saji-cheriyan-curacao

വർഷങ്ങളായി താൻ ബ്രസീലിന്റെ മഞ്ഞ ജേഴ്സിയോട് ചേർന്നുനിൽക്കുന്ന ആളാണെന്നും, എന്നാല്‍ ഇത്തവണ ക്യുറസാവോയ്ക്കൊപ്പമാണെന്നും മുന്‍ മന്ത്രി സജി ചെറിയാന്‍.

ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക നോക്കിയപ്പോൾ ഒരു പേര് കണ്ണിൽ കുടുങ്ങി. Curaçao. ജനസംഖ്യ വെറും ഒന്നരലക്ഷത്തോളം!. നമ്മുടെ ഒരു വലിയ പഞ്ചായത്തിന്റെ ജനസംഖ്യയേക്കാൾ കുറവ്. ബ്രസീലിനെ സപ്പോർട്ട് ചെയ്യാൻ കോടിക്കണക്കിന് ആളുകളുണ്ട്. പക്ഷേ ക്യുറസാവോയെ സപ്പോർട്ട് ചെയ്യാൻ സജി ചെറിയാൻ ഇല്ലെങ്കിൽ അത് ശരിയാകുമോ?”. അതുകൊണ്ടാണ് ഈ ചരിത്രപരമായ തീരുമാനമെന്നും അദ്ദേഹം ഫെയ്ല്ബുക്കില്‍ കുറിച്ചു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇത്തവണ ഞാൻ ക്യുറസാവോയ്ക്കൊപ്പം!

ലോകകപ്പ് കാലം വരുമ്പോൾ ഫുട്ബോൾ ആരാധകരുടെ ഹൃദയം രണ്ടായി പിരിയാറുണ്ട്. ഒരു ഭാഗത്ത് യുക്തിയും കണക്കുകൂട്ടലും, മറുഭാഗത്ത് വികാരവും സ്വപ്നങ്ങളും. വർഷങ്ങളായി ഞാൻ ബ്രസീലിന്റെ മഞ്ഞ ജേഴ്സിയോട് ചേർന്നുനിൽക്കുന്ന ആളാണ്. ബ്രസീൽ ജയിച്ചാൽ സന്തോഷം, തോറ്റാൽ അടുത്ത ലോകകപ്പിനുള്ള പ്രതീക്ഷ. അത്രമേൽ പഴക്കമുള്ള ഒരു പ്രണയം.

പക്ഷേ, ഇത്തവണ ഒരു ചെറിയ പ്രശ്നമുണ്ട്.

ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക നോക്കിയപ്പോൾ ഒരു പേര് കണ്ണിൽ കുടുങ്ങി — Curaçao.

ജനസംഖ്യ വെറും ഒന്നരലക്ഷത്തോളം!

നമ്മുടെ ഒരു വലിയ പഞ്ചായത്തിന്റെ ജനസംഖ്യയേക്കാൾ കുറവ്. കേരളത്തിലെ ഒരു നല്ല ഉത്സവത്തിന് ഒത്തുകൂടുന്ന ആളുകളെക്കാൾ കുറവ്. എന്നിട്ടും ലോകഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്ക് അവർ കടന്നുവന്നു.

അപ്പോൾ ഞാൻ ചിന്തിച്ചു:

“ബ്രസീലിനെ സപ്പോർട്ട് ചെയ്യാൻ കോടിക്കണക്കിന് ആളുകളുണ്ട്. പക്ഷേ ക്യുറസാവോയെ സപ്പോർട്ട് ചെയ്യാൻ സജി ചെറിയാൻ ഇല്ലെങ്കിൽ അത് ശരിയാകുമോ?”

അതുകൊണ്ടാണ് ഈ ചരിത്രപരമായ തീരുമാനം.

ഇത്തവണ ഞാൻ ക്യുറസാവോയ്ക്കൊപ്പം!

കാരണം, ഫുട്ബോളിന്റെ സൗന്ദര്യം എല്ലായ്പ്പോഴും ശക്തരുടെ വിജയത്തിലല്ല; അസാധ്യമായി തോന്നുന്നതിനെ സാധ്യമാക്കുന്നവരുടെ യാത്രയിലാണ്.

ഒരു വശത്ത് അഞ്ചു ലോകകപ്പ് കിരീടങ്ങളുമായി ബ്രസീൽ.

മറ്റൊരു വശത്ത് ലോകകപ്പിലേക്ക് ആദ്യമായി എത്തുന്ന ഒരു കൊച്ചു രാജ്യം.

ഒരു വശത്ത് ഫുട്ബോൾ സാമ്രാജ്യം.

മറ്റൊരു വശത്ത് ഫുട്ബോൾ സ്വപ്നം.

എനിക്ക് എന്നും സ്വപ്നങ്ങളോടാണ് കൂടുതൽ ഇഷ്ടം.

കൂടാതെ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ചെറിയവരുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കണമല്ലോ. ലോകകപ്പിലും അതേ നിലപാട്! വലിയ രാജ്യങ്ങൾക്കിടയിൽ ചെറിയ രാജ്യങ്ങളുടെ ശബ്ദവും കേൾക്കണം. അതുകൊണ്ട് ഫുട്ബോളിലും ഞാൻ വികേന്ദ്രീകരണത്തിന്റെ പക്ഷത്താണ്!

ബ്രസീൽ ആരാധകർ ക്ഷമിക്കണം.

നെയ്മറിന്റെ പിന്മുറക്കാരോടുള്ള സ്നേഹം കുറഞ്ഞതുകൊണ്ടല്ല ഈ തീരുമാനം. പക്ഷേ, ലോകകപ്പിന്റെ ചരിത്രപുസ്തകത്തിൽ ഒരിക്കൽ മാത്രം എഴുതപ്പെടാവുന്ന ഒരു കഥയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്.

ക്യുറസാവോ കപ്പ് നേടിയാൽ ഞാൻ പറയും:

“ഞാൻ പറഞ്ഞതല്ലേ!”

തോറ്റാൽ ഞാൻ പറയും:

“അവരെ സപ്പോർട്ട് ചെയ്തത് തന്നെയല്ലേ യഥാർത്ഥ വിജയം!”

അതിനാൽ ഈ ലോകകപ്പിൽ എന്റെ മുദ്രാവാക്യം ഒന്ന് മാത്രം—

“ക്യുറസാവോ എന്റെ കവിത!”

14ന് ഞങ്ങൾ കളത്തിലിറങ്ങുകയാണ്.ജർമനിയാണ് എതിരാളി. ...

കട്ടസപ്പോർട്ടുമായി ഒപ്പം കാണണേ 

ENGLISH SUMMARY:

Saji Cheriyan has announced his support for Curacao in the World Cup, a historic decision that moves away from his usual allegiance to Brazil. He believes in supporting the underdog and giving a voice to smaller nations in the global arena.