alejandro-garnacho

ലോകകപ്പ് ഫുട്ബോള്‍ അടുത്തെത്തി. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ടീമിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകനെ പരിചയപ്പെടാം. അലഹാന്ദ്രോ ഗർനാച്ചോ. ഈ ലോകകപ്പില്‍ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ സാധ്യതയുള്ള യുവനിരയിലെ പ്രമുഖന്‍. ഈ 21കാരന്‍ വിങ്ങറെ  എതിരാളികള്‍ ഭയക്കണം. 

മിന്നും വേഗം, ആക്രമണോത്സുക ശൈലി, വണ്‍ ഓണ്‍ വണ്‍ സന്ദര്‍ഭങ്ങളില്‍ നിര്‍ഭയമായി എതിരാളിയെ നേരിടാനുള്ള കഴിവ് ഇതെല്ലാം ചേര്‍ന്നാല്‍ വിങ്ങര്‍ അലഹാന്ദ്രോ ഗര്‍നാച്ചോയായി. പന്ത് നിയന്ത്രണം ആണ് താരത്തിന്റെ ഏറ്റവും മാരകമായ ആയുധം. ഇടതുവലത് വിങ്ങുകളില്‍ മാറിമാറിയെത്തും. ബോക്സിനുള്ളിലേക്ക് ഇരച്ചെത്തും. ഇടുങ്ങിയ ഇടങ്ങളില്‍ നുഴഞ്ഞുകയറും. ഗോള്‍ അവസരങ്ങളില്‍ ഒരുക്കുന്നതില്‍ മിടുക്കന്‍. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് രണ്ടാം വട്ടം എത്തിയപ്പോള്‍ ഗര്‍നാച്ചോയും അവിടെയുണ്ടായിരുന്നു. അതോടെ ഗര്‍നാച്ചോ റൊണാള്‍ഡോയുടെ ആരാധകനായി. തന്റെ കളിയെ മെച്ചപ്പെടുത്തുന്നതിലും കളിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നതിലും റൊണാള്‍ഡോ നിര്‍ണായക സ്വാധീനം ചെലുത്തിയെന്ന് ഗര്‍നാച്ചോ പറയുന്നു. 

മെസിക്കൊപ്പം അര്‍ജന്റീന ടീമില്‍ കളിക്കുന്ന ഗര്‍നാച്ചോ ഇത് പറഞ്ഞത് ശരിയല്ലെന്ന് എഞ്ചല്‍ ഡി മരിയ പറ​ഞ്ഞിരുന്നു. റൊണാള്‍ഡോയുടെ ശൈലിയും ഗോളാഘോഷം അനുകരിക്കുന്നത് നിര്‍ത്തണമെന്നും ഡി മരിയ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മെസിയോടുള്ള ബഹുമാനം നിലനിര്‍ത്തി ഗര്‍നാച്ചോ തന്റെ നിലപാട് തുടരുകയാണ്. പ്രതിരോധനിരക്കാരെ അതിവേഗം മറികടക്കുന്ന ഗര്‍നാച്ചോ പ്രത്യാക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നു. 

ആക്രമണോത്സുക ശൈലിയായതിനാല്‍ ചിലപ്പോള്‍ തീരുമാനങ്ങളില്‍ പിഴവ് പറ്റാറുണ്ട്. സ്പെയിനിലെ മഡ്രിഡിലായിരുന്നു  ഗര്‍നാച്ചോയുടെ ജനനം.  അവിടെ കളിതുടങ്ങിയ ഗര്‍നാച്ചോ സ്പെയിനിന്റെ അണ്ടര്‍ 18 ടീമിലും അംഗമായിരുന്നു.  ജനിച്ചത് സ്പെയിനില്‍ ആണെങ്കിലും കുടുംബവേരുകള്‍ അര്‍ജന്റീനയുമായി ഇഴചേര്‍ന്നു കിടക്കുന്നു. അര്‍ജന്റീനക്കാരിയായ അമ്മയാണ് ഗര്‍നാച്ചോയെ കൂടുതല്‍ സ്വാധീനിച്ചത്. അതിനാല്‍   അർജന്റീന ദേശീയ ടീമിലേക്കു മാറി.  

അങ്ങനെ 2022ല്‍ അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞു. ഇതുവരെ എട്ടുമല്‍സരങ്ങള്‍ കളിച്ച ഗര്‍നാച്ചോ ഗോള്‍ ഒന്നും കുറിച്ചിട്ടില്ല. ജൂണ്‍ പതിനൊന്നിന് തുടങ്ങുന്ന ലോകകപ്പില്‍ ഗര്‍നാച്ചോയുടെ അതിവേഗ നീക്കങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. 

ENGLISH SUMMARY:

Alejandro Garnacho is a promising young attacker for Argentina, who is a big fan of Cristiano Ronaldo. His impressive speed and attacking style make him a player to watch in the upcoming World Cup.