ലണ്ടനിൽ നടക്കുന്ന യൂണിറ്റി കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് കനത്ത തിരിച്ചടി നൽകി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ടീമിലേക്ക് തിരഞ്ഞെടുത്ത ഏഴ് കളിക്കാരെയും ക്ലബ് പിൻവലിച്ചു. ഫിഫയുടെ രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇടവേളയ്ക്ക് പുറത്ത് കളിക്കുമ്പോൾ താരങ്ങൾക്ക് പരുക്കേറ്റാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നഷ്ടപരിഹാരം നൽകാത്ത മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബഗാന്‍റെ ഈ കടുത്ത നടപടി.
ടൂർണമെന്റിനായി പരിശീലകൻ ഖാലിദ് ജമീൽ തിരഞ്ഞെടുത്ത 28 അംഗ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ഏഴ് താരങ്ങളും നാളെ ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇന്ത്യ മേയ് 27ന് ജമൈക്കയെയും, മേയ് 26ന് നൈജീരിയ സിംബാബ്‌വെയെയും നേരിടും. വിജയികൾ മേയ് 30ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.
ഫിഫയുടെ രാജ്യാന്തര മത്സരങ്ങൾക്കായുള്ള കാലയളവ് ജൂൺ ഒന്നു മുതൽ ഒന്‍പത് വരെയാണ്. അപ്പോള്‍ മാത്രമേ കളിക്കാരെ ഔദ്യോഗികമായി വിട്ടുനൽകൂ എന്നാണ് ബഗാന്റെ നിലപാട്. മുൻപ് സുഭാഷിഷ് ബോസിനും ആഷിഖ് കുരുണിയനും പരുക്കേറ്റപ്പോള്‍ ഫെഡറേഷൻ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല. കഴിഞ്ഞ വർഷം സുഭാഷിഷ് ബോസിന്റെ പരുക്ക് ബഗാനും എഐഎഫ്എഫു തമ്മിൽ വലിയ തർക്കത്തിന് വഴിവെച്ചിരുന്നു.
ബംഗ്ലദേശിനെതിരായ ഇന്ത്യയുടെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനിടെ ദേശീയ ടീമിനായി കളിക്കുമ്പോഴാണ് സുഭാഷിഷ് ഗുരുതരമായി പരുക്കേറ്റതെന്ന് ക്ലബ് ആരോപിച്ചിരുന്നു. എന്നാൽ, ഈ വാദം തള്ളിയ എഐഎഫ്എഫ്, മോഹൻ ബഗാന് വേണ്ടി ഐഎസ്എൽ ഫൈനൽ കളിക്കുമ്പോഴാണ് താരത്തിന് പരുക്കേറ്റതെന്നും, കളിക്കാരൻ വിശ്രമത്തിലായിരിക്കുമ്പോൾ ക്ലബ്ബ് വിഷയം ശരിയായി റിപ്പോർട്ട് ചെയ്യാനോ ചികിത്സ ആരംഭിക്കാനോ തയ്യാറായില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
2023-ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി മധ്യനിര താരം ആഷിഖ് കുരുണിയന് എസിഎൽ പരുക്കേറ്റപ്പോഴും സമാനമായ തർക്കം ഉടലെടുത്തിരുന്നു. ഇതിനുശേഷം ഫിഫ വിൻഡോയ്ക്ക് പുറത്തുള്ള നിർബന്ധമല്ലാത്ത ദേശീയ മത്സരങ്ങൾക്ക് കളിക്കാരെ വിട്ടുനൽകുന്നതിനെ മോഹൻ ബഗാൻ ശക്തമായി എതിർത്തിരുന്നു. കളിക്കാരുടെ ക്ഷേമം, ദേശീയ ടീമിൽ കളിക്കുമ്പോഴുള്ള പരുക്ക് എന്നിവയെച്ചൊല്ലി മോഹൻ ബഗാനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ ഏറെക്കാലമായി ഭിന്നതയിലാണ്.
മലയാളി താരം സഹൽ അബ്ദുൽ സമദ്, ഫോർവേഡുകളായ ലിസ്റ്റൺ കൊളാസോ, മൻവീർ സിങ് മധ്യനിര താരങ്ങളായ ലാലെങ്മാവിയ റാൽത്തെ, അനിരുദ്ധ് ഥാപ്പ, പ്രതിരോധ താരം അഭിഷേക് സിങ്, ഗോൾകീപ്പർ വിശാൽ കെയ്ത് എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഏഴ് മോഹൻ ബഗാൻ താരങ്ങൾ.
ഐഎസ്എല്‍ നടത്തിപ്പ് സംബന്ധിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മറ്റുക്ലബുകളും സമാനമായ നിലപാട് സ്വീകരിക്കുമോയെന്ന ആശങ്കയുണ്ട്. ഐഎസ്എല്‍ ചാംപ്യന്‍മാരായ ഈസ്റ്റ് ബംഗാളിന്റെ രണ്ട് കളിക്കാർ ടീമിലുണ്ട്. ജീക്സൺ സിങ്ങും പ്രതിരോധ താരം അൻവർ അലിയും. ജീക്സൺ യൂണിറ്റി കപ്പിന് പോകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പരുക്കേറ്റ അന്‍വര്‍ അലി യൂണിറ്റി കപ്പില്‍ കളിക്കില്ല.
അതേസമയം ഇന്നുചേര്‍ന്ന എഐഎഫ്എഫ് യോഗത്തില്‍ ഐഎസ്എലിന് പുതിയ വാണിജ്യ പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ തീരുമാനമായില്ല. ലീഗിന്റെ ഓഹരിയില്‍ 90 ശതമാനവും ക്ലബ്ബുകൾക്ക് നൽകി, ബാക്കി എഐഎഫ്എഫിന് എന്നതാണു ക്ലബ് ഉടമകള്‍ മുന്നോട്ടുവച്ച നിർദേശം.