വടക്കേ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി കളിക്കളത്തിലെ മോശം പെരുമാറ്റങ്ങൾ തടയാൻ ഫുട്ബോൾ നിയമങ്ങളിൽ രണ്ട് സുപ്രധാന ഭേദഗതികൾ. ഇന്റര്‍നാഷണല്‍ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (IFAB) ചൊവ്വാഴ്ച ചേർന്ന പ്രത്യേക യോഗത്തിലാണ് ഫിഫയുടെ ഭേദഗതികൾക്ക് അംഗീകാരം നൽകിയത്
പുതിയ നിയമപ്രകാരം, എതിരാളിയുമായുള്ള വാക്കുതർക്കത്തിനിടെ വാ മറച്ചുപിടിക്കുന്ന കളിക്കാർക്ക് റഫറിക്ക് ചുവപ്പുകാർഡ് നൽകാം. ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ റയൽ മഡ്രിഡിന്റെ വിനീസ്യൂസ് ജൂനിയറിനോട് ബെൻഫിക്കയുടെ അര്‍ജന്റീന താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി വംശീയ അധിക്ഷേപം നടത്തിയപ്പോള്‍ ജഴ്സി കൊണ്ട് വാ മറച്ചിരുന്നു.
ഈ സംഭവമാണ് പുതിയ നിയമഭേദഗതിക്ക് കാരണമായത്. അധിക്ഷേപത്തിൽ വികാരാധീനനായ വിനീസ്യൂസിന്റെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. സംഭവത്തിൽ പ്രെസ്റ്റിയാനിക്ക് യുവേഫ ആറ് മല്‍സരങ്ങളില്‍ വിലക്കേർപ്പെടുത്തിയിരുന്നു. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിടുന്ന കളിക്കാർക്കും ചുവപ്പുകാർഡ് നൽകാൻ പുതിയ ഭേദഗഗതി അധികാരം നൽകുന്നു. കളിക്കാരെ കളം വിടാൻ പ്രേരിപ്പിക്കുന്ന ടീം ഒഫീഷ്യലുകൾക്കും ഈ നിയമം ബാധകമാകും.
സെനഗലും മൊറോക്കോയും തമ്മിലുള്ള ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫൈനലിലെ നാടകീയ രംഗങ്ങളാണ് നിയമമാറ്റത്തിന് വഴിയൊരുക്കിയത്. മൊറോക്കോയ്ക്ക് പെനൽറ്റി കിക്ക് ലഭിച്ചതിനെതിരെ രംഗത്തെത്തിയ സെനഗൽ താരങ്ങൾ റഫറിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പിന്നാലെ മല്‍സരം ബഹിഷ്കരിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു.
ഇതോടെ 15 മിനിറ്റോളം കളി തടസ്സപ്പെട്ടു. സീനിയർ താരം സാദിയോ മാനെ ഇടപെട്ടാണ് സെനഗൽ താരങ്ങളെ തിരികെ ഗ്രൗണ്ടിൽ എത്തിച്ചത്. ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകളെയും ഈ മാറ്റങ്ങളെക്കുറിച്ച് വരും ആഴ്ചകളിൽ അറിയിക്കും. ജൂൺ 11-ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മല്‍സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്.