bilal-sreekumar-2

മോഡലിങ്ങിന്റെ മറവിൽ നടത്തിയ മനുഷ്യക്കടത്തിന്റെയും സെക്സ് റാക്കറ്റിന്റെയും മുഖ്യസൂത്രധാരൻ ബിലാൽ. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലേക്ക് എത്തിച്ചുള്ള സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് ബിലാലാണെന്നും യുവതികളെ എത്തിക്കുന്നതിന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കേസിൽ കൊച്ചിയിലെ ഗുണ്ട ഔറംഗസേബിനെ ചോദ്യം ചെയ്യും. 

 

ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് ബിലാൽ കേസിലെ ഒന്നാം പ്രതിയായ സിന്ധുവുമായി പരിചയത്തിലാകുന്നത്. പിന്നീട് സെക്സ് റാക്കറ്റിന്റെ പ്രവർത്തനം സജീവമായതോടെ ബിലാൽ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ബിലാൽ പ്രധാന സപ്ലൈ ഏജന്റ് എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്‌. യുവതികളെ ദുബായിൽ എത്തിക്കുന്നതിന് അനുസരിച്ച് ബിലാലിന് പണം നൽകിയെന്ന് സിന്ധു മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പണമിടപാടുകൾ നടന്നു. നിലവിലെ കേസിനസ്പദമായ സംഭവം നടക്കുമ്പോൾ ബിലാൽ ദുബായിൽ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചു. സെക്സ് റാക്കറ്റ് പ്രവർത്തിച്ചത് പൂർണമായും ദുബായ് കേന്ദ്രീകരിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. 

 

ദുബായിലേക്ക് യുവതികളെ കടത്താൻ സിന്ധുവിന്റെ മകളുടെ പേരിലുള്ള വ്യാജ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് മറയാക്കിയത്. ഇത്തരത്തിൽ എത്ര യുവതികളെ കടത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ 14 വർഷമായി താൻ ദുബായിൽ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നാണ് സിന്ധുവിന്റെ മൊഴി. ഈ ഷോകളിൽ പങ്കെടുത്ത പ്രമുഖ താരങ്ങളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു. കൊച്ചിയിലെ ഗുണ്ട ഔറംഗസേബിന് പ്രതിയായ സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പോയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ഡീലിൽ നിന്ന് പ്രതികൾക്ക് അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.  

 

കേസിലെ മൂന്നാം പ്രതിയായ അലീനയുടെയും അഞ്ചാം പ്രതി റഹ്മത്തിന്റെയും പങ്ക് വ്യക്തമാക്കുന്ന നിർണായക ശബ്ദരേഖകളും പുറത്തുവന്നു. ഇടപാടുകാരുമായി ഡീൽ ഉറപ്പിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. 

ENGLISH SUMMARY:

Police investigations into the Dubai-based sex racket operating under the cover of modelling opportunities have identified Bilal as the key mastermind behind the trafficking network. Authorities found evidence of commissions paid for sending women to Dubai and are probing links with Kochi gangster Aurangzeb. Fake event management firms, financial transactions, and crucial audio recordings have added new dimensions to the high-profile human trafficking case.