aerolineas-argentinas-football-team-flight

ലോകകിരീടം നിലനിർത്താനായി അർജന്റീന ഫുട്ബോൾ ടീം പത്താം നമ്പർ വിമാനത്തിൽ പറന്നിറങ്ങും. ലോകകപ്പ് ടീമിനായി പ്രത്യേക വിമാനമാണ് ഒരുങ്ങിയിരിക്കുന്നത്. കേവലം നാല് ദിവസം കൊണ്ടാണ് ഈ വിമാനത്തിന്റെ ആകർഷകമായ രൂപകൽപ്പന പൂർത്തിയാക്കിയത്.

2026 ലോകകപ്പിനായി അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ കൊണ്ടുപോകാനുള്ള ഈ പ്രത്യേക വിമാനം അർജന്റീനയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ 'എയറോലിനിയാസ് അർജന്റീനാസാണ്' പുറത്തിറക്കിയത്. സൂപ്പർ താരം ലയണൽ മെസിയുടെ പത്താം നമ്പർ ജഴ്സി ഉൾക്കൊള്ളുന്ന രൂപകൽപ്പനയാണ് വിമാനത്തിന്റെ പ്രധാന ആകർഷണം. എസൈസ രാജ്യാന്തര വിമാനത്താവളത്തിലെ അഞ്ചാം നമ്പർ ഹാംഗറിലാണ് വിമാനം ഔദ്യോഗികമായി അവതരിപ്പിച്ചത്.

വിമാനത്തിന്റെ വാലറ്റത്ത് പത്താം നമ്പറും, അഡിഡാസ് രൂപകൽപ്പന ചെയ്ത അർജന്റീന ജഴ്സിയുടെ ഔദ്യോഗിക ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ട്. എൻജിനുകൾക്ക് മുകളിൽ ക്യാപ്റ്റന്റെ ആംബാൻഡും, അർജന്റീന സ്വന്തമാക്കിയ മൂന്ന് ലോകകിരീടങ്ങളെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങളും ഡിസൈനിൽ കാണാം. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന യുഎസിലെ കൻസാസ് സിറ്റി, ഡാലസ് എന്നിവിടങ്ങളിലേക്ക് വിമാനക്കമ്പനി പ്രത്യേക സർവീസുകൾ നടത്തും. കൂടാതെ, ബ്യൂനസ് ഐറിസിൽ നിന്ന് മയാമിയിലേക്ക് പകലും രാത്രിയും പ്രത്യേക സർവീസുകൾ ഉണ്ടാകും.

ENGLISH SUMMARY:

The Argentina football team's special airplane for the World Cup 2026 features Lionel Messi's iconic number 10 jersey design. This specially designed aircraft, unveiled by Aerolineas Argentinas, will transport the team and highlights their championship status.