(FILES) England's midfielder #11 Phil Foden and England's midfielder #24 Cole Palmer celebrate at the end of the UEFA Euro 2024 semi-final football match between the Netherlands and England at the BVB Stadion in Dortmund on July 10, 2024. Cole Palmer and Phil Foden were among a number of high-profile names excluded by Thomas Tuchel from England's World Cup squad on May 22, 2026. (Photo by Kirill KUDRYAVTSEV / AFP)
തോമസ് ടുഹേല്‍ പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ നിന്ന് സുപരിചിതരായ പല പ്രമുഖ താരങ്ങളും പുറത്തായി. മധ്യനിര താരങ്ങളായ ഫിൽ ഫോഡനും കോൾ പാമറുമാണ് ടീമില്‍ ഇടംനേടാതെ പോയ പ്രമുഖർ. റയല്‍ മഡ്രിഡ് താരം ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍ണോള്‍ഡിനും ടീമില്‍ ഇടമില്ല. പത്താം നമ്പർ സ്ഥാനത്തിനായി മത്സരരംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി താരം ഫോഡനും ചെൽസി താരം പാമറും ഈ സീസണിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്നാണ് പുറത്തായത്. ഫോഡനെയും പൽമറെയും യുറഗ്വായ്, ജപ്പാൻ എന്നിവർക്കെതിരായ മാർച്ചിലെ സൗഹൃദ മത്സരങ്ങൾക്കായി കോച്ച് ടുഹേല്‍ ടീമിലുൾപ്പെടുത്തിയിരുന്നു. ഈ മത്സരങ്ങളിൽ പരീക്ഷണ ടീമുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തിളങ്ങാനായില്ല. ജപ്പാനെതിരെ 1-0ന് തോറ്റതിന് ശേഷം, മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവായതിനാൽ ഫോഡന് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാനാവില്ലെന്ന് ടൂഹൽ പറഞ്ഞിരുന്നു. അതിനുശേഷം ഫോഡൻ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. കഴിഞ്ഞ സീസണിൽ ചെൽസിക്കായി കാഴ്ചവെച്ച ഗോളടി മികവ് ആവർത്തിക്കാൻ പൽമറിനും കഴിഞ്ഞില്ല. 2025-ൽ ടുഹേൽ പരിശീലകനായ ശേഷം ഒരു തവണ മാത്രമാണ് റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് ഇംഗ്ലണ്ട് ടീമില്‍ ഇടംനേടിയത്.
ടോണിയുടെ സര്‍പ്രൈസ് എന്‍ട്രി
അതേസമയം, ഒരു വർഷമായി ദേശീയ ടീമിന് പുറത്തായിരുന്ന സ്ട്രൈക്കർ ഐവാന്‍ ടോണി അപ്രതീക്ഷിതമായി ടീമിൽ തിരിച്ചെത്തി. സൗദി പ്രോ ലീഗ് ടീം അല്‍ അഹ്്ലിക്കായി കളിക്കുന്ന ടോണി സീസണില്‍ 32 ഗോളുകള്‍ നേടിയിട്ടുണ്ട്. സൗദി ലീഗിലെ ഗോള്‍ നേട്ടത്തില്‍ റണ്ടാം സ്ഥാനത്താണ് മുപ്പതുകാരനായ ടോണി. ആസ്റ്റന്‍ വില്ല താരം ഒലി വാറ്റ്കിന്‍സും ഇംഗ്ലണ്ട് മുന്നേറ്റനിരയില്‍ ഇടംപിടിച്ചു. ആര്‍സനലിന്റെ നോനി മഡൂക്കെ, ബാര്‍സ താരം മാര്‍ക്കസ് റാഷ്ഫോഡ്, ന്യൂകാസിലിന്റെ ആന്റണി ഗോര്‍ഡന്‍ എന്നിവരും ഹാരി കെയിന്‍ നയിക്കുന്ന മുന്നേറ്റനിരയിലുണ്ട്.
മഗ്വയര്‍ OUT സ്റ്റോണ്‍സ് IN
ടീമിൽ ഇടം നേടാനാവാത്ത കളിക്കാരെ ടൂഹൽ വ്യാഴാഴ്ച ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. സമീപകാല ടൂർണമെന്റുകളിൽ ഇംഗ്ലണ്ട് പ്രതിരോധത്തിലെ സ്ഥിരം സാന്നിധ്യമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ഹാരി മഗ്വയറും ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിലും ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ച മഗ്വയറിന് ടീമിൽ സ്ഥാനം ഉറപ്പായിരുന്നുവെന്നാണ് കരുതിയിരുന്നത്. മഗ്വയറിന് പകരക്കാരനായി സീസണില്‍ എട്ടുമല്‍സരങ്ങള്‍ മാത്രം കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി താരം ജോണ്‍ സ്റ്റോണ്‍സ് ടീമില്‍ ഇടംപിടിച്ചു. മഗ്വയറുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ സഹതാരം ലൂക്ക് ഷോയെയും ടീമിൽ നിന്ന് പുറത്തായി. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മഗ്വര്‍ ഒഴിവാക്കപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ന്യൂകാസില്‍ യുണൈറ്റഡിന്റെ ലൂയിസ് ഹാളാണ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ താരം. പകരക്കാരനായി ടീമില്‍ അവസരം ലഭിച്ചത് ടോട്ടനം ഹോട്സ്പര്‍ ഫുള്‍ ബാക്ക് ജെഡ് സ്പെന്‍സിന്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും നോട്ടിങ്ങാം ഫോറസ്റ്റ് മിഡ്ഫീൽഡർ മോർഗൻ ഗിബ്സ് വൈറ്റിനും ടീമിൽ ഇടം ലഭിച്ചില്ല.
കോബി െമയ്നൂവും ലോകകപ്പിന്
എവര്‍ട്ടന്റെ ജോര്‍ഡന്‍ പിക്ഫോഡ്, ക്രിസ്റ്റല്‍ പാലസിന്റെ ഡീന്‍ ഹെന്‍ഡേഴ്സന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജെയിംസ് ട്രഫോഡ് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍. ഡെക്ലന്‍ റൈസ് നയിക്കുന്ന മധ്യനിരയില്‍ നോട്ടിങ്ങം ഫോറസ്റ്റിന്റെ എലിയറ്റ് ആന്‍ഡേഴ്സന്‍ റയല്‍ മഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ങം ആസ്റ്റന്‍ വില്ലയുടെ മോര്‍ഗന്‍ റോജേഴ്സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോബി മെയ്നൂ ആര്‍സനലിന്റെ എബരേച്ചി എസെ എന്നിവരുമുണ്ട്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റില്‍ ഗ്രൂപ്പ് എല്‍–ല്‍ ആണ് ഇംഗ്ലണ്ട്. ക്രൊയേഷ്യ, ഘാന, പാനമ എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ക്രൊയേഷ്യയ്ക്കെതിെരയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മല്‍സരം.