ്പിലും റൊണാള്‍ഡോയുടേയും മെസിയുടേയും കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ നമ്മെ നോക്കി ദിവസങ്ങള്‍ക്ക് മുന്‍പേ ചിരിച്ചു തുടങ്ങി. മുന്‍ ലോകകപ്പ് കാലത്ത് പ്രവചനത്തില്‍ മുന്‍പനായിരുന്നു പോള്‍ എന്ന നീരാളി. ഈ പുത്തന്‍പുതു കാലത്ത് പോളിന്റെ സ്ഥാനം മറ്റുപലരും ഏറ്റെടുത്തു കഴിഞ്ഞു. ഫിഫ ലോകകപ്പ് പ്രവചനം നടത്തിയ മെഷീന്‍ ലേണിങ് അല്‍ഗോരിതത്തിന്റെ കണ്ടെത്തലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ഇത്തവണ ലോകകപ്പ് ഫുട്ബോള്‍ ജേതാക്കളാവുക അര്‍ജന്റീനയെന്നും പോര്‍ച്ചുഗലെന്നും ബെറ്റ് വച്ചവരേയും സ്വന്തം ടീം ജയിച്ചാല്‍ താന്‍ പലതും ചെയ്യുമെന്ന് വാഗ്ദാനപ്പെരുമഴ നടത്തിയ ഫുട്ബോള്‍ ആരാധകരേയും അമ്പരപ്പിക്കുന്ന കാര്യമാണ് മെഷീന്‍ ലേണിങ് അല്‍ഗോരിതം പറയുന്നത്. 2026 ഫിഫ ലോകകപ്പ് അര്‍ജന്റീനയോ പോര്‍ച്ചുഗലോ നേടില്ല എന്നാണ് പ്രവചനം. പകരം കിരീടത്തില്‍ മുത്തമിടുക സ്പെയിനാണെന്നാണ് പറയുന്നത്. 

14.5% സാധ്യതയാണ് സ്പെയിന് നല്‍കുന്നത്. ഇംഗ്ലണ്ടും ഫ്രാൻസും 12.4% വീതം സാധ്യതയുമായി തൊട്ടുപിന്നിലുണ്ട്. ജർമ്മനിക്ക് 11.2% സാധ്യതയാണ് കൽപ്പിക്കുന്നത്. പോർച്ചുഗൽ 8.9%, അർജന്റീന 8.2% എന്നിങ്ങനെയാണ് പട്ടിക. ഇൻസ്‌ബ്രക്ക് സർവകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറായ അക്കിം സെയ്‌ലീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

നാല് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അക്കിം ഈ അല്‍ഗോരിതം തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തെ ടീമുകളുടെ പ്രകടനം, ദേശീയ ടീമുകൾ കഴിഞ്ഞ എട്ട് വർഷമായി കളിച്ച മത്സരങ്ങളുടെ കണക്കുകൾ, വരാനിരിക്കുന്ന ടൂർണമെന്റിനെക്കുറിച്ചുള്ള രാജ്യാന്തര വാതുവെപ്പ് കേന്ദ്രങ്ങളുടെ വിദഗ്ദ്ധ അഭിപ്രായങ്ങള്‍, ക്ലബ്ബ്, ദേശീയ തലങ്ങളിൽ കളിക്കാർ നേടിയ ഗോളുകളും വ്യക്തിഗത റേറ്റിങ്ങും. കളിക്കാരുടെ വിപണിമൂല്യവും ഈ പഠനത്തില്‍ അടിസ്ഥാനമാക്കിയിട്ടുണ്ട്.

ഇത്രയും വിവരങ്ങള്‍ അടിസ്ഥാനമാക്കി 100,000 തവണ സിമുലേഷൻ നടത്തിയാണ് ഫലങ്ങൾ കണക്കാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പോര്‍ട്സ് പ്രവചനങ്ങള്‍ എങ്ങനെ നടത്താമെന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ അല്‍ഗോരിതം പ്രവചനമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

AI Predicts Spain to Win 2026 FIFA World Cup:

AI World Cup prediction reveals Spain as the favorite for the 2026 FIFA World Cup, surprising many who backed Argentina or Portugal. This machine learning model considers various factors to forecast the outcome.