New York Mayor Zohran Mamdani poses with a World Cup Trophy alongside Ezequiel Cecchi, 49, after making a World Cup soccer tournament announcement at Harlem Tavern, Thursday, May 21, 2026 in New York. (AP Photo/Adam Gray)

New York Mayor Zohran Mamdani poses with a World Cup Trophy alongside Ezequiel Cecchi, 49, after making a World Cup soccer tournament announcement at Harlem Tavern, Thursday, May 21, 2026 in New York. (AP Photo/Adam Gray)

ഒരുവശത്ത് തീവിലയ്ക്ക് ലോകകപ്പിനുള്ള ടിക്കറ്റുകള്‍ ഫിഫ  വിറ്റഴിക്കുമ്പോള്‍ മറുവശത്ത് മത്സരങ്ങൾ കാണാൻ ന്യൂയോർക്ക് നഗരവാസികൾക്ക് 50 ഡോളറിന് (ഏകദേശം 4170 രൂപ) ടിക്കറ്റ് നൽകുമെന്ന് പ്രഖ്യാപിച്ച് മേയർ സൊഹ്‌റാൻ മംദാനി. നറുക്കെടുപ്പിലൂടെ 1000 ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക. ടിക്കറ്റുകൾക്കൊപ്പം സ്റ്റേഡിയത്തിലേക്ക് സൗജന്യ ബസ് യാത്രയും ഉൾപ്പെടും.  അഞ്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും രണ്ട് നോക്കൗട്ട് മത്സരങ്ങൾക്കുമായാണ് ടിക്കറ്റുകൾ വിഭജിച്ചിരിക്കുന്നത്. ഓരോ മത്സരത്തിനും 150 ടിക്കറ്റുകൾ വീതം ലഭ്യമാകും. തിങ്കളാഴ്ച്ച മുതല്‍ ന്യൂയോര്‍ക്ക് നഗരവാസികള്‍ക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടു ടിക്കറ്റുകൾ വരെ വാങ്ങാം. ടിക്കറ്റുകൾ മറ്റൊരാള്‍ക്ക് കൈമാറാൻ സാധിക്കില്ല. കരിഞ്ചന്തയിലെ വിൽപ്പന തടയുന്നതിനായി ബസിൽ കയറുന്ന സ്ഥലത്തുവച്ചായിരിക്കും വിജയികൾക്ക് ടിക്കറ്റുകൾ വിതരണം ചെയ്യുക.  ഫൈനലിന് പുറമെ, NFL ടീമുകളായ ന്യൂയോർക്ക് ജയന്റ്‌സിന്റെയും ന്യൂയോർക്ക് ജെറ്റ്‌സിന്റെയും ഹോം സ്റ്റേഡിയം, ലോകകപ്പിലെ അഞ്ച് ഗ്രൂപ്പ് മത്സരങ്ങൾക്കും രണ്ട് നോക്കൗട്ട് മത്സരങ്ങൾക്കും വേദിയാകും. ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാര്‍ ന്യൂയോര്‍ക്കില്‍ കളത്തിലിറങ്ങും.

 

 

ലോകകപ്പ് യാഥാർഥ്യമാക്കാൻ സഹായിച്ച തൊഴിലാളി വര്‍ഗത്തിന് ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം മത്സരം കാണാനാവാത്ത സാഹചര്യം ഉണ്ടാകരുതെന്ന് ഉറപ്പിക്കുകയാണ് സൊഹ്റാൻ മംദാനി. ന്യൂയോർക്കിൽ അഞ്ച് കാപ്പി കുടിക്കുന്ന പണമേ ടിക്കറ്റിന് വരുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു.  മേയര്‍  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, 15 ശതമാനം കുറഞ്ഞ നിരക്കിൽ ന്യൂയോർക്കുകാർക്ക് മത്സരങ്ങൾ കാണാൻ സൗകര്യമൊരുക്കണമെന്ന് ഫിഫയോട് മംദാനി ആവശ്യപ്പെട്ടിരുന്നു. ആവശ്യകത അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള ഫിഫയുടെ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ക്യാംപെയിനും തുടങ്ങിയിരുന്നു. ഇപ്പോള്‍ 50 ഡോളറിന്റെ  ടിക്കറ്റുകൾ ഫിഫ നേരിട്ട് നൽകുന്നവയല്ല. ന്യൂയോർക്ക്-ന്യൂജഴ്സി സംയുക്ത ലോകകപ്പ് ആതിഥേയ സമിതിക്ക് അനുവദിച്ചവയിൽ നിന്നുള്ള ടിക്കറ്റുകളാണ് സാധാരണക്കാര്‍ക്കായി നല്‍കുന്നത്.  

 

യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ടിക്കറ്റുകളുടെ താങ്ങാനാവാത്ത വില ചർച്ചാവിഷയമാണ്. ടിക്കറ്റ് വില നിരീക്ഷിക്കുന്ന ടിക്കറ്റ്ഡേറ്റ എന്ന പ്ലാറ്റ്‌ഫോമിന്റെ കണക്കനുസരിച്ച്, ന്യൂയോർക്കിലെ ഒരു ഗ്രൂപ്പ് ഘട്ട മത്സരത്തിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ശരാശരി 864 ഡോളറാണ്. ഫിഫയുടെ ഔദ്യോഗിക സംവിധാനത്തിൽ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ആയിരക്കണക്കിന് ഡോളറിനാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ന്യൂജഴ്‌സിയിൽ ജൂലൈ 19ന് നടക്കുന്ന ഫൈനൽ മത്സരത്തിലെ ഏറ്റവും മികച്ച സീറ്റുകൾക്ക് ഏകദേശം 33,000 ഡോളറാണ് വില. ഏകദേശം 31 ലക്ഷം രൂപ.  ലോകകപ്പ് ടിക്കറ്റുകളുടെ ഉയർന്ന വിലയെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ന്യായീകരിച്ചിരുന്നു.

 

ടിക്കറ്റുകളുടെ അമിതവിലയെച്ചൊല്ലി കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന്, എല്ലാ മത്സരങ്ങൾക്കും 60 ഡോളറിന്റെ ഫിഫ ലഭ്യമാക്കിയിരുന്നു. എന്നാൽ, കുറഞ്ഞ നിരക്കിലുള്ള ഈ ടിക്കറ്റുകൾ ലഭിച്ചത് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ദേശീയ ഫെഡറേഷനുകൾക്കായിരുന്നു. സ്വദേശത്തും വിദേശത്തും മുൻ മത്സരങ്ങൾ കണ്ടിട്ടുള്ള സ്ഥിരം ആരാധകർക്ക് ഇവ ഫെഡറേഷന്‍ വിതരണം ചെയ്യും.  

ENGLISH SUMMARY:

New York Mayor Zohran Mamdani has announced a special low-cost FIFA World Cup ticket initiative for city residents, offering tickets at just $50 through a lottery system. The move comes amid criticism over soaring World Cup ticket prices, with some final-match seats reportedly costing up to $33,000. The initiative also includes free bus transport and aims to make football accessible to working-class fans.