Germany's Deniz Undav (26) is mobbed by teammates after scoring their second goal during the World Cup Group E soccer match between Germany and Ivory Coast in Toronto, Saturday, June 20, 2026. (Frank Gunn/The Canadian Press via AP)
ലോകകപ്പില്‍ ജര്‍മനിക്ക് ആവേശജയം. ഇന്‍ജറി ടൈമില്‍ ഐവറി കോസ്റ്റിനെ തോല്‍പ്പിച്ച ജര്‍മനി നോക്കൗട്ടില്‍ കടന്നു. 2014ന് ശേഷം ഇതാദ്യമായാണ് ജര്‍മനി ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിലായ ജര്‍മനിയെ, പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉന്‍ഡവിന്റെ ഇരട്ടഗോളുകളാണ് നോക്കൗട്ട് റൗണ്ടിലെത്തിച്ചത്.
ഫെലിക്സ് എന്‍മച്ചെയുടെ പാസ് പ്രതിരോധിക്കണമെന്ന് ഐവറി കോസ്റ്റ് ചിന്തിക്കുന്നതിന് മുന്‍പേ വെട്ടിത്തിരിഞ്ഞ് പന്ത് വലയിലാക്കുകയായിരുന്നു ഉന്‍ഡവ്. 30ാം മിനിറ്റില്‍ പിന്നിലായ ജര്‍മനി ഫൈനല്‍ വിസിലിന് സെക്കന്‍റുകള്‍ ശേഷിക്കെ 2–1ന് മുന്നില്‍.
മത്സരത്തിലെ ആദ്യ ഹൈഡ്രേഷൻ ബ്രേക്കിന് മുൻപ് ജർമനി പന്ത് വലയിലെത്തിച്ചെങ്കിലും ഐവറി കോസ്റ്റ് ഗോൾകീപ്പറെ ഫൗൾ ചെയ്തതിനെ തുടർന്ന് ഗോൾ അനുവദിച്ചില്ല. ആദ്യപകുതിയില്‍ യാൻ ഡിയോമാൻഡെയുടെ മുന്നേറ്റം തടയാൻ കഴിയാതിരുന്നത് ജർമ്മൻ പ്രതിരോധത്തിലെ ഗുരുതരമായ പാളിച്ചയായി. ഡിയോമാൻഡെ നൽകിയ ക്രോസില്‍ നിന്ന് ക്യാപ്റ്റന്‍ ഫ്രാങ്ക് കെസി ഐവറി കോസ്റ്റിനെ മുന്നിലെത്തിച്ചു.
കായ് ഹാവർട്സ് നേടിയ ഗോളും ഫൗളിന്റെ പേരിൽ നിഷേധിക്കപ്പെട്ടതോടെ ജര്‍മനിയുെട ദിവസമല്ലെന്ന് എല്ലാവരും കരുതി. എന്നാല്‍ അറുപതാം മിനിറ്റില്‍ നഗെല്‍സ്മാന്‍ വരുത്തിയ മൂന്നുമാറ്റങ്ങള്‍ ജര്‍മനിയുടെ വിധി മാറ്റിയെഴുതി. ജമാൽ മുസിയാല, അലക്സാണ്ടർ പാവ്ലോവിച്, ലിറോയ് സാനേ എന്നിവർക്ക് പകരമായി ഡെനിസ് ഉൻഡാവ്, ജെയ്മി ലെവലിങ്, നദീം അമിരി എന്നിവർ കളത്തിലിറങ്ങിയതോടെ ജര്‍മന്‍ മുന്നേറ്റങ്ങള്‍ ഫലം കണ്ടു. എട്ടു മിനിറ്റിനുശേഷം, അമിരിയുടെ ക്രോസിൽ ഉൻഡാവ് സമനില ഗോൾ നേടി.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും നിയന്ത്രണം ഐവറി കോസ്റ്റിനായിരുന്നെങ്കിലും പ്രതിരോധത്തിലെ രണ്ട് പിഴവുകൾ അവർക്ക് വിനയായി. ഒപ്പം അവസാന നിമിഷം ലീഡ് നേടാന്‍ കിട്ടിയ അവസരവും തുലച്ചു.