kai-rooney

Image: instagram.com/kairooney.10

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ തന്റെ പേരുറപ്പിച്ച് മുന്നേറുകയാണ് ഇതിഹാസതാരം വെയ്ന്‍ റൂണിയുടെ മകന്‍ കായ് റൂണി. ഒറ്റ ദിവസം രണ്ട് വ്യത്യസ്ത പ്രായവിഭാഗങ്ങളിലുള്ള ടീമുകൾക്കായാണ് കളത്തിലിറങ്ങിയ 16കാരന്‍ മൂന്നുഗോളും രണ്ട് അസിസ്റ്റുമാണ് അടിച്ചുകൂട്ടിയത്. അണ്ടർ 16, അണ്ടർ 18 ടീമുകൾക്കായാണ് ഇന്ന് കളത്തിലിറങ്ങിയത്. അണ്ടർ 16 ടീമിനായുള്ള മല്‍സരത്തിന്റെ ആദ്യ പകുതിയിൽ, രണ്ട് ഗോളുകൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മല്‍സരശേഷം നേരെ പോയത് അണ്ടര്‍ 18 മല്‍സരഗ്രൗണ്ടിലേക്ക്. രണ്ടാം പകുതിയില്‍ അണ്ടര്‍ 18 ടീമിനായി കളത്തിലിറങ്ങിയ കായ് ഒരു ഗോളും നേടി.

വെയ്ൻ റൂണിയുടെ നാലുമക്കളില്‍ മൂത്തയാളാണ് കായ്. ഗോള്‍പോസ്റ്റിന് മുന്നില്‍ തികഞ്ഞ സംയമനവും ആക്രമണ വാസനയുകൊണ്ടാണ് താരം ശ്രദ്ധേയനാകുന്നത്. പിതാവുമായുള്ള താരതമ്യങ്ങൾ സ്വാഭാവികമാണെങ്കിലും, യുണൈറ്റഡ് അക്കാദമിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് യുവതാരം.

പത്താം വയസിലാണ് കായ് റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയില്‍ എത്തുന്നത്. അണ്ടര്‍ 11 ടീമിനായി ഹാട്രിക് നേടിയാണ് വരവറിയിച്ചത്. സ്റ്റോക് സിറ്റിയെ 6–3നു തകർത്ത മല്‍സരത്തിലായിരുന്നു മികവ്. ഹാട്രിക് നേടിയതിനൊപ്പം അന്ന് 3 ഗോളുകള്‍ക്ക് വഴിയൊരുക്കുക കൂടി ചെയ്തതോടെ കുഞ്ഞു റൂണിയുടെ വരവ് വന്‍ ആരാധക ശ്രദ്ധേ നേടി.

സീനിയര്‍ ടീമിലേക്കും കായ് റൂണിയുെട വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. പ്രീമിയര്‍ ലീഗ് അരങ്ങേറ്റത്തില്‍ അച്ഛന്‍ വെയിന്‍ റൂണിയുടെ റെക്കോര്‍ഡ് ഏതായാലും കായ് റൂണിക്ക് മറികടക്കാനാകില്ല. എവര്‍ട്ടനായി അരങ്ങേറുമ്പോള്‍ വെയിന്‍ റൂണിക്ക് പ്രായം 16 വയസായിരുന്നു. രണ്ടുമാസത്തിനകം ആര്‍സനലിനെതിരായ മല്‍സരത്തില്‍ 30 വാര അകലെ നിന്ന് നേടിയ ഗോളോടെ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റഡാറിലെത്തി. 18ാം വയസില്‍ യുണൈറ്റഡ് സ്വന്തമാക്കിയ വെയിന്‍ റൂണി ചുവന്ന ചെകുത്താന്‍മാര്‍ക്കായി  559 മല്‍സരങ്ങളില്‍ നിന്ന് 253 ഗോളുകള്‍ നേടി.

ENGLISH SUMMARY:

Wayne Rooney's eldest son, Kai Rooney (16), creates waves in Manchester United Academy by scoring 3 goals and providing 2 assists across two different age groups in a single day. Playing for both U16 and U18 teams, the young striker displayed clinical finishing similar to his legendary father. While he missed out on breaking Wayne's record for the youngest PL debut, Kai is emerging as a top prospect for the Red Devils.