Image Credit: AFP (Left), AP (right)

പശ്ചിമേഷ്യന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഫുട്ബോള്‍ ലോകകപ്പിന് ഇറാനുണ്ടാവില്ലെന്നും പകരക്കാരായി ഇറ്റലിയെ ക്ഷണിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍ദേശത്തിനെതിരെ പൊട്ടിത്തെറിച്ച് ഇറ്റലിയുടെ കായിക മന്ത്രാലയം. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ട്രംപ് ഇതിന് മുതിര്‍ന്നതെന്ന് യുഎസ് ഉന്നതന്‍ പൗലോ സാംപോലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനൊയോടും ട്രംപ് ഇക്കാര്യം സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

എപിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സാംപോലി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ അഭ്യര്‍ഥന അല്ല താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'എനിക്കൊരു സ്വപ്നമുണ്ട്. ഇറ്റലിയിലെ ജനങ്ങളോടും അമേരിക്കന്‍–ഇറ്റലിക്കാരോടുമാണ് എന്‍റെ അഭ്യര്‍ഥന. ഇറാന് പകരം ലോകകപ്പിനെത്തുന്നത് ആലോചിക്കണം' എന്നായിരുന്നു അത്. രൂക്ഷമായ ഭാഷയിലാണ് ഇറ്റലി ഇതിനെതിരെ പ്രതികരിച്ചത്. ' ഒന്നാമത് അത് നടക്കാന്‍ പോകുന്നില്ല. രണ്ടാമത് അതൊരു നല്ല കീഴ്​വഴക്കവുമല്ല' എന്നായിരുന്നു ഇറ്റലിയുടെ കായിക മന്ത്രി ആന്‍ഡ്രിയ അബോഡിയുടെ മറുപടി. ഇറ്റലിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്നായിരുന്നു ഇറ്റാലിയന്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് ലൂസിയാനോ ബോണ്‍ഫിഗിലിയോയുടെ പ്രതികരണം. നാണംകെട്ട വര്‍ത്തമാനമാണ് ട്രംപിന്‍റേതെന്ന് വിമര്‍ശിക്കാന്‍ ഇറ്റലിയുടെ ധനകാര്യമന്ത്രി മടിച്ചതുമില്ല. 

ഇറാന്‍ താരങ്ങളെ യുഎസില്‍ പ്രവേശിപ്പിക്കുമോയെന്ന് ട്രംപിനോട് ചോദ്യം ഉയര്‍ന്നപ്പോള്‍ 'താന്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല' എന്നായിരുന്നു ട്രംപിന്‍റെ മറുപടി.  ആലോചിച്ചിട്ട് പറയാമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസില്‍ ആരും അവരോട് വരരുതെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റുബിയോയുടെ പ്രതികരണം. 'പ്രശ്നം കളിക്കാര്‍ക്കല്ല, ഇറാനാണ്. കളിക്കാര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെന്നും പരിശീലകരെന്നുമുള്ള പേരില്‍ സൈന്യത്തിന്‍റെ ആളുകളെയാകും അവര്‍ കൊണ്ടുവരിക. അവരെ അനുവദിക്കാന്‍ കഴിയില്ല' എന്നും റുബിയോ വിശദീകരിച്ചു.

ലോകകപ്പിന് ഇക്കുറി ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നാണ് ഇറാന്‍. ഇറ്റലിയാവട്ടെ തുടര്‍ച്ചയായ മൂന്നാം തവണയും യോഗ്യത നേടാതെ പുറത്തായി. വലിയ വിവാദമാണ് ലോകകപ്പ് യോഗ്യത നേടാനാവാതെ ടീം പുറത്തായതിന് പിന്നാലെ ഇറ്റലിയില്‍ ഉയര്‍ന്നതും. 

ENGLISH SUMMARY:

Italy has reacted furiously to US President Donald Trump's suggestion of replacing Iran with the Italian national team for the 2026 FIFA World Cup. Following tensions in the Middle East, high-ranking US officials hinted at barring Iran and inviting Italy to bridge diplomatic ties with PM Giorgia Meloni. Italy’s Sports Minister Andrea Abodi and Olympic Committee officials called the proposal "insulting" and a "shameful" precedent, maintaining that Italy will not enter the tournament through the back door after failing to qualify on the field.