ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റോബര്‍ട്ടോ മാര്‍‌ട്ടിനെസ്.

ആറ് എന്ന സംഖ്യ  പോര്‍ച്ചുഗലിന്റെ ഭാഗ്യമോ? ഈ ലോകകപ്പ് തങ്ങളുടേതാകുമെന്ന് പറയാതെ പറയുകയാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍‌ട്ടിനെസ്. ന്യൂമറോളജിയില്‍ വിശ്വസിക്കുന്ന മാര്‍ട്ടിനസ് പറയുന്നു ആറ്  പോര്‍ച്ചുഗലിന്റെ ഭാഗ്യമാണെന്ന്. വെറുതെ പറയുകയല്ല, കണക്ക് നിരത്തിയാണ് മാര്‍ട്ടിനസ് പോര്‍ച്ചുഗലിന്റെ ഭാഗ്യ നമ്പറിനെപ്പറ്റി പറയുന്നത്. പോര്‍ച്ചുഗല്‍ യുറോ ജയിച്ചത് 2016ല്‍ ആണ്. ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം 1966ല്‍ ആയിരുന്നു. അന്ന് മൂന്നാംസ്ഥാനത്താണ് യുസേബിയോയുടെ പോര്‍ച്ചുഗല്‍ ഫിനീഷ് ചെയ്തത്. 2006ല്‍ പോര്‍ച്ചുഗല്‍ ലോകകപ്പ് സെമിയിലെത്തി. 

 

ഇപ്പോഴിതാ വീണ്ടുമൊരു ആറാം നമ്പര്‍ എത്തിയിരിക്കുന്നു. 2026ലെ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആറാം ലോകകപ്പാണ്. 2006-ൽ ജർമനിയിൽ തുടങ്ങി ദക്ഷിണാഫ്രിക്ക, ബ്രസീൽ, റഷ്യ, ഖത്തർ എന്നിവിടങ്ങളിലൂടെ കടന്നുപോയ നീണ്ടതും കയ്പേറിയതുമായ ലോകകപ്പ് യാത്രയുടെ അടുത്ത അധ്യായത്തിനാണ്  2026-ൽ കളമൊരുങ്ങുന്നത്. അഞ്ച് ലോകകപ്പ് കളിച്ചിട്ടും റൊണാൾഡോ കൊതിച്ച ആ വിശ്വകിരീടം മാത്രം അകന്നുനിന്നു. 2006-ൽ പോർച്ചുഗൽ സെമി ഫൈനലിൽ ഫ്രാൻസിനോട് തോറ്റതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അതിനുശേഷം രണ്ട് തവണ പ്രീ-ക്വാർട്ടറിലും ഒരു തവണ ക്വാർട്ടർ ഫൈനലിലും പുറത്തായി. 2014-ൽ ബ്രസീലിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതും വേദനാജനകമായ അനുഭവമായി. അഞ്ച് ലോകകപ്പുകളിലായി 22 മത്സരങ്ങൾ കളിച്ച റൊണാൾഡോ എട്ട് ഗോളുകളാണ് നേടിയത്. 

 

മാര്‍ട്ടിനസിന് കീഴില്‍ 30 കളികളിൽ നിന്ന് 25 ഗോളുകൾ റൊണാള്‍‍ഡോ നേടിയിട്ടുണ്ട്. മുന്‍ ദേശീയ പരിശീലകർക്ക് കീഴിലുള്ളതിനേക്കാൾ മികച്ച ഗോൾ ശരാശരിയാണിത്. ഇത്തവണ ഗ്രൂപ്പ് 'കെ' യിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അരങ്ങേറ്റക്കാരായ ഉസ്ബക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ. വിറ്റീഞ്ഞ, ജാവോ നെവസ്, ബ്രൂണോ ഫെർണാണ്ടസ്, നൂനോ മെൻഡസ് തുടങ്ങിയ മികച്ച താരനിര പോർച്ചുഗലിനുണ്ട്.

 

യൂറോ 2024-ല്‍ ക്വാര്‍ട്ടർ ഫൈനൽ പുറത്തായ ശേഷം, കഴിഞ്ഞ വർഷം നേഷൻസ് ലീഗില്‍ യൂറോ ചാംപ്യൻമാരായ സ്പെയിനിനെ തോല്‍പിച്ച്  പോർച്ചുഗൽ കിരീടം നേടിയിരുന്നു. 2018ലെ ലോകകപ്പില്‍ ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്ത് എത്തിച്ച റോബര്‍ട്ടോ മാര്‍ട്ടിനെസ് 2023ലാണ് പോര്‍ച്ചുഗലിന്റെ പരിശീലകനായി എത്തുന്നത്. പോര്‍ച്ചുഗലിന്റെ മധ്യനിര ലോകോത്തരമാണ്. അതിനാല്‍തന്നെ ഒരു കളിക്കാരനെ മാത്രം ആശ്രയിക്കുന്നില്ല എന്നതാണ് മാര്‍ട്ടിനെസിന്റെ തന്ത്രം. കാത്തിരിക്കാം  ആറാം ലോകകപ്പിന് ഇറങ്ങുന്ന റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ 2026ലെ ലോകകിരീടം നേടുമോയെന്ന്.

ENGLISH SUMMARY:

Portugal head coach Roberto Martínez believes the number six could be a lucky omen for his team ahead of the 2026 FIFA World Cup. With Cristiano Ronaldo set to play in his sixth World Cup, Portugal hopes to turn historical coincidences into success. Backed by a talented squad featuring Bruno Fernandes, Vitinha, João Neves, and Nuno Mendes, Portugal enters the tournament aiming to win its first-ever World Cup title and complete Ronaldo’s remarkable international journey.