എതിരാളികളുടെ പരിശീലനം രഹസ്യമായി നിരീക്ഷിച്ച് ചാരവൃത്തി നടത്തിയതിന് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് സതാംപ്ടനെ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗായ ചാംപ്യൻഷിപ്പിന്റെ പ്ലേ ഓഫ് ഫൈനലിൽ നിന്ന് പുറത്താക്കി. അയോഗ്യരാക്കപ്പെട്ടതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സ്ഥാനവും ഏകദേശം 2200 കോടി രൂപയും സതാംപ്റ്റന് നഷ്ടമാകും.
പ്ലേ ഓഫ് ജയിക്കുന്ന ടീമിന് കുറഞ്ഞത് 2200 കോടി രൂപ ലഭിക്കുമെന്നതിനാൽ ലോകത്തിലെ ഏറ്റവും സമ്മാനത്തുകയുള്ള മത്സരം എന്നാണ് ചാംപ്യന്‍ഷിപ്പ് പ്ലേ ഓഫ് ഫൈനൽ അറിയപ്പെടുന്നത്. എതിരാളികളുടെ തന്ത്രങ്ങൾ ചോർത്തിയതിന് നിരവധി കായിക ടീമുകൾ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സതാംപ്ടണ് നിയമലംഘനത്തിന്റെ പേരിൽ നേരിടേണ്ടിവരുന്ന സാമ്പത്തിക നഷ്ടം, ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും വലുതായേക്കാം. സെമി ഫൈനലിലെ എതിരാളികളായിരുന്ന മിഡിൽസ്ബ്രോ ഉൾപ്പെടെയുള്ള മറ്റു ക്ലബ്ബുകളുടെ പരിശീലനം രഹസ്യമായി ചിത്രീകരിച്ചു എന്ന് സതാംപ്റ്റന്‍ സമ്മതിച്ചു. പ്ലേഓഫ് ഫൈനലിലെ വിജയികൾക്ക് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നതില്‍ ഈ മത്സരത്തെ 'ഫുട്ബോളിലെ ഏറ്റവും പണക്കൊഴുപ്പുള്ള മത്സരം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തുനിന്നുള്ള, 'ദ സെയ്ന്റ്സ്' എന്ന് വിളിപ്പേരുള്ള സതാംപ്ടൺ, നടപടിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.
സതാംപ്ടന്റെ ചാരവൃത്തി വാർത്ത ഫുട്ബോൾ ആരാധകരെ ഓർമിപ്പിച്ചത് 2019ലെ മറ്റൊരു സംഭവമാണ്. അർജന്റീനയുടെ ഇതിഹാസ പരിശീലകൻ മാർസെലോ ബിയൽസ പരിശീലിപ്പിച്ച ലീഡ്സ് യുണൈറ്റഡിന് 2.1 കോടി രൂപ പിഴയിട്ടിരുന്നു. ഡെർബിക്കെതിരായ ചാംപ്യൻഷിപ്പ് മത്സരത്തിനു മുൻപ് അവരുടെ പരിശീലനം നിരീക്ഷിക്കാൻ ക്ലബ്ബിലെ ഒരംഗത്തെ അയച്ചതിനായിരുന്നു ശിക്ഷ. ബിയൽസ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒരു മണിക്കൂർ നീണ്ട പത്രസമ്മേളനത്തിൽ, സീസണിൽ എല്ലാ എതിരാളികളുടെയും ഓരോ പരിശീലനമെങ്കിലും താൻ രഹസ്യമായി നിരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഏഴു വർഷങ്ങൾക്കു ശേഷം സൗത്താംപ്ടണും അതേപിഴവ് ആവർത്തിച്ചു.
രണ്ടുതവണ ശിക്ഷിക്കപ്പെട്ട ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ്
എതിരാളികളെക്കാൾ മുൻതൂക്കം നേടാനായി ടീമുകൾ ശ്രമിക്കുമ്പോൾ കായികലോകത്ത് ചാരവൃത്തിയുടെ ആദ്യ സംഭവമല്ല ഇത്. അമേരിക്കന്‍ ഫുട്ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് രണ്ടുതവണയാണ് ചാരവൃത്തിക്ക് ശിക്ഷിക്കപ്പെട്ടത്. 2007-ൽ, NFL മത്സരത്തിനിടെ ന്യൂയോർക്ക് ജെറ്റ്സിന്റെ സിഗ്നലുകൾ വിഡിയോയിൽ പകർത്തിയതിന് പാട്രിയറ്റ്സ് പിടിക്കപ്പെട്ടു. കോച്ച് ബിൽ ബെലിചിക്കിന് 4.15 കോടി രൂപയും ക്ലബ്ബിന് 2.07 കോടി രൂപയും പിഴ ചുമത്തി. 'സ്പൈഗേറ്റ്' എന്നറിയപ്പെട്ട ഈ സംഭവത്തിന് 12 വർഷങ്ങൾക്ക് ശേഷം, സിൻസിനാറ്റി ബംഗാൾസിനെതിരായ മത്സരത്തിന് ഒരാഴ്ച മുൻപ്, ക്ലീവ്‌ലൻഡ് ബ്രൗൺസുമായുള്ള മത്സരത്തിനിടെ ബംഗാൾസ് ടീമിന്റെ സൈഡ് ലൈൻ വിഡിയോ ചിത്രീകരിച്ചതായി ടീം സമ്മതിച്ചു. ഇത്തവണ പാട്രിയറ്റ്സിന് 9.14 കോടി രൂപ പിഴകിട്ടി.
ഒളിംപിക്സിലെ കാനഡയുടെ ഡ്രോൺ ചാരവൃത്തി
2024-ലെ പാരിസ് ഒളിംപിക്സിലെ ഫുട്ബോള്‍ ഉദ്ഘാടന മത്സരത്തിനു തൊട്ടുമുൻപ്, നിലവിലെ ചാംപ്യൻമാരായ കാനഡയുടെ വനിതാ ടീം ന്യൂസീലൻഡിന്റെ പരിശീലന ഗ്രൗണ്ടിന് മുകളിൽ ഡ്രോൺ പറത്തി പരിശീലനം ചിത്രീകരിച്ചു. കനേഡിയൻ കോച്ച് ബെവ് പ്രീസ്റ്റ്മാനെ ഒളിംപിക് ടീമിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും രണ്ട് സ്റ്റാഫ് അംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ഫിഫ കാനഡയ്ക്ക് 1.9 കോടി രൂപ പിഴ ചുമത്തുകയും ഒളിംപിക്സിൽ ടീമിന്റെ ആറ് പോയിന്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. എന്നിട്ടും കാനഡ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു.
സിഗ്നൽ മോഷ്ടിച്ച് ബേസ്ബോൾ ചാംപ്യൻമാർ
2020ൽ മേജർ ലീഗ് ബേസ്ബോളിനെ പിടിച്ചുകുലുക്കിയ സിഗ്നൽ മോഷണ വിവാദത്തിൽ ഹൂസ്റ്റൺ ആസ്ട്രോസ് സിംപിളായ വഴിയാണ് ഉപയോഗിച്ചത്. ഒരു ക്യാമറ, ടിവി മോണിറ്റർ, പിന്നെ ഒരു ചവറ്റുകുട്ടയും ഉപയോഗിച്ചാണ് സിഗ്നല്‍ മോഷണം നടത്തിയത്. 2017ലെ വേൾഡ് സീരീസ് കിരീടത്തിലേക്കുള്ള കുതിപ്പിനിടെ, എതിർടീമിന്റെ ക്യാച്ചറും പിച്ചറും തമ്മിലുള്ള സിഗ്നലുകൾ ആസ്ട്രോസ് മോഷ്ടിച്ചു. സെന്റർ ഫീൽഡിലെ ക്യാമറ എതിർ ടീമിന്റെ ക്യാച്ചറുടെ സിഗ്നലുകൾ പകർത്തി ഹൂസ്റ്റൺ ടീമിന്റെ ഡഗ്ഔട്ടിനടുത്തുള്ള മോണിറ്ററിലേക്ക് അയയ്ക്കും. സഹതാരങ്ങൾ ഇത് കണ്ട്, അടുത്ത പന്ത് ഫാസ്റ്റ്‌ബോളാണോ ഓഫ്‌സ്പീഡ് ആണോ എന്ന് ബാറ്റർക്ക് സൂചന നൽകാനായി ചവറ്റുകുട്ടയിൽ അടിക്കും. വിവാദത്തെത്തുടർന്ന് മാനേജർ ജനറൽ മാനേജർ എന്നിവരെ പുറത്താക്കി. ഈ വിവാദം, സിഗ്നൽ മോഷണം തടയാനുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ മേജര്‍ ലീഗ് ബേസ്ബോളിനെ പ്രേരിപ്പിച്ചു. 2022ൽ അനുമതി ലഭിച്ച 'പിച്ച്‌കോം' സംവിധാനം അങ്ങനെ പിറവിയെടുത്തു. ബേസ്ബോളില്‍ ഇപ്പോൾ ക്യാച്ചർമാർ കയ്യിലോ കാലിലോ കെട്ടിയ റിമോട്ടിലെ ബട്ടണുകൾ അമർത്തിയാണ് പിച്ചറുടെ തൊപ്പിയിലെ ഉപകരണത്തിലേക്ക് ഓഡിയോ സിഗ്നലുകൾ അയയ്ക്കുന്നത്.
F1 ട്രാക്കിലും ചാരപ്പണി; ഫെറാറിയുടെ രക്ഷകനായത് ഫോട്ടോഷോപ്പ് കടക്കാരന്‍
2007ലെ ചാരവൃത്തി വിവാദത്തില്‍ ഫോർമുല വൺ ടീമായ മക്ലാരന് ഏകദേശം 831 കോടി രൂപയാണ് പിഴയായി അടയ്ക്കേണ്ടി വന്നത്. ട്രാക്കിൽ മക്ലാരന്റെയും ഫെറാറിയുടെയും ഡ്രൈവർമാർ കിരീടത്തിനായി പോരാടുമ്പോൾ, ഫെറാരി കാറിന്റെ സാങ്കേതിക വിവരങ്ങൾ അടങ്ങിയ രഹസ്യരേഖകൾ മക്ലാരൻ ടീം അംഗങ്ങൾ കൈക്കലാക്കിയെന്ന വിവരം പുറത്തുവന്നു. വിവാദത്തിൽ അപ്രതീക്ഷിത ഹീറോയായത് ഒരു ബ്രിട്ടീഷ് ഫോട്ടോഷോപ്പ് മാനേജരായിരുന്നു. ഫെറാറി ടീമിന്റെ രേഖകളുടെ പകർപ്പെടുക്കാൻ വന്ന മക്ലാരൻ എൻജിനീയറുടെ ഭാര്യയെ തിരിച്ചറിഞ്ഞ ഇയാൾ ഫെറാറിയെ വിവരമറിയിക്കുകയായിരുന്നു. ഒടുവിൽ മക്ലാരന് കനത്ത പിഴ ചുമത്തുകയും ആ വർഷത്തെ കൺസ്ട്രക്ടേഴ്സ് ചാംപ്യൻഷിപ്പിലെ എല്ലാ പോയിന്റുകളും റദ്ദാക്കുകയും ചെയ്തു. അവസാന മത്സരത്തിൽ മക്ലാരൻ താരങ്ങളായ ലൂയിസ് ഹാമിൽട്ടനെയും ഫെർണാണ്ടോ അലോൻസോയെയും പിന്തള്ളി ഫെറാറിയുടെ കിമി റൈക്കോനൻ ഡ്രൈവേഴ്സ് കിരീടം നേടി.