ഒരു മാസത്തെ ഇടവേളക്ക് ശേഷം കളത്തില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഡബിളടിച്ച് തിരിച്ചുവരവ് ആഘോഷമാക്കി. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ നജ്മയെ 5–2നാണ് അല്‍ നസര്‍ തോല്‍പിച്ചത്. സാദിയോ മാനെയും ഇരട്ടഗോള്‍ നേടി.
ഫെബ്രുവരി മുതൽ പരുക്കിനെത്തുടർന്ന് പുറത്തായിരുന്ന പോർച്ചുഗീസ് താരത്തിന് അൽ നസ്റിന്റെ കഴിഞ്ഞ രണ്ട് ലീഗ് മത്സരങ്ങളും, കഴിഞ്ഞ മാസം മെക്സിക്കോയ്ക്കും യുഎസ്നും എതിരായ പോർച്ചുഗലിന്റെ സൗഹൃദ മത്സരങ്ങളും നഷ്ടമായിരുന്നു. സൗദി പ്രോ ലീഗിലെ അവസാനസ്ഥാനക്കാരായ അൽ നജ്മയോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ആയിരുന്നു അല്‍നസറിന്റെ വിജയക്കുതിപ്പ്. അബ്ദുല്ല അൽ ഹംദാനിലൂടെയും സാദിയോ മാനെയിലൂടെയും അല്‍നസര്‍ ഗോളുകൾ മടക്കി ശക്തമായി തിരിച്ചടിച്ചു.
56-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ തിരിച്ചുവരവ് ആഘോഷമാക്കി. പിന്നാലെ 73-ാം മിനിറ്റിൽ റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും നേടി. കരിയറിലാകെ 967 ഗോളുകളുമായി ആയിരം ഗോള്‍ നേട്ടത്തിലേക്ക് റൊണാള്‍ഡോ ഒരുപടികൂടി അടുത്തു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ മാനെ ഗോൾ പട്ടിക പൂർത്തിയാക്കി ടീമിന്റെ വിജയം ഉറപ്പിച്ചു. ലീഗിലെ തുടർച്ചയായ 13-ാം ജയത്തോടെ അൽ നസ്ർ 70 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.