പോർച്ചുഗലിനായി ഇത്തവണ ജഴ്സി ധരിക്കാതെ, ബൂട്ടുകെട്ടാതെ ഒരാള്‍ ലോകകപ്പ് പിച്ചിലുണ്ടാകും. പക്ഷേ പന്ത്രണ്ടാമനെ ആരും കാണില്ല. റഫറിയുടെ വിസിലിനൊപ്പം ഓടിത്തുടങ്ങുകയുമില്ല. ‘ഇത്തവണ കപ്പ് പോര്‍ച്ചുഗലിന്’എന്ന മന്ത്രം അവന്‍ എല്ലാവരിലേക്കും എത്തിക്കും. കളത്തിലെ ഓരോ പോർച്ചുഗല്‍ താരത്തിന്റെയും ഹൃദയമിടിപ്പിൽ... ഓരോ ഓട്ടത്തിലും... ഓരോ പാസിലും... ഓരോ ഷോട്ടിലും...ഈ പന്ത്രണ്ടാമന്‍ ഉണ്ടാകും. കാരണം അത് ഒരു കളിക്കാരന്റെ സാന്നിധ്യമല്ല. ഒരു തലമുറയുടെ സ്വപ്നമാണ്. 1966-ൽ കൈവിട്ട സ്വപ്നം... 2006-ൽ വീണ്ടും വിരൽത്തുമ്പിൽ നിന്ന് വഴുതിപ്പോയ സ്വപ്നം...അതിന് വേണ്ടി കഠിനാധ്വാനം ചെയ്തവര്‍ ഉണ്ടായിരുന്നു....ഹൃദയംപൊട്ടിക്കരഞ്ഞ ആരാധകർ ഉണ്ടായിരുന്നു.... ആ സ്വപ്നങ്ങളെല്ലാം ചേർന്നാണ്  അദൃശ്യനായ ആ പന്ത്രണ്ടാമൻ ജനിച്ചത്.

 

അവൻ കളത്തിൽ ഓടില്ല. പക്ഷേ പതിനൊന്ന് പേരുടെ സിരകളിലൂടെ അവൻ ഒഴുകും. ഒരു രാജ്യം മുഴുവൻ പ്രതീക്ഷയോടെ ശ്വാസം പിടിക്കുമ്പോൾ... വിശ്വ കിരീടത്തിനായി ചരിത്രം വീണ്ടും വാതിൽ തുറക്കുമ്പോൾ...പോർച്ചുഗൽ ഒറ്റയ്ക്ക് പോരാടുകയല്ല. ആ അദൃശ്യനായ കളിക്കാരന്റെ സാന്നിധ്യം ലോകം മുഴുവന്‍ കാണും..  അവന്റെ പേരാണ് ഡിയോഗ ജോട്ട... എല്ലാ ടീമുകളും ലോകകപ്പിനായി 26 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പോർച്ചുഗൽ മാത്രം 27 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം കാര്‍ അപകടത്തില്‍ മരിച്ച അവരുടെ പ്രിയപ്പെട്ട ജോട്ടയാണ് പോർച്ചുഗൽ സ്ക്വാഡിലെ ആ 'പ്ലസ് വൺ'. . 'അവന്റെ ആത്മാവ് എന്നും തങ്ങൾക്കൊപ്പം ഉണ്ട‌ാകുമെന്ന് മാര്‍ട്ടിനസ് പറയുന്നു. ജോട്ടയുടെ 21–ാം നമ്പർ ജഴ്സി സുഹൃത്ത് റൂബൻ നെവസ് ധരിക്കും.  

 

ഇടതു വിങ്ങിലൂടെയുള്ള കുതിപ്പ്, കട്ട് ചെയ്ത് ബോക്സിനുള്ളിലേക്ക് കയറല്‍, പോസ്റ്റിലേക്കുള്ള ബുള്ളറ്റ് ഷോട്ട്; ഇതായിരുന്നു ജോട്ടയുടെ ശൈലി. വൈവിധ്യമാണ് ഇക്കുറി പോര്‍ച്ചുഗല്‍ ടീമിന്റെ കരുത്ത്.  നെവെസിനും ന്യൂനെസിനും ഫുൾബാക്കായും മധ്യനിര താരമായും കളിക്കാനാകും; ചിലപ്പോൾ ഒരേ മത്സരത്തിൽത്തന്നെ ഈ രണ്ടു റോളിലും അവരെത്തും.  കാൻസെലോയും ഡിയോഗോ ദാലോയും ഇരു വിങ്ങുകളിലും ഒരുപോലെ മികവ് പുലർത്തും. ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും നിരന്തരം പൊസിഷനുകൾ മാറിക്കളിക്കുന്നു. ടീമിന്റെ മധ്യനിര ലോകോത്തരമാണ്. ആറാം ലോകകപ്പിന് ഇറങ്ങുന്ന റൊണാള്‍‍ഡോയ്ക്കുവേണ്ടി, തങ്ങളുടെ പ്രിയ ജോട്ടോയ്ക്ക് വേണ്ടി, തങ്ങളുടെ ഇതിഹാസങ്ങളായ യുസേബിയോയ്ക്കും ഫിഗോയ്ക്കും അങ്ങനെ പോര്‍ച്ചുഗലിന്റെ വിശ്വകിരീടം സ്വപ്നം കാണുന്ന എല്ലാവര്‍ക്കുമായി കപ്പ് കൊണ്ടുവരുമെന്ന് ടീം പറയുന്നു. ആ കപ്പുയര്‍ത്താന്‍ അദൃശ്യനായി ആ പന്ത്രണ്ടാമനും  ഉണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. 

 

ENGLISH SUMMARY:

Portugal heads into the FIFA World Cup carrying more than tactical strength and star power. The team is honoring the memory of Diogo Jota, whose symbolic inclusion as the squad’s “27th player” has become an emotional rallying point. With Cristiano Ronaldo leading a talented generation and the spirit of Jota inspiring every step, Portugal hopes to finally achieve its long-awaited dream of lifting the World Cup trophy.